ലക്‌നൗ: മുത്തലാഖ് വിഷയത്തിൽ സുപ്രീം കോടതി ഇന്ന് വിധി കേൾക്കാനിരിക്കെ വാരണാസിയിലെ ഒരു കൂട്ടം മുസ്ലീം വനിതകൾ ഹനുമാൻ ക്ഷേത്രത്തിൽ ചാലിസ ഭജനം ആലപിച്ചു. മുത്തലാഖ് നിർത്തലാക്കണമെന്ന പ്രാർത്ഥനയോടെയാണ് ഇവർ ഹനുമാൻ ക്ഷേത്രത്തിൽ ഭജന നടത്തിയത്.
തങ്ങൾ മുത്തലാഖ് നിർത്തലാക്കാൻ ഹനുമാൻ സ്വാമിയോട് പ്രാർത്ഥിക്കുകയാണ്, മുത്തലാഖ് എന്ന ദുരാചാരം തങ്ങളുടെ ജീവിതത്തിൽ നാശം വിതയ്‌ക്കുകയാണ്. ഇതിൽ നിന്നും മുക്തി നേടാൻ ഹനുമാൻ സ്വാമിയോട് മനമുരുകി പ്രാർത്ഥിക്കുകയാണ്, അള്ളാഹുവും ഹനുമാൻ സ്വാമിയുമെല്ലാം ഒരേ ശക്തിയാണ്, തങ്ങൾ ഇതിനെ വിശ്വസിക്കുന്നുവെന്ന് ഭജനയ്‌ക്ക് നേതൃത്വം നൽകിയ യുവതി പറഞ്ഞു.
മുത്തലാഖിന്റെ പേരിൽ ജീവിതം നഷ്ടപ്പെട്ട നഗ്‌മക്കും പറയാനുള്ളത് ഏറെ ദുരിതം നിറഞ്ഞ കഥയാണ്. മുത്തലാഖിനു ശേഷം നഗ്‌മയ്‌ക്കും മകൾക്കും ഭർത്താവ് ജീവിത ചിലവുകൾ വഹിക്കാനുള്ള പണം പോലും നൽകുന്നില്ല. തന്നെപ്പോലെ ആയിരക്കണക്കിന് മുസ്ലീം യുവതികൾക്ക് ജീവിതം നഷ്ടപ്പെട്ടിട്ടുണ്ട്. ഇവർക്കെല്ലാം നീതി ലഭിക്കണമെങ്കിൽ മുത്തലാഖ് എന്ന ദുരാചാരം ഇല്ലാതാകണം- നഗ്‌മ വ്യക്തമാക്കി
















