വാളയാര്‍: സംസ്ഥാന അതിര്‍ത്തികളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കാന്‍ വാണിജ്യനികുതി വകുപ്പ് തീരുമാനം.
പ്രധാന പാതകള്‍ക്ക് പുറമെ ഊടുവഴികളിലും ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ അതിര്‍ത്തി കടക്കുന്ന ചരക്ക് വാഹനങ്ങളുടെ ചിത്രം വാണിജ്യനികുതി വകുപ്പിന്റെ കണ്ട്രോള് റൂമില്‍ ലഭിക്കും. വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പരും രസീതും ഒത്തു നോക്കി നികുതി അടച്ച സാധനങ്ങളാണോ കൊണ്ടുപോകുന്നതെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസിലാക്കാം.
നികുതി അടച്ച് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തി വേണം വാഹനങ്ങള്‍ അതിര്‍ത്തി കടക്കാന്‍. ജിഎസ്ടി വരുന്നതിന് മുമ്പ് തന്നെ വാളയാറില്‍ ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതും പരിശോധന കൂടാതെ വാഹനങ്ങള്‍ കടത്തി വിടുന്നതും തടയാന്‍ ക്യാമറ വേണമെന്ന് ലോറി ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.
വാളയാറിലെ പ്രധാനപാതയിലും ഊടുവഴികളിലുമായി നേരത്തെ 16 ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനമുണ്ടായിരുന്നു. കൂടാതെ ജില്ലയിലെ മീനാക്ഷിപുരം,ഗോവിന്ദാപുരം, കന്നിമാരി, ഗോപാലപുരം, വേലന്താവളം, നടുപ്പുണി, ആനക്കട്ടി എന്നിവിടങ്ങളിലാണ് ക്യാമറ സ്ഥാപിക്കുന്നത്.
വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ വാഹനപരിശോധനയും നടത്താനാണ് നിര്ദ്ദേശമിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: