എഴുകോണ്‍: പത്താംക്ലാസും ഗുസ്തിയും എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നതാണ് ഫയര്‍ ഫൈറ്റിങ് എന്ന കോഴ്‌സ്. എന്നാല്‍ ഈ കോഴ്‌സിന് തീയുമായോ ഗുസ്തിയുമായോ ഒരു ബന്ധവുമില്ല. പത്താംക്ലാസ് വരെ മാത്രം പഠിച്ചവര്‍ക്ക് 30,000 രൂപ മുതല്‍ മാസശമ്പളം കിട്ടുന്ന ഈ ജോലിയുടെ സ്ഥലം കപ്പലാണ്. നീന്തല്‍ അറിഞ്ഞാല്‍ കണ്ടെയ്‌നര്‍ കപ്പലിലും ഉല്ലാസക്കപ്പലിലും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ആതിഥേയ ജോലിക്കാരനാകാം. വിമാനത്തിന്റെ പൈലറ്റാകാന്‍ ഏറെ കടമ്പകള്‍ ഉണ്ടെങ്കിലും വിമാനം നിശ്ചിത ഉയരത്തില്‍ എത്തിയാല്‍ പിന്നെ പൈലറ്റിന് സുഖമായുറങ്ങാം, പുസ്തകം വായിക്കാം, പാട്ട് കേള്‍ക്കാം, കാരണം പിന്നെയെല്ലാം നിയന്ത്രിക്കുന്നത് കമ്പ്യൂട്ടറാണ്. ലാന്റിങ് വരെ.
എഴുകോണ്‍ കാരുവേലില്‍ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ നടത്തിയ വിദ്യാഭ്യാസ സെമിനാറിലാണ് സാങ്കേതിക തൊഴില്‍മേഖലകളിലെ കൗതുകങ്ങളും കാര്യഗൗരവവും പുറത്തുവന്നത്. ഹയര്‍സെക്കന്ററി ഉദ്യോഗസ്ഥനായ സത്താര്‍ ശ്രീകാര്യമാണ് നാല് മണിക്കൂര്‍ നീണ്ട ക്ലാസില്‍ തൊഴില്‍അറിവിന്റെ വാതായനങ്ങള്‍ തുറന്നത്. വൈ.വര്‍ഗീസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം രാജന്‍ബോധി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പി.ഗണേഷ്‌കുമാര്‍, കെ.ശശിധരന്‍, ഗീതാംബിക രാജന്‍ എന്നിവര്‍ സംസാരിച്ചു.
















