വാഷിങ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐ മേധാവി ജയിംസ് കോമിയെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. വൈറ്റ് ഹൗസാണ് ഇക്കാര്യം പുറത്തുവിട്ടത്.
രഹസ്യാന്വോഷണ ഏജന്‍സിയെ നയിക്കാന്‍ ജയിംസ് കോമി പ്രാപ്തനല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി. എന്നാല്‍ ജയിംസ് കോമിയെ മാറ്റിയതിന് പിന്നില്‍ രാഷ്‌ട്രീയ കാരണങ്ങളിലെന്നും പുതിയ മേധാവിയെ ഉടന്‍ നിയമിക്കുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
നേരത്തെ, ജയിംസ് കോമിയെ മാറ്റണമെന്നാവശ്യപ്പെട്ട് യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് പ്രസിഡന്റ് ട്രംപിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് ട്രംപിന്റെ നടപടി.
ഹിലരി ക്ലിന്റനുമായി ബന്ധപ്പെട്ട ഇ മെയില്‍ വിവാദം അന്വേഷിക്കുന്നതില്‍ ജയിംസ് കോമി പരാജയപ്പെട്ടെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍. അതേസമയം, റഷ്യയും ട്രംപ് ക്യാംപും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള എഫ്ബിഐ അന്വേഷണത്തിന്റെ പേരിലാണ് കോമിയെ പുറത്താക്കിയതെന്നാണ് ഡെമോക്രാറ്റിക് നേതാക്കളുടെ ആരോപണം.
എഫ്ബിഐ മേധാവിയെ പുറത്താക്കിയ ട്രംപിന്റെ നടപടി വലിയ പിഴവാണെന്ന് ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമര്‍ പ്രതികരിച്ചു. ജയിംസ് കോമിയെ മാറ്റിയത് രാജ്യത്തിനും രഹസ്യാന്വേഷണ ഏജന്‍സിക്കും വലിയ നഷ്ടമാണെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ റിച്ചാര്‍ഡ് ബര്‍ ചൂണ്ടിക്കാട്ടി.
















