മലയാളസിനിമയില്‍ നമുക്ക് ചുറ്റുമുള്ള കഥാപാത്രങ്ങളെ തന്മയത്വത്തോടെ അഭിനയിച്ചു പ്രതിഫലിപ്പിച്ച പ്രതിഭാധനനായ നടനായിരുന്നു ശങ്കരാടിച്ചേട്ടന്. മലയാളസിനിമയില്‍ റിയലിസ്റ്റിക്കിന് തുടക്കം കുറിച്ചതും അദ്ദേഹമാണ്. ശങ്കരാടി, കുതിരവട്ടം പപ്പു, ഒടുവില്‍ ഉണ്ണികൃഷ്ണന് തുടങ്ങി ചുരുക്കം ചില നടന്മാര്ക്ക് മാത്രമേ ഈ പ്രത്യേക ശൈലിയുടെ അഭിനയചാരുത ചാര്ത്തികൊടുക്കാനാകൂ. ശങ്കരാടിച്ചേട്ടനെ എനിക്കു പരിചയപ്പെടുത്തിത്തരുന്നത് സംവിധായന് ജെ.സിയാണ്. അന്നു ഞാന്‍ സിനിമാ തിരക്കഥാകാരനായിട്ടില്ല. ‘ചിത്രപൗര്‍ണമി’ സിനിമാവാരിക നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ കഥയെഴുതി ഐ.വി. ശശി സംവിധാനം ചെയ്ത എന്റെ ആദ്യചിത്രമായ ‘അനുഭവങ്ങളെ നന്ദി’യില്‍ ശങ്കരാടിച്ചേട്ടനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സെറ്റില്‍ എല്ലാവരോടും വളരെ അടുത്തിടപെടുന്ന ശങ്കരാടിച്ചേട്ടന് അങ്ങനെ എന്റെയും ഉറ്റ സുഹൃത്തായി. മലയാള സിനിമാലോകത്തെ ആ കാരണവര്‍ എനിക്ക് ഗുരുതുല്യനായി.
~ഒരുവിളിപ്പാടകലെ, താറാവ്, ഇവിടെ എല്ലാവര്ക്കും സുഖം, കാസര്‍കോട് കാദര്‍ഭായ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനായിട്ടുണ്ട്. സ്നേഹസമ്പന്നനായ ശങ്കരാടിച്ചേട്ടന് നല്ലൊരു പിശുക്കനും കൂടിയായിരുന്നു. സ്വല്പം ‘സ്മോള്‍’ അടിക്കുന്ന പ്രകൃതക്കാരനായ അദ്ദേഹം പലപ്പോഴും കഥയെഴുതുന്ന തിരക്കിനിടയില്‍ എന്നെക്കാണാന്‍ വരാറുണ്ടായിരുന്നു. ഒരിക്കല്‍, ’80-82 കാലഘട്ടത്തിലാണെന്ന് തോന്നുന്നു ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനുവേണ്ടി ഞാനുമൊന്നിച്ച് കാറില്‍ വരുമ്പോള്‍ നല്ല ‘ഫോമിലായിരുന്ന’ ശങ്കരാടിച്ചേട്ടന് കോണ്‍ഗ്രസ് നേതാവ് സേവ്യര്‍ അറക്കലിന്റെ വിജയത്തെത്തുടര്‍ന്ന് മുദ്രാവാക്യം മുഴക്കി വരുന്ന പ്രവര്‍ത്തകര്‍ കേള്‍ക്കെ ഉച്ചത്തില്‍ ഇന്ദിരാഗാന്ധിക്കെതിരെ എന്തോ വിളിച്ചു പറഞ്ഞു. പ്രവര്‍ത്തകര്‍ കേള്‍ക്കുമെന്ന് ഭയന്ന് ഞാന്‍ അദ്ദേഹത്തിന്റെ വായപൊത്തി പിടിച്ചു. എന്നിട്ടും ശങ്കരാടിച്ചേട്ടന് അടങ്ങിയില്ല. ഒരു വിധത്തിലാണ് അദ്ദേഹത്തെ ഊടുവഴിയിലൂടെ ഞാന്‍ കൊണ്ടുപോയി രക്ഷപ്പെടുത്തിയത്. പിന്നീട് അദ്ദേഹം പറയുമായിരുന്നു നിങ്ങള്‍ അന്നങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ അവരുടെ അടിക്കൊണ്ട് ഞാന്‍ ചത്തുപോയേനെ. (ശങ്കരാടിച്ചേട്ടന് കമ്മ്യൂണിസ്റ്റുകാരനായിരുന്നുവെന്നത് പരസ്യമായ രഹസ്യം).
ഹാസ്യത്തില്‍ ഡയലോഗുകളേക്കാള്‍ ശങ്കരാടിച്ചേട്ടന് പ്രാധാന്യം കൊടുത്തത് റിയാക്ഷനായിരുന്നു. സിദ്ദിക്ക് ലാല്‍ ചിത്രമായ ഗോഡ്ഫാദറില് ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ ഹാസ്യാഭിനയം പ്രേക്ഷകശ്രദ്ധ നേടി. വിയറ്റ്നാം കോളനി, മിന്നാരം, പപ്പയുടെ സ്വന്തം അപ്പൂസ്, കാബൂളിവാല,കാസര്‍കോട് കാദര്‍ഭായ്, കരകാണാക്കടല്‍ തുടങ്ങിയ ചിത്രങ്ങളിലും ഹാസ്യതാരമെന്ന നിലയില്‍ അദ്ദേഹം പ്രേക്ഷകശ്രദ്ധനേടി.
മുണ്ടിന്റെ കോന്തല കക്ഷത്തുവെച്ച് സാധാരണക്കാരനായി സിനിമയില്‍ ജീവിച്ച അദ്ദേഹത്തെത്തേടി നല്ല സ്വഭാവനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് പലതവണയെത്തിയിട്ടുണ്ട്. മലയാളസിനിമാലോകത്തിന് നികത്താനാവാത്ത നഷ്ടം നല്‍കിക്കൊണ്ടാണ് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശങ്കരാടിചേട്ടന്‍ നമ്മെ വിട്ടുപിരിഞ്ഞത്. ഇത്രയും അനുഗൃഹീതനായ ഒരു നടന് മരിച്ചിട്ട് പത്ത് വര്‍ഷം കഴിഞ്ഞിട്ടും അദ്ദേഹത്തെക്കുറിച്ച് ഒരു വാക്ക് എഴുതുവാനോ പറയുവാനോ ഒരു മാധ്യമവും ഉണ്ടായില്ലെന്നോര്ക്കുമ്പോള് വളരെ ദുഃഖം തോന്നുകയാണ്. വര്‍ഷംതോറും പലരുടേയും ചരമദിനം ആഘോഷപൂര്‍വ്വം ആചരിക്കുമ്പോള്‍ ശങ്കരാടിയെപ്പോലുള്ള വലിയ നടനെ മറക്കുന്നത് ഖേദകരം തന്നെ.
കലൂര്‍ ഡെന്നിസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: