കൊടുങ്ങല്ലൂര്‍: കാവില്‍ക്കടവ് ലാന്റിംഗ് പ്ലേസില്‍ പുനരധിവാസ പദ്ധതി നടപ്പിലാക്കാനാകാത്ത നഗരസഭ എല്‍ഡിഎഫ് ഭരണസമിതി നിര്‍ധനരായ ഗുണഭോക്താക്കളെ പഴിചാരി അപഹാസ്യരാകുന്നു. ചേരിനിര്‍മ്മാര്‍ജനത്തിനറെ ഭാഗമായി നിര്‍മ്മാണം തുടങ്ങിയ ഫ്‌ളാറ്റ് പൂര്‍ത്തിയാക്കാന്‍ നഗരസഭക്ക് കഴിഞ്ഞില്ല.
വര്‍ഷങ്ങളായി കാത്തിരുന്നിട്ടും നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ഗുണഭോക്താക്കള്‍ക്ക് പണിതീരാത്ത ഫ്‌ളാറ്റില്‍ താമസിക്കേണ്ട ഗതികേടിലായി. ഇങ്ങനെ താമസമാക്കിയ ഒരു കുടുംബത്തിലെ പിഞ്ചു ബാലനാണ് മൂന്നാം നിലയില്‍ നിന്നും വീണ് പരിക്കേറ്റത്.
2009 ല്‍ ചേരി നിര്‍മാര്‍ജ്ജന പുനരധിവാസ പദ്ധതി പ്രകാരം കുടി ഒഴിപ്പിക്കപ്പെട്ട 12 കുടുംബങ്ങളാണ് വഴിയാധരമായത്. കഴിഞ്ഞ നാല് വര്‍ഷമായി ഇവര്‍ വാടക വീടുകളിലാണ് കഴിയുന്നത്. വാടക കൊടുക്കാന്‍ കഴിയാതായതോടെ ചില കുടുംബങ്ങള്‍ ഭാഗികമായിനിര്‍മ്മാണം പൂര്‍ത്തിയായ ഫഌറ്റില്‍ താമസമാക്കുകയായിരുന്നു.
12 വീടുകള്‍ വേണ്ടിടത്ത് 6 എണ്ണം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. വെള്ളമോ വെളിച്ചമോ ഇല്ലാതെ നരകതുല്യമായ ജീവിതമാണ് ഇവിടെ താമസിക്കുന്നവര്‍ക്ക്. നഗരസഭയുടെ വഞ്ചനക്കിരയായ 12 കുടുംബങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ബിജെപി കൗണ്‍സിലര്‍മാരെ ഗുണ്ടകളായി ചിത്രീകരിക്കുന്ന ചെയര്‍മാന്‍ സി.സി. വിപിന്‍ ചന്ദ്രന്റെ സമീപനത്തിനെതിരെ പ്രതിഷേധമുയര്‍ന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തെരുവില്‍ അഴിഞ്ഞാടിയ ആള്‍ ആടിനെ പട്ടിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ജി .ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ലാന്റിംഗ് പ്ലേസിലെ കുടുംബങ്ങളെ അടിയന്തിരമായി പുനരധിവസിപ്പിക്കണമെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയോഗം ആവശ്യപ്പെട്ടു. സി.ഒ.ലക്ഷ്മി നാരായണന്‍, ടി.എസ്.സജീവന്‍, ശാലിനി വെങ്കിടേഷ്, ഒ.എന്‍.ജയദേവന്‍, ഡോ: ആശാലത തുടങ്ങിയവര്‍ പങ്കെടുത്തു.
















