തൃശൂര്‍: ആദ്യം വര്‍ണമഴ, പിന്നെ കുളിര്‍മഴ…. ഇന്നലെ തേക്കിന്‍കാട് മൈതാനിയില്‍ ഒരുക്കിയ തൃശൂര്‍പൂരം സാമ്പിള്‍ വെടിക്കെട്ട് ആസ്വാദകര്‍ക്ക് ഇങ്ങനെയായിരുന്നു. വൈകീട്ട് ഏഴരയോടെ തിരുവമ്പാടി വിഭാഗമാണ് സാമ്പിള്‍ വെടിക്കെട്ടിന് ആദ്യം തിരികൊളുത്തിയത്. തുടര്‍ന്ന് 7.45 ഓടെ പാറമ്മേക്കാവ് വിഭാഗത്തിന്റെയും പൊട്ടിത്തീര്‍ന്നപ്പോള്‍ ഏതാണ് കേമം എന്ന ആശങ്കയിലായിരുന്നു കാഴ്ചക്കാര്‍.
ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട് അവസാനിച്ചതോടെ ആകാശത്തു നിന്നും ദേവവര്‍ഷമായി മഴതുടങ്ങി. ഇതൊടെ രാവേറെച്ചെല്ലും വരെ പൊട്ടിക്കേണ്ട നിലയമിട്ട് പൊട്ടിക്കാന്‍ കഴിയാഞ്ഞത് കാണികളെ നിരാശരാക്കിയെങ്കിലും വെടിക്കെട്ടിന്റെ വര്‍ണമഴയും പ്രകൃതിയുടെ കുളിര്‍മഴയും അവരാസ്വദിച്ചു.
സുരക്ഷയുടെ ഭാഗമായി സ്വരാജ് റൗണ്ടില്‍ പൊതുജനങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല. ഇത് പൂരാസ്വാദകരുടെ പ്രതിഷേധത്തിനിടയാക്കി. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് 100 മീറ്റര്‍ അകലത്തില്‍ മാത്രമേ ജനങ്ങളെ പ്രവേശിപ്പിക്കാവൂ എന്ന നിബന്ധന പാലിക്കാനാണ് റൗണ്ടില്‍ നിന്ന് ജനങ്ങളെ ഒഴിവാക്കിയത്.
ശബ്ദ തീവ്രത കുറച്ച് വര്‍ണ്ണങ്ങള്‍ക്ക് പ്രാമുഖ്യ നല്‍കിയായിരുന്ന് ഇരു വിഭാഗവും മാനത്ത് വിസ്മയം തീര്‍ത്തത്.പരമ്പരാഗത രീതിയിലുള്ള തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗം തിങ്കളാഴ്‌ച്ചയാണ് അനുമതി നല്‍കിയത്.ഇതോടെ സാമ്പിളിനുള്ള ഒരുക്കങ്ങള്‍ ദേവസ്വങ്ങള്‍ തകൃതിയാക്കി.സ ാമ്പിള്‍ വെടിക്കെട്ടു നടക്കുന്നതിനാല്‍ സ്വരാജ് റൗണ്ടില്‍ ഗതാഗതം നിരോധിച്ചിരുന്നു.
ഗുണ്ട് (6.8 ഇഞ്ച് വ്യാസം),കുഴിമിന്നല്‍(നാലിഞ്ച് വ്യാസം),അമിട്ട്(ആറിഞ്ച് വ്യാസം) എന്നീ അളവുകളില്‍ കൂടാന്‍ പാടില്ല എന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. കൂടാതെ ഓലപ്പടക്കം പൊട്ടിക്കാനും അനുമതിയുണ്ടായിരുന്നു. വെടിക്കെട്ടിന് അനുമതിയില്ലാത്തതിനാല്‍ കൊടിയേറ്റ് ദിവസത്തെ പരമ്പരാഗത വെടിക്കെട്ട് ഒഴിവാക്കിയിരുന്നു.
എക്‌സ്‌പ്ലോസീവ് വിഭാഗം ഉദ്യോഗസ്ഥരുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു ഇന്നലെ സാമ്പിള്‍ നടന്നത്. നിയന്ത്രണം മൂലം ഓരോ ഇനങ്ങളുടെയും വലിപ്പം കുറഞ്ഞെങ്കിലും ബഹു വര്‍ണ്ണം വാരിവിതറി പൂമഴയായിരുന്നു പെയ്തിറങ്ങിയത്.
ഓലപ്പടക്കങ്ങളും ഗുണ്ടുകളും വീര്യം കുറഞ്ഞ കുഴിമിന്നുകളും ധാരാളം അമിട്ടുകളും ഉണ്ടായിരുന്നു.
ആദ്യം ഗുണ്ടുകളും പിന്നീട് അമിട്ടുകളും ഏറ്റവുമൊടുവില്‍ ശബ്ദതീവ്രത കൂടിയ ഇനങ്ങളും ഒപ്പം ഓലപ്പടക്കവുമായി പ്രധാന വെടിക്കെട്ടിന്റെ മാതൃകയിലായിരുന്നു സാമ്പിള്‍ വെടിക്കെട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: