പിലിക്കോട്: കാലിക്കടവ് കരക്കക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നടത്തിവരാറുള്ള മൂവാണ്ട് കളിയാട്ട മഹോത്സവം നാലുമുതല്‍ ഏഴുവരെ വിവിധ കലാസാംസ്ക്കാരിക പരിപാടികളുടെ അകമ്പടിയോടെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം ആറ് മണിക്ക് മാടായിക്കാവില്‍ നിന്ന് ക്ഷേത്രേശ്വന്മാരും വാല്യക്കാരുമടങ്ങുന്ന സംഘത്തിന്റെ തൊഴുതു വരവോട് കൂടിയാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക. നാളെ രാവിലെ 11 മണിക്ക് ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രത്തില്‍ നിന്നുമുള്ള ദീപവും തിരിയും എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് ശ്രീ രയരമംഗലം വടക്കേംവാതില്ക്കല് നിന്നും കലവറ ഘോഷയാത്രയും വൈകീട്ട് ആറു മണിമുതല്‍ മെഗാതിരുവാതിര, സാംസ്കാരിക സമ്മേളനം, കലാസന്ധ്യ തുടങ്ങിയവ അരങ്ങേറും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വെച്ച് പൂരക്കളി മറത്തുകളി വിദഗ്ധനും യു ആര് എഫ് പുരസ്കാര ജേതാവുമായ വി.പി.ദാമോദരന്‍ പണിക്കര്‍, കെ.വി.ബാലകൃഷ്ണന് പണിക്കര്‍, മാദ്ധ്യമ പ്രവര്ത്തകന് കെ.വി.ബാബുരാജന്, തെയ്യം കലാകാരന്മാരായ കൃഷ്ണന് പണിക്കര്‍, രവി മണക്കാടന് എന്നിവരെ ആദരിക്കും. ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തും. കളിയാട്ടം നടക്കുന്ന നാല് ദിവസങ്ങളിലും ഉച്ചക്ക് അന്നദാനം ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിലായി പുലികണ്ഠന്‍, പുള്ളിക്കരിങ്കാളി, പുലിയൊരുകാളി, പുലിമാരുതന്‍, കാളപ്പുലി, കാളപ്പുലി, പുലിയൊരു കണ്ണന് എന്നീ പുലിത്തെയ്യങ്ങളും, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, വണ്ണത്താന്‍ ദൈവം, പടവീരന്‍, തൂവക്കാളി തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. സമാപന ദിവസമായ ഏഴാം തീയ്യതി ഉച്ചക്ക് 12 മണിക്ക് തിരുമുടി ഉയരുന്ന കരക്കീല് ഭഗവതിയാണ് പ്രധാന ആരാധനാമൂര്‍ത്തി. പത്ര സമ്മേളനത്തില്‍ എം.കുഞ്ഞികൃഷ്ണന്, എം.രാജന്, സി.കുഞ്ഞമ്പു, എം.കെ.കുഞ്ഞികൃഷ്ണന്, കെ.വി.നാരായണന്, പി.പി.ബിജു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: