മുംബൈ: നാലുമാസം പ്രായം മാത്രമേ വിദിഷയ്ക്കുള്ളു. എന്നാല്‍ ‘അമാനുഷിക കുഞ്ഞ്’ എന്നാണിപ്പോള്‍ അറിയപ്പെടുന്നത്.
വിദിഷയുടെ വീട് കഴിഞ്ഞ രണ്ട് മാസമായി ആശുപത്രി തന്നെയാണ്. ഹൃദയത്തിന് വലിയ തകരാറോടുകൂടിയാണ് ജനിച്ചത്. ഇതിനിടയില്‍ ആറ് വലിയ ഹൃദയാഘാതങ്ങളെ ഈ കുഞ്ഞ് അതിജീവിച്ചു. ഹൃദയത്തിന്റെ തകരാര്‍ മാറ്റുന്നതിനായി പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയും ആവശ്യമായി വന്നു.
കല്യാണ്‍ സ്വദേശികളായ വിശാഖ, വിനോദ് വാഗ്മയര് ദമ്പതികളുടെ മകളാണ് വിദിഷ. ചികിത്സയ്ക്ക്ശേഷം ബിജെ വാഡിയ ആശുപത്രിയില്‍ നിന്നു വീട്ടിലെത്തി. അഞ്ച് ലക്ഷം രൂപയായിരുന്നു അശുപത്രി ബില്‍. ഇവരുടെ കൈവശമാകട്ടെ 25000 രൂപ മാത്രമെ ഉണ്ടായിരുന്നുള്ളു. ഹൃദയാലുക്കളായ ആളുകളുടെ സഹായത്തോടെയാണ് ആശുപത്രി ബില്ലടച്ചത്.
കുഞ്ഞിന് 45 ദിവസമായപ്പോഴാണ് മാരകരോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്. ഛര്‍ദ്ദിയും അബോധാവസ്ഥയുമായിരുന്നു തുടക്കത്തില്‍. ഇതാവര്‍ത്തിച്ചപ്പോള്‍ തൊട്ടടുത്ത നഴ്സിങ്ഹോമില് കൊണ്ടുപോയി. തുടര്‍ന്ന് ഇവരുടെ ഉപദേശപ്രകാരമാണ് ബിജെ വാഡിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മാര്‍ച്ച് 14ന് പന്ത്രണ്ടു മണിക്കൂര്‍ നേരം ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം ഹൈവെന്റിലേറ്റര് ഫ്രീക്വന്സിയിലുടെ ശ്വാസനില സാധാരണനിലയില്‍ എത്തിക്കുകയായിരുന്നുവെന്ന് കുട്ടികളുടെ ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. സുരേഷ് റാവു പറഞ്ഞു.
















