മാര്ജാരം എന്നാല്‍ പൂച്ച എന്നാര്‍ഥം. പൂച്ച ഉറക്കമുണര്‍ന്നാല്‍ ഉടനെ അത് നട്ടെല്ല് മുഴുവന്‍ പൊക്കി വളച്ചു പിടിച്ചുകൊണ്ട് അല്പസമയം നില്ക്കും. അതുപോലെ തന്നെ കൈകള്‍ മുന്പിലേക്കു നീട്ടി നട്ടെല്ലു നിവര്‍ത്തുകയും ചെയ്യും. ഇങ്ങനെ രണ്ടു മൂന്നു പ്രാവശ്യം കാണിച്ചിട്ടേ അത് സ്ഥലം വിടുകയുള്ളൂ. പൂച്ചയുടെ ഈ സമ്പ്രദായത്തെ അനുകരിച്ചാണ് മാര്‍ജാരി ആസനം സംവിധാനം ചെയ്തിരിക്കുന്നത്.
മാര്‍ജാരി ആസനം അഭ്യസിക്കുന്നതിലൂടെ കഴുത്തിനും തോളുകള്‍ക്കും നട്ടെല്ലിനും അയവ് കിട്ടുന്നു. സ്ത്രീകളുടെ ആര്‍ത്തവസംബന്ധമായ പല ന്യൂനതകള്‍ക്കും ഈ ആസനം വളരെ ഫലപ്രദമാണ്. മാര്‍ജാരി ആസനം പരിശീലിക്കുന്നവര്‍ക്ക് നടുവേദനയോ സ്ലീപ്ഡ് ഡിസ്കോ ഉണ്ടാകാന്‍ സാധ്യതയില്ല. കൂടാതെ ദഹനശക്തി വര്‍ധിക്കുകയും ശബ്ദശുദ്ധി ഉണ്ടാവുകയും ചെയ്യും. ഉദരാന്തര്‍ഭാഗത്തുള്ള സകല അവയവങ്ങള്‍ക്കും നല്ല വ്യായാമം ലഭിക്കുന്നു.
ചെയ്യേണ്ട വിധം
1) വജ്രാസനത്തിലിരിക്കുക. ഇനി കാല്‍മുട്ടുകളില്‍ നില്ക്കുക. അടുത്തതായി കുട്ടികള്‍ ആന കളിയ്ക്കാന്‍ നില്ക്കുന്നതു പോലെ കൈകള്‍ കുത്തി നില്ക്കുക. അതാതുവശങ്ങളിലെ ഉയരങ്ങള്‍ക്കു താഴെ, കാല്‍മുട്ടുകള്‍ക്ക് നേരെ മുന്‍പിലായി കൈകള്‍ വിരലുകള്‍ ഒതുക്കിപ്പിടിച്ച് കമഴ്ത്തി വയ്ക്കുക. കൈകാലുകള്‍ നെടുകെ നിവര്‍ത്തണം. ചാഞ്ഞും ചരിഞ്ഞും ആകരുത്. ഈ നിലയില്‍ നേരെ നോക്കി നില്ക്കുക.
2) ഇനി, മൂക്കില്‍ കൂടി ഒറ്റയടിക്ക് ശ്വാസം വലിച്ചെടുക്കുന്നതോടൊപ്പം തല പുറകോട്ട് വളച്ച് മുകളിലേക്കു നോക്കുക. അതോടുകൂടി നട്ടെല്ലും ഞെളിച്ച് ചന്ദ്രക്കലയുടെ മാതിരി ആക്കുക. നട്ടെല്ലില്‍ മനസ് ഉറപ്പിച്ചുകൊണ്ട് പരമാവധി ഞെളിയുക. (മൂക്കില്‍ കൂടി പെട്ടെന്ന് ശ്വാസം എടുക്കുക. തല പുറകോട്ടെടുത്ത് മുകളിലേയ്ക്കു നോക്കുക. നട്ടെല്ല് പരമാവധി ഞെളിയിക്കുക. ഈ മൂന്നു കാര്യങ്ങളും ഒപ്പം നടക്കേണ്ടതാണ്)
3) അരസെക്കന്റ് ആ നിലയില്‍ നിന്നിട്ട് തലകുനിച്ച് കൈകളുടെ മധ്യത്തിലേക്കെടുത്ത് ഒറ്റയടിക്ക് വായ് മുഴുവന്‍ തുറന്ന്, ശ്വാസം വിടുക, വായ്മൂടുക, നട്ടെല്ല് ‘റ’ പോലെ പൊക്കി പരമാവധി വളയ്ക്കുക. അരസെക്കന്ഡ് അതേവിധം നിന്നിട്ട് വീണ്ടും മൂക്കില്‍കൂടി ശ്വാസം എടുത്തുകൊണ്ട് തല പുറകോട്ട് എടുത്ത് നട്ടെല്ല് ആദ്യത്തെപ്പോലെ ചന്ദ്രക്കല രൂപത്തില്‍ ഞെളിയ്ക്കുക. ഇടതടവില്ലാതെ നിര്‍ത്താതെ ഇത് ഏതാനും പ്രാവശ്യം നടന്നുകൊണ്ടിരിക്കണം.
4) കൈകാലുകള്‍ തൂണുപോലെ ഇളകാതെ ഉറച്ചിരിക്കണം. കൈമുട്ടുകള്‍ വളയാന്‍ പാടില്ല. നട്ടെല്ല് പൊക്കിവളയ്ക്കുമ്പോള് ഉള്ളം കൈകള്‍ നിലത്ത് അമര്‍ത്തി നെഞ്ചിന്റെ പുറകുഭാഗം കൂടി കഴിയുന്നത്ര ഉയര്‍ത്താന്‍ ശ്രമിക്കണം.
5) ഒറ്റയടിക്ക് ശ്വാസം വിട്ടുകൊണ്ട് നട്ടെല്ല് പൊക്കി വളയ്ക്കുമ്പോള്‍ വയറു മുഴുവന്‍ ചൊട്ടി മുകളിലേയ്ക്ക് പോകുന്നതാണ്.
പരിശീലിയ്ക്കാന്‍ തുടങ്ങുമ്പോള്‍ ഓരോ നിലയും നിര്‍ത്തി നിര്‍ത്തി അഭ്യസിച്ച് പഠിക്കുക. ചെയ്യേണ്ട വിധമെല്ലാം പരിശീലിച്ച് കഴിഞ്ഞാല്‍ ഒരു മിനിറ്റില്‍ അഞ്ചോ പത്തോ തവണ മാര്‍ജാരി ആസനം ചെയ്യാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: