വശീകരണമോ ശത്രുനാശമോ ലക്ഷ്യമാക്കി, ആഹാരസാധനങ്ങളിലോ പാനീയങ്ങളിലോ രഹസ്യമായി ചേര്‍ത്തുനല്‍കുന്ന മന്ത്രബദ്ധമായ മരുന്നാണ് കൈവിഷം. വശ്യം, ലാഭം, അടിപെടുത്തല്‍, ദ്രോഹം – വിവിധോദ്ദേശ്യങ്ങള്‍ക്കായി ഇത് ചെയ്യുന്നുണ്ട്. പലഹാരത്തിലോ, പഴത്തിലോ, മറ്റേതെങ്കിലും ആഹാരപദാര്‍ത്ഥത്തിലോ ചേര്‍ത്ത് സൂത്രത്തിലാണിത് നല്‍കുക. പ്രതിമന്ത്രവാദത്താലും ഔഷധത്താലും ഛര്‍ദ്ദിപ്പിച്ചുകളയുന്നതുവരെ എന്തു ചികിത്സയാലും ശമിക്കാത്ത ഗദാസ്വസ്ഥകളുണ്ടാക്കി ആ സാധനം ഉദരത്തില്‍ സ്ഥിതിചെയ്യും. ‘കടുകുമണിയോളമുള്ള ‘കൈവിഷം’ വയറ്റില്‍ പറ്റിപ്പിടിച്ചുകിടന്ന് വളരും’ ഇതാണ് കൈവവിഷത്തെപ്പറ്റിയുള്ള വിശ്വാസം.
കൈവിഷ ദോഷശാന്തിക്ക് നിരവധി മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. പഞ്ചഗവ്യഘൃതം സേവിക്കുകയാണ് ഒരു പ്രധാന മാര്‍ഗം. നീല കണ്ഠത്ര്യക്ഷരിമന്ത്രം ജപിച്ച് ശക്തിവരുത്തിയ ഘൃതമാണ് വിധിപ്രകാരം സേവിക്കേണ്ടത്. കക്കാട് നാരായണന്‍ നമ്പൂതിരി രചിച്ച മാത്രിക തന്ത്രം എന്ന ഗ്രന്ഥത്തില്‍ കൈവിഷദോഷശാന്തിക്ക് ഒരു പ്രയോഗം കാമുന്നു: ‘വെള്ളത്താര്‍ താവല്‍ എന്ന മരുന്ന് ചതച്ച് പിഴിഞ്ഞനീര്‍ ഒഴക്ക്, ഒഴക്കുപാല്‍ (അപ്പോള്‍ കറന്നെടുത്ത ചൂടോടെ) രണ്ടുകൂടി കൂട്ടി ഈ മന്ത്രം 108 ഉരു ജപിച്ച് പ്രഭാതത്തില്‍ സേവിക്കുക. എന്നാല്‍ ഉച്ചയ്‌ക്കുമുന്‍പായി ആ വിഷം ഛര്‍ദ്ദിച്ചുപോവും. ഛര്‍ദിയില്‍ വിഷം കാണാം.
ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയ്‌ക്ക് സമീപം തിരുവിഴ ക്ഷേത്രത്തില്‍ കൈവിഷദോഷശാന്തിക്ക് ചികിത്സയുള്ളത് പ്രസിദ്ധമാണ്. ഈ ചികിത്സാ രീതിയെക്കുറിച്ച് നവമി ക്ഷേത്രവിജ്ഞാനകോശത്തില്‍ ഇപ്രകാരം പറയുന്നുണ്ട്. ‘ഈ പ്രദേശത്തുമാത്രം കാണുന്ന ഒരു ചെറുചെടി സമൂലം ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് പാലില്‍ ചേര്‍ത്ത് ഒരു ഓട്ടുമൊന്തയിലാക്കി പന്തീരടിസമയത്ത് പൂജിച്ച് രോഗിക്ക് നല്‍കുന്നു. പഞ്ചസാരയിടാതെയും കാച്ചാതെയും എടുക്കുന്ന ശുദ്ധമായ നാഴി പശുവിന്‍പാലില്‍ ഒരുതുടം മരുന്ന് നീരാണ് ചേര്‍ക്കുന്നത്.
ദക്ഷിണ നല്‍കി മരുന്നുവാങ്ങി ആനപ്പന്തലില്‍ ദേവന് അഭിമുഖമായിരുന്നാണ് മരുന്ന് സേവിക്കേണ്ടത്. ഒറ്റയിരുപ്പില്‍ അത് കുടിച്ചശേഷം ക്ഷേത്രത്തില്‍ നിന്നും ചെറുചൂടുവെള്ളവും നല്‍കും. ചിലര്‍ ഒന്നുരണ്ട് പ്രദക്ഷിണം കഴിയുമ്പോള്‍ ഛര്‍ദ്ദിച്ചുതുടങ്ങും. ശക്തിയേറിയ കൈവിഷബാധയേറ്റവര്‍ പലവട്ടം പ്രദക്ഷിണം ചെയ്തശേഷമേ ഛര്‍ദ്ദിക്കുകയുള്ളൂവെന്ന് വിശ്വാസം.
ഡോ. കെ.ബാലകൃഷ്ണവാര്യര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക