താമരശ്ശേരി: പൂനൂര്‍പുഴയുടെ ഭാഗമായ തേറ്റാമ്പുറം അത്തിക്കുണ്ട് കടവില്‍ മുങ്ങി മരിച്ച അഡ്വ. ബിജു-പൊന്നി ദമ്പതികളുടെ മൃതദേഹം സംസ്‌ക്കരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാവിലെ 11 മണിക്ക് മൃതദേഹം ഇവര്‍ വാടകയ്‌ക്ക് താമസിച്ചിരുന്ന തേറ്റാമ്പുറം ഗ്രാമത്തിലെ വീറുമ്പാലിലും പള്ളിപ്പുറം എഎല്‍ പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഈ സ്‌ക്കൂളില്‍ എല്‍കെജിയിലാണ് ഇവരുടെ ഏകമകളായ ചിന്‍മയ പഠിക്കുന്നത്. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സരസ്വതി, രാഷ്ടീയ പ്രതിനിധികള്‍, നാട്ടുകാര്‍, സുഹൃത്തുക്കള്‍ തുടങ്ങി നിരവധിപേര്‍ സ്‌കൂളില്‍ മൂതദേഹം ഒരു നോക്ക് കാണാന്‍ എത്തിയിരുന്നു.
കടിയങ്ങാട്ടുള്ള പൊന്നിയുടെ ജന്മവീട്ടില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു. പിന്നീട് ബിജുവിന്റെ വീടായ കൂരാച്ചുണ്ട് നൊച്ചിപ്പൊയില്‍ വീട്ടില്‍ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ ഇരുവരുടെയും മൃതദേഹം അടുത്തടുത്തായി സംസ്‌കരിച്ചു.
കഴിഞ്ഞ ദിവസം വൈകീട്ട് 4 മണിയോട് കൂടി കുളിക്കാന്‍ പോയ സമയത്താണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. കൂടെ ഉണ്ടായിരുന്ന മകളുടെയും സുഹൃത്തിന്റെയും കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെള്ളത്തില്‍ താഴ്ന്നു പോയ ഇരുവരെയും കരക്കെത്തിച്ചത്. ഉടനെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിട്ടുണ്ടെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളേജിലേയ്‌ക്ക് മാറ്റുകയായിരുന്നു. താമരശ്ശേരി ചുങ്കം ശ്രീരാം ഫൈനാന്‍സ് ബ്രാഞ്ചില്‍ ലീഗല്‍ അഡൈ്വസറായിരുന്നു അഡ്വ.ബിജു, ജോലിക്ക് പോകാനുള്ള സൗകര്യത്തിനാണ് മൂന്ന് വര്‍ഷമായി ഇവര്‍ തേറ്റാമ്പുറത്ത് വീറുമ്പാലില്‍ വാടകയ്‌ക്ക് താമസിക്കുന്നത്.
















