വെള്ളിനേഴി: കലാഗ്രാമത്തിലെ ചിരപ്രകീര്ത്തിതമായ കാന്തളൂര്കളരി സതീര്ത്ഥ്യസംഗമത്തിന്റെ നിര്‍വൃതിയിലായിരുന്നു ഞായറാഴ്ച ത്രിസന്ധ്യയില്‍! .
കഥകളിലോകത്തിന്റെ ഏഴാംമാളികയിലെ ആത്മസുമശയ്യാന്തത്തില് വിരാജിയ്ക്കുന്ന കലാമണ്ഡലം ഗോപിയെന്ന അതുല്യനടന്, ആഴിപ്പൂമകളായി സ്ത്രീ പുരുഷവേഷങ്ങള്‍ നിരവധി അരങ്ങുകളില്‍ അനായാസം ആടിത്തകര്‍ത്ത കലാമണ്ഡലം കെ.ജി.വാസുദേവന്‍, ആനന്ദക്കണ്ണീര് പൊഴിച്ചുകൊണ്ട് സതീര്ത്ഥ്യരുമൊത്ത് നിരവധികാലത്തിനുശേഷം അരങ്ങിലെത്തുവാന് സാധിച്ച അസുലഭാവസരത്തിന്, ആ പുണ്യമുഹൂര്‍ത്തത്തിന്, നന്ദിപറഞ്ഞു കൊണ്ട് നിറമനസ്സോടെ കലാമണ്ഡലം കുട്ടന്, വാക്കുകള്‍ക്കതീതമായ ആചാര്യസംഗമത്തിന് സാക്ഷ്യം വഹിയ്ക്കുവാന്‍ ലഭിച്ച മഹാഭാഗ്യം നുണഞ്ഞു ഹൃദയം കുളിര്‍ത്ത കഥകളിയാസ്വാദകര്‍.
കാന്തളൂര്‍ ശ്രീകൃഷ്ണസന്നിധിയില്‍ കുചേലവൃത്തം ആടിത്തിമര്‍ത്തപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍, നൂറ്റാണ്ടുകള്‍ക്കു പിറകില്‍, ദ്വാപരയുഗത്തിലായി, സ്വയം മറന്നിരിയ്ക്കുകയായിരുന്നു വെള്ളിനേഴിയിലെ കലാഹൃദയം. ഏറെ പ്രതീക്ഷിച്ചു; പ്രതീക്ഷിച്ചത് ലഭിച്ചു എന്ന സന്തുഷ്ടി നിരവധി കാലങ്ങള്‍ക്കുശേഷം കളിയരങ്ങിന് വീണുകിട്ടിയ സുദിനം.കല്ലുവഴിച്ചിട്ടയുടെ മൂര്ത്തീരൂപങ്ങളായി, പട്ടിക്കാംതൊടി കളരിയുടെ പിന്മുറക്കാരായി, ലോകമറിയുന്നവരാണ് ഈ മൂവരും.
1953-54 വര്‍ഷങ്ങളില്‍ ആറുവിദ്യാര്ത്ഥികളായിരുന്നു ഇവരുടെ ബാച്ചില്‍ വേഷവിഭാഗത്തില്‍ ഉണ്ടായിരുന്നത്. ഓട്ടന്തുള്ളലഭ്യസിയ്ക്കുവാന് കലാമണ്ഡലത്തിലെത്തി, കഥകളിയിലെ പച്ചവേഷത്തിന്റെ എക്കാലത്തേയും കൃത്യമായ ചിത്രമായി, നോക്കിലും ആട്ടത്തിലും ആംഗികാഹാര്യങ്ങളിലും കലാലോകം മറുവാക്കില്ലാതെ ആദരിച്ചംഗീകരിയ്ക്കുന്ന, കഥകളിനടനായി മാറിയ, പത്മശ്രീ.കലാമണ്ഡലം ഗോപി; ആലപ്പുഴജില്ലയിലെ രാമപുരത്തി നടുത്തുള്ള കീരിക്കാട്ഗ്രാമത്തിലെ തെക്കന്‍കളരിയില്‍ കച്ചകെട്ടി വള്ളുവനാടിന്റെ നിറസൗരഭ്യമായി,സ്ത്രീ പുരുഷവേഷങ്ങള്‍ ഒരു പോലെ കൈകാര്യംചെയ്ത്, കിര്‍മ്മീരവധം ലളിതപോലുള്ള ചിട്ടപ്രാധാനവേഷങ്ങള്ക്ക് മറുവാക്കില്ലാത്ത അനുഗ്രഹീതനടന്‍ കെ.ജി.വാസുദേവന്‍; വ്യത്യസ്തങ്ങളായ ഒട്ടേറെ പുരുഷവേഷങ്ങളെ കളിയരങ്ങിനു സമ്മാനിച്ച കലാമണ്ഡലം കുട്ടന്.
ആ കളരിയിലെ ആറുപേരില്‍ ഇവര്‍ കളിയരങ്ങുകളില്‍ നിറഞ്ഞു നിന്നവരാണ്.നില്‍ക്കുന്നവരാണ് ! കലാമണ്ഡലം രാമന്‍കുട്ടിനായര്‍, കലാമണ്ഡലം പത്മനാഭന്നായര് എന്നീ അതിപ്രഗത്ഭആചാര്യന്മാര്ക്കു കീഴില്‍ അഭ്യസനം പൂര്‍ത്തീകരിച്ചവര്‍. കളിയരങ്ങുകളെ വിജ്രംഭിതവും ധന്യവുമാക്കിയവര്. സാമ്യങ്ങള്‍ ഇനിയും ഒരുപാടുണ്ട്. ഔദ്യോഗിക ജീവിതത്തിലും ഈ സഹപാഠികള്‍ സമാനസ്വഭാവക്കാരായി വന്നതും യാദൃശ്ചികമാകാം.
കേരളകലാമണ്ഡലം പ്രിന്‍സിപ്പാളായി വിരമിച്ച ഗോപിയാശാന്, ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ കലാനിലയത്തിലെ പ്രിന്‍സിപ്പാള്‍ ചുമതല വഹിച്ച കുട്ടനാശാന്, വെള്ളനേഴിയില് സ്ഥിരതാമസമാക്കി,ഗവ.ഹൈസ്ക്കൂളിലെ ഒടുവിലത്തെ കഥകളിവേഷം അദ്ധ്യാപകനായിപിരിഞ്ഞ വാസുമാഷ്. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡടക്കം നിരവധി അംഗീകരങ്ങള്‍ ഈ ത്രിമൂര്‍ത്തികളെ തേടിയെത്തി .എണ്‍പതിന്റെ നിറവിലും കളിയരങ്ങുകളില്‍ ഊര്ജ്ജസ്വലത നിലനിര്‍ത്തി പോരുന്നവര്‍.കുറഞ്ഞത് അരനൂറ്റാണ്ടിനിപ്പുറം കേട്ടുകേള്‍വിയില്ലാത്ത ഈ സഹപാഠികളുടെ കൂട്ടായ്മയ്ക്ക് അങ്ങേയറ്റം ഉചിതമായ കഥ തന്നെയായി, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ചെങ്ങന്നൂരെ മുരിങ്ങൂര്മഠം ശങ്കരന് പോറ്റി രചിച്ച കുചേലവൃത്തം.
ആദ്യവസാനം സ്വാഭാവികതയും തനിമയും നിലനിര്‍ത്തുവാന്‍ ഇവര്‍ക്കു കഴിഞ്ഞു. കഥാപാത്രങ്ങള്‍ അവതരിപ്പിയ്ക്കപ്പെടുകയല്ല, ജീവിയ്ക്കുകയായിരുന്നിവിടെ.’ദര്‍ശനം പുനഃരസ്തു’വെന്ന് യാത്രാമൊഴി പറഞ്ഞകലുമ്പോള്‍, ഇനിയെന്നെങ്കിലും ഇതുപോലൊരു വേദി വീണുകിട്ടുമോ എന്ന ആശങ്ക ഓരോ കളിക്കമ്പക്കാരുടേയും മനസ്സില്‍ നീറ്റലായി അവശേഷിച്ചിരുന്നിരിക്കണം.
കോട്ടക്കല്‍ മധുവും, നെടുമ്പള്ളി രാംമോഹനനും സംഗീതം വാരിവിതറിയ അരങ്ങില്‍ മേളസൗകുമാര്യ മൊരുക്കി കലാമണ്ഡലം ഉണ്ണികൃഷ്ണനും, കോട്ടക്കല്‍രവിയും ഒത്തുചേര്‍ന്നപ്പോള്‍, ആഹാര്യശോഭ വിരിയിച്ചുകൊണ്ട് കലാനിലയം സജിയും (ചുട്ടി), കലാമണ്ഡലം അപ്പുണ്ണിത്തരകനും (അണിയറ) അവരുടെ ഭാഗവും ഭംഗിയാക്കി. എന്തുകൊണ്ടും വലിയൊരു സ്മൃതിയായി ഈ കഥകളി അനുവാചകലോകത്തിനെ ആശ്ലേഷിയ്ക്കുന്നുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: