കാലത്തിനൊപ്പം നടന്ന് മലയാള സാഹിത്യത്തിന്റെ നെറുകയിലേക്കുയര്‍ന്ന സഹൃദയന് ഡോ. പ്രഫസര്‍ കൂമുള്ളി ശിവരാമന്. അംഗീകാരങ്ങളൊന്നും തന്നെ തേടിയെത്തിയില്ലെങ്കിലും സാഹിത്യ രചന സപര്യയാക്കി മൂല്യവത്തായ നിരവധി ഗ്രന്ഥങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു. മലയാള സാഹിത്യ രംഗത്ത് കാച്ചിക്കുറുക്കിയ കവിതകളിലൂടെ ശ്രദ്ധേയനായിരുന്ന കവി കുഞ്ഞുണ്ണിയുടെ പേരിലുളള പുരസ്കാരം ഒടുവില്‍ കൂമുള്ളി ശിവരാമനെ തേടിയെത്തിയിരിക്കുന്നു.
സരസമായ ശൈലിയും ആശയങ്ങളിലെ ലാളിത്യവും,ഒപ്പം അവതരണ മികവും രചനകളിലെ കൈയൊതുക്കവും, പ്രഭാഷണ രംഗത്തെ ഗാംഭീര്യവുമാണ് അദ്ദേഹത്തിന്റെ പ്രത്യേകത. സമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്കു മുന്നില്‍ പലരും അവസരവാദികളും ന്യായീകരണ തൊഴിലാളികളുമാകുമ്പോള്‍ ശിവരാമന് സാഹിത്യ ലോകത്ത് വേറിട്ടൊാരു ശബ്ദമായി നിലകൊണ്ടു. പ്രഭാഷകന്റെ പരിമിതികളില്‍ നിന്നും എഴുത്തുകാരന്റെ വിശാലതയിലേക്ക് പ്രവേശിച്ച ഇദ്ദേഹത്തിന്, കുഞ്ഞുണ്ണി മാഷ് എന്ന കുറിയ മനുഷ്യന്റെ പേരിലുളള വലിയ പുരസ്കാരം സാഹിത്യരംഗത്ത് അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകള്‍ക്കുളള അര്‍ഹിക്കുന്ന അംഗീകാരമാണ്.
ചെറുപ്പമാണെന്റെ വലുപ്പം എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളെ ഓര്‍മിപ്പിക്കുന്നതാണ് കൂമുളളി ശിവരാമനെന്ന സാഹിത്യോപാസകന്റെ ജീവിതം. ഉല്‍കൃഷ്ടങ്ങളായ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അദ്ദേഹത്തെ തേടി സര്‍ക്കാര്‍ തലത്തിലുളള അംഗീകാരങ്ങളൊന്നും ഇതുവരെ എത്തിയില്ല. ഒരുപക്ഷേ ദേശീയ ചിന്താസരണിയുടെ സഹയാത്രികനെന്ന് മുദ്ര കുത്തപ്പെട്ടതിനാലാവാം അംഗീകാരങ്ങളൊന്നും ലഭിക്കാത്തത്. എന്നാല്‍ ഏറ്റവും ഒടുവില്‍, തന്നെ സാഹിത്യ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ കവി കുഞ്ഞുണ്ണിയുടെ പേരില്‍ കുട്ടികളുടെ പ്രസ്ഥാനമായ ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ ബാലസാഹിതീ പ്രകാശന് നല്കുന്ന പുരസ്കാരം അദ്ദേഹത്തിന്റെ സാഹിത്യ സപര്യയ്ക്കുളള അംഗീകാരമാവുകയാണ്. ഇതൊരു ചരിത്ര നിയോഗമാണെന്ന് നാട്ടുകാരുടേയും ശിഷ്യ ഗണങ്ങളുടേയും കൂമുളളി സാര്‍ വിനയാന്വിതനായി പറയുന്നു.
ചെറുപ്പത്തില്‍ത്തന്നെ വീടിനടുത്തുളള ശ്രീരാമകൃഷ്ണ ആശ്രമവുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചത് ജീവിതത്തില്‍ വഴിത്തിരിവായതായി അദ്ദേഹം കരുതുന്നു. റേഡിയോ നാടകങ്ങള്‍ എഴുതിക്കൊണ്ടാണ് സാഹിത്യ ലോകത്തേക്ക് ഡോ.കൂമുളളി കടന്നു വന്നത്. കോഴിക്കോട് ആകാശവാണിയില്‍ താനെഴുതിയ നിരവധി നാടകങ്ങള്‍ പ്രക്ഷേപണം ചെയ്തത് തുടര്‍ന്നിങ്ങോട്ട് എഴുത്തിന് പ്രേരണയായതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കോഴിക്കോട്ടെ കോളേജ് പഠനകാലത്ത് കുഞ്ഞുണ്ണിമാഷുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചതോടെ അദ്ദേഹത്തിന്റെ കവിതകളെ അടുത്തറിയുകയും അതുവഴി കുഞ്ഞുണ്ണി കവിതകളെ അനുകരിച്ച് കവിതകള്‍ രചിച്ചു തുടങ്ങുകയും ചെയ്തു. അങ്ങനെ കുഞ്ഞുണ്ണി കവിതകളെ അനുകരിച്ച് ‘കുറുമൊഴി’ എന്ന പേരില്‍ ആദ്യ കവിത സമാഹാരം പ്രസിദ്ധീകരിച്ചു. ചെറുപ്പം തൊട്ടേ ചിത്രകലയോടായിരുന്നു ഭ്രമമെങ്കിലും കുഞ്ഞുണ്ണി കവിതകളോടുളള അഭിനിവേശം അദ്ദേഹത്തെ സാഹിത്യകലാരംഗത്ത് എത്തിച്ചു.
അഗാധമായ പാണ്ഡിത്യവും അപഗ്രഥന പാടവവും സൂക്ഷ്മമായ ജീവിത നിരീക്ഷണവും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലെല്ലാം തെളിഞ്ഞു കാണാം. കലാ വിമര്ശകന്, പ്രഭാഷകന്‍, ഗവേഷകന് എന്നീ നിലകളില്‍ ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനം ഇപ്പോഴും കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന ഇദ്ദേഹം അക്കിത്തം കവിതയുമായി ബന്ധപ്പെട്ട് നടത്തിയ ഗവേഷണ പ്രബന്ധത്തിലായിരുന്നു ഡോക്ടറേറ്റ് നേടിയത്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മേലൂര്‍ സ്വദേശിയായ കൂമുളളി മഞ്ചേരി എന്‍എസ്എസ് കോളേജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച് മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളേജിലെ 28 വര്‍ഷത്തെ അധ്യാപന ജീവിതത്തിനു ശേഷം കഴിഞ്ഞ 7 വര്‍ഷക്കാലമായി മട്ടന്നൂര്‍ ‘അനുഗ്രഹത്തില്‍’ വിശ്രമ ജീവിതം നയിക്കുന്നു. പിആര്‍എന്‍എസ്എസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ശ്രീദേവിയാണ് ഭാര്യ. മകള്‍ അനുഹൃദ്യ.
നന്നേ ചെറുപ്പത്തിലെ തപസ്യ കലാ-സാംസ്ക്കാരിക സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച കൂമുളളി നിലവില്‍ തപസ്യയുടെ കണ്ണൂര്‍ ജില്ലാ അധ്യക്ഷനാണ്. നമ്പൂതിരി-വരകള്‍ വര്‍ണ്ണങ്ങള്‍, വെളിച്ചം ദുഃഖമാണുണ്ണി, കുറുമൊഴി, കുഞ്ഞുണ്ണിയിലൂടെ, മാരാറുടെ വിമര്‍ശ പദ്ധതി, ഉറൂബിന്റെ നോവലുകള്‍, ദേവരേഖ, അക്കിത്തത്തിന്റെ ലോകം, അക്കിത്തത്തിന്റെ മൊഴിമുത്തുകള്‍, അക്കിത്തം ദര്‍ശനസാരം, മട്ടന്നൂര്‍ വാദ്യാക്ഷരങ്ങളില്‍, അക്കിത്തം അഗ്നിയും നിലാവും, കാനായി കലയും കലാപവും, രാമായണസാരം എന്നിവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്. ചിത്രകാരനായ സി.എം.കരുണാകരനെ കുറിച്ചുളള -സി.എം.കരുണാകരന്റെ കല- എന്ന പുസ്തകത്തിന്റെ രചനയിലാണ് ഇപ്പോള്‍.
പുതിയ തലമുറ മൂല്യസങ്കല്‍പ്പങ്ങളില്‍ നിന്നും അകന്നു പോകുന്നതാണ് ഇന്നിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും അടിസ്ഥാനമെന്നും പൈതൃക നിരാസവും ജീവിത മൂല്യ നിരാസവും ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ പോരായ്മയാണെന്ന് കൂമുളളി പറയുന്നു.അറിവിനുമപ്പുറം മനുഷ്യനിലേക്ക് നടന്നടുക്കലാവണം വിദ്യാഭ്യാസം. മാനവിക മൂല്യങ്ങളിലേക്ക് തിരിച്ചുവരണം. അറിവിനുമപ്പുറം ബുദ്ധിയും പ്രതിഭയും സങ്കല്‍പ്പവും ജീവിതവും രൂപപ്പെടുത്താന്‍ വിവേകാനന്ദ വീക്ഷണം ഉപയുക്തമാക്കണമെന്നും മൂല്യവത്തായ ദര്‍ശനത്തിലൂടെ സഞ്ചരിക്കുന്ന വിദ്യാഭ്യാസ പ്രമാണം നഷ്ടപ്പെട്ടുവെന്നും ഇത് തിരിച്ച് പിടിക്കാന്‍ അധ്യാപകര്‍ മുന്നിട്ടിറങ്ങണമെന്നും ജന്മഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ കൂമുളളി വ്യക്തമാക്കി. മെയ് 10ന് തലശ്ശേരിയില്‍ നടക്കുന്ന ചടങ്ങില്‍ 11-ാമത് കുഞ്ഞുണ്ണി പുരസ്കാരം സാഹിത്യകാരന് സി.രാധാകൃഷ്ണന് കൂമുളളിക്ക് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: