പാലക്കാട് : സ്കൂള്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് നിരോധിച്ചുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു.
സിബിഎസ്സി/ഐസിഎസ്ഇ സിലബസ് പിന്തുടരുന്ന സ്കൂളുകള്‍ ഉള്‍പ്പെടെ എല്ലാ ഗവ./എയ്ഡഡ്/അണ് എയ്ഡഡ് ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്ക്കൂളുകളിലും അവധിക്കാലത്ത് ക്ലാസുകള്‍ നടക്കുന്നില്ലെന്ന് പ്രഥമാധ്യാപകര്‍ ഉറപ്പാക്കണം.
ഡയറക്ടറുടെ മുന്‍ വര്‍ഷങ്ങളിലെ സര്‍ക്കുലര്‍ കൂടാതെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും മധ്യവേനലവധിക്കാലത്ത് കേരളത്തിലെ സ്കൂളുകളില്‍ ക്ലാസുകള്‍ നടക്കുന്നില്ലെന്ന് പ്രത്യേകം ഉറപ്പു വരുത്തണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കഠിനമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും വകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായി മധ്യവേനലവധിക്കാലത്ത് ക്ലാസ്സുകള്‍ നടത്തുന്ന സ്കൂള്‍ അധികാരികള്‍, പ്രധാനാധ്യാപകര്‍, അധ്യാപകര്‍ എന്നിവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും.
നിര്‍ദേശം ലംഘിച്ച് ക്ലാസ്സുകള്‍ നടത്തിയാല്‍ ക്ലാസ്സിലോ യാത്രയ്ക്കിടയിലോ കുട്ടികള്‍ക്ക് വേനല്‍ചൂട് മൂലം സംഭവിക്കുന്ന അത്യാഹിതങ്ങള്‍ക്കും ഇവര്‍ വ്യക്തിപരമായി ഉത്തരവാദികളാവും. സര്‍ക്കുലറിലെ നിര്‍ദേശം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തി ലംഘനമെന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: