പാലക്കാട്: ഭരണപരിഷ്ക്കരണ കമ്മീഷന് ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന്റെ മണ്ഡലത്തില്‍ ആദിവാസികള്ദുരിതത്തില്.
കുടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ നരകയാതന അനുഭവിക്കുകയാണ് ഇവരില്‍ പലരും. മലമ്പുഴ അണക്കെട്ടിനെയും ചുറ്റുമുള്ള കാടിനെയും ആശ്രയിച്ച് കഴിയുന്ന നിരവധി ആദിവാസി കുടുംബങ്ങള്‍ മലമ്പുഴ മണ്ഡലത്തിലുണ്ട്. ഭരണകക്ഷിക്ക് വോട്ടുബാങ്ക് മാത്രമാണ് ഇവര്‍. ഒരു പൗരന് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങളോ ആനുകൂല്യങ്ങളോ ഇവര്‍ക്ക് ഇതുവരെയും ലഭ്യമായിട്ടില്ല.
അച്യുതാനന്ദന് മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും ഈ മണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്തിരുന്നത്. എന്തിനകം ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായതും, ടി.ശിവദാസമേനോന് രണ്ട് തവണ മന്ത്രിയായതും ഈ മണ്ഡലത്തില്‍ നിന്നാണ്. പാലക്കാട് ജില്ലയില്‍ ഒരു മണ്ഡലത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തവണ മന്ത്രിമാരെ സംഭവാന ചെയ്തെന്ന ഖ്യാതിയും മലമ്പുഴക്കു തന്നെയാണ്. അവിടെയാണ് ആദിവാസികള്‍ ഈ ദുരിതം അനുഭവിക്കുന്നത്.
മലമ്പുഴയില്‍ നിന്ന് ആനക്കല്ലിലേക്ക് പോകുന്ന വഴി നിരവധി ആദിവാസി കുടുംബങ്ങളാണ് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുടില്‍കെട്ടി താമസിക്കുന്നത്. മഴക്കാലമായാല്‍ കുഞ്ഞുമക്കളെയുമെടുത്ത് തൊട്ടടുത്തുള്ള റോഡില്‍ അഭയം തേടും. കാട്ടാനശല്യവും ഏറെയാണ്. സ്വന്തമായി ഒരുതുണ്ടു ഭൂമിയില്ലാത്തതിനാല്‍ ദേശാടനപക്ഷികളെ പോലെ ഒരു ഭാഗത്തു നിന്ന് മറ്റൊരിടത്തേക്ക് മാറി താമസിക്കേണ്ട അവസ്ഥയാണ്.
മലമ്പുഴ പഞ്ചായത്തിലെ ഒന്നാംവാര്‍ഡായ ഇലകുത്താംപാറയില് ആറോളം കുടുംബങ്ങളാണ് ഡാമിനകത്ത് കുടില്‍ കെട്ടി താമസിക്കുന്നത്. സ്വന്തമായി ഇവര്‍ക്ക് റേഷന്‍ കാര്‍ഡുപോലുമില്ല. കൂലി പണിയെടുത്തും വനത്തില്‍ നിന്ന് തേന്‍ ശേഖരിച്ചു വിറ്റുമാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. പലവട്ടം റേഷന്‍ കാര്‍ഡിനായി അപേക്ഷിച്ചെങ്കിലും ഇതുവരെ കിട്ടിയിട്ടില്ല. മുട്ടാത്ത വാതിലുകളില്ല. ചിലര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയാകട്ടെ ആദിവാസികളോടുള്ള അവഗണന തുടരുകയാണ്. തെരഞ്ഞെടുപ്പ് വന്നാല്‍ മാത്രം വാഗ്ദാനപെരുമഴയുമായി എത്തുന്ന നേതാക്കന്മാരോട് ഇവര്‍ക്ക് ആവശ്യപ്പെടാനുള്ളത് ഒന്നുമാത്രം റേഷന്‍കാര്‍ഡ്. കാരണം പണിയില്ലാത്ത ദിവസങ്ങളില്‍ കുടിലുകളിലെ അടുപ്പ് പുകയാറില്ല.
മാത്രമല്ല മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ നെല്‍കൃഷി ഇല്ല എന്നതാണ് മറ്റൊരു സത്യം. റബ്ബര്‍തോട്ടങ്ങളും തെങ്ങും കവുങ്ങുമാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. മാവോയിസ്റ്റ് സാന്നിധ്യവും കാട്ടാനശല്യവും മൂലം വനങ്ങളില്‍ നിന്ന് തേന്‍ ശേഖരിക്കുവാനും കഴിയുന്നില്ല. ജോലി തേടി ഇവിടെയുള്ള പുരുഷന്മാര്ക്ക് നഗരത്തിലേക്ക് പോകാനും കഴിയുന്നില്ല. അതിരാവിലെ ഇറങ്ങിയാലെ ഇരുട്ടുന്നതിന് മുന്നേ തിരികെയെത്താന്‍ കഴിയൂ.
അസുഖം വന്നാല്‍ ആശുപത്രിയില്‍ പോകണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടി വേണം ജില്ലാ ആശുപത്രിയിലേക്ക് എത്താന്‍. മലമ്പുഴയില്‍ ആശുപത്രിയില്ലെന്നതാണ് പ്രധാനപ്രശ്നം. കിലോമീറ്ററുകള്‍ താണ്ടി നഗരത്തിലെത്തിയിട്ടും ഡോക്ടറെ കാണാന്‍ കഴിയാത്ത അവസ്ഥയുണ്ടായിട്ടുണ്ടെന്നും പറയുന്നു. ഇരുളുന്നതിനു മുന്നേ കുടിലില്‍ എത്തേണ്ടതിനാല്‍ ഡോക്ടറെ കാണാതെ തന്നെ മടങ്ങും. അതുകൊണ്ടുതന്നെ അധികവും പോകാറില്ലെന്ന് പറയുന്നു. മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന് ത്വക്ക് രോഗം പിടിപെട്ടിട്ടും രക്ഷിതാക്കള്‍ ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കുന്നില്ല.
ഇവരുടെ ഏക ആവശ്യം റേഷന്‍കാര്‍ഡാണ്. പണിയില്ലെങ്കില്‍ പോലും കുട്ടികളെ പട്ടിണിക്കിടാതിരിക്കാന്‍ അരിയെങ്കിലും ലഭിക്കുമല്ലോ എന്ന പ്രതീക്ഷയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: