അമ്മ എന്നത് എല്ലാ മക്കള്‍ക്കും ഒരു വികാരമാണ്. കുഞ്ഞുനാള് മുതലേ അവരുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയ അമ്മയോട് ഉപമിക്കാന്‍ ഭൂമിയില്‍ മറ്റൊന്നുമില്ല തന്നെ. അമ്മ അവര്‍ക്ക് മക്കള്‍ക്ക് നല്കുന്ന സംരക്ഷണബോധവും വളരെ വലുതാണ്. അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധവും ദൃഢമാണ്. അമ്മയുടെ സംരക്ഷണവും സാന്നിധ്യവും കുഞ്ഞിന്റെ വൈകാരികമായ വളര്‍ച്ചയ്ക്കു മാത്രമല്ല. ജൈവികമായ വളര്‍ച്ച യ്ക്കും അത്യാവശ്യമാണ്.
അതായത് അമ്മയുടെ സാന്നിധ്യത്തിലൂടെ കുഞ്ഞിന്റെ തലച്ചോറ്, നാഡീവ്യവസ്ഥകള്‍ എന്നിവയിലെല്ലാം വികാസം സംഭവിക്കുന്നു. ന്യൂറോളജി, സൈക്കോളജി, ബയോളജി, ഇത്തോളജി, ആന്ത്രപ്പോളജി, ന്യൂറോകാര്‍ഡിയോളജി തുടങ്ങിയ ശാഖകളിലൂടെയെല്ലാം ഇതേക്കുറിച്ചു പഠിക്കുന്നു.
ഫ്രഞ്ച് പ്രസവ ചികിത്സകനായ മൈക്കിള്‍ ഒഡെന്റിന്റെ ദ സയന്റിഫിക്കേഷന്‍ ഒഫ് ലവ് എന്ന പുസ്തകത്തില്‍ ഹൃദയത്തിലേക്ക് സന്ദേശം വഹിക്കുന്ന ഓക്സിടോസിന്‍ എന്ന ഹോര്‍മോണിനെക്കുറിച്ച് പറയുന്നുണ്ട്. കുഞ്ഞ് ജനിക്കുമ്പോള്‍ത്തന്നെ ഇവയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നു. പ്രണയിക്കുമ്പോഴും, ഭക്ഷണം പങ്കുവച്ച് കഴിക്കുമ്പോഴുമെല്ലാം ഈ ഹോര്‍മോണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെട്ടെന്ന് ഓക്സിടോസിന്‍ ശരീരത്തില്‍ റിലീസ് ചെയ്യപ്പെടുമ്പോള്‍ മറ്റ് ഹോര്‍മോണുകളുടെ സാന്നിധ്യം അനുസരിച്ച് സ്നേഹത്തിലും വ്യത്യാസം വരുന്നു. ഉദാഹരണമായി പ്രോലാക്റ്റിന്റെ അളവ് കൂടുമ്പോള്‍, കുഞ്ഞുങ്ങളോടുള്ള സ്നേഹമാണ് പുറത്തേക്കു വരിക.
കുഞ്ഞ് ജനിക്കുമ്പോള്‍, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ എന്‍ഡോര്‍ഫിന്‍സ് എന്ന ഹോര്‍മോണിന്റെ അളവ് കൂടുന്നു. ഇത് അമ്മയേയും കുഞ്ഞിനേയും മയക്കത്തില്‍ നിന്ന് ഉണര്‍ത്തും. പരസ്പരസഹകരണത്തിന്റെ തുടക്കം ഇവിടെ നിന്നത്രെ. അമ്മയും കുഞ്ഞും തമ്മിലുള്ള അഗാധസ്നേഹം അപ്പോഴാണ് ആരംഭിക്കുന്നത്. ആവശ്യമുള്ള ഹോര്‍മോണുകളുടെ അഭാവം കുഞ്ഞിന്റെ പിന്നീടുള്ള ജീവിതത്തെ ബാധിക്കും. തുടര്‍ ജീവിതത്തില്‍ പലതരം പ്രശ്നങ്ങള്‍ കുഞ്ഞിനു നേരിടേണ്ടി വരുന്നത്.
മനുഷ്യമസ്തിഷ്കം വികാരങ്ങളുടെ സിരാകേന്ദ്രമാണ്. തലച്ചോറിന്റെ ആദ്യ ഭാഗത്തായിരിക്കും അമ്മയും കുഞ്ഞും തമ്മിലുള്ള പ്രത്യേക ബന്ധം ഉടലെടുക്കുക. അവര്‍ക്കിടയിലെ ബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നു. മുലയൂട്ടല്‍, ഒന്നിച്ചുള്ള ഉറക്കം, കുഞ്ഞിനെ താലോലിക്കല്‍ തുടങ്ങിയവയിലൂടെ അത് കൂടുതല്‍ ദൃഢമാവുകയാണ്. ഇവയില്‍ ഏറ്റവും പ്രധാനം സ്പര്‍ശനം തന്നെയാണ്.
സ്പര്‍ശനവും സ്നേഹവുമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. സ്പര്‍ശനത്തിലൂടെയുള്ള സാന്ത്വനം ലഭിക്കാതെ വരുമ്പോള്‍ തലച്ചോറില്‍ സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ റിലീസ് ചെയ്യപ്പെടുന്നു. അത് തലച്ചോറിനേയും അതിന്റെ പ്രവര്‍ത്തനത്തേയും മോശമായി ബാധിക്കും. ഇത് കുഞ്ഞുങ്ങളില്‍ വിഷാദം, പെട്ടന്നുണ്ടാകുന്ന കോപം, അക്രമസ്വഭാവം, എന്നിവ വളര്‍ത്തിയെടുക്കും. കൂട്ടുകുടുംബ വ്യവസ്ഥയില്‍, കുഞ്ഞുങ്ങള്‍ക്ക് അമ്മയുടേത് ഉള്‍പ്പെടെ ബന്ധുക്കളുടെയെല്ലാം സംരക്ഷണം ലഭിക്കുമായിരുന്നു. അമ്മയ്ക്കു കുഞ്ഞിനെ നോക്കാന്‍ കൂടുതല്‍ സമയവും ലഭിച്ചിരുന്നു.
കുഞ്ഞിന്റെ ജീവിതത്തിലെ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ ലഭിക്കുന്ന സ്നേഹവും കരുതലുമാണ് വളര്‍ച്ചയേയും വികാസത്തെയും ബാധിക്കുന്നത്. സ്പര്‍ശനം നിഷേധിക്കപ്പെടുന്ന കുഞ്ഞുങ്ങളിലുണ്ടാകുന്ന വൈകല്യങ്ങള്‍ നിരവധിയാണ്. രോഗപ്രതിരോധശേഷിയേയും ഉറക്കത്തിന്റെ തോതിനെയുമൊക്കെ ഇതു പ്രതികൂലമായി ബാധിക്കും. അമ്മയുടെ വയറ്റില്‍ നിന്ന് ഒന്‍പതുമാസത്തിനു ശേഷം പുറത്തെത്തുമ്പോഴും കുഞ്ഞിന്റെ വളര്‍ച്ച പൂര്‍ത്തിയായിട്ടില്ല. അടുത്ത ഒന്‍പതു മാസത്തേക്ക് കൂടി വളര്‍ച്ചയുടെ ഘട്ടത്തിലൂടെയാണ് കുഞ്ഞ് കടന്നു
പോകുന്നത്, അതിനാല്‍ സംരക്ഷണത്തിന്റെ തോതിലും വ്യത്യാസം വരാന്‍ പാടില്ല.
സ്നേഹപൂര്‍ണമായ സ്പര്‍ശനത്തിലൂടെ കുഞ്ഞിനെ പിന്തുണയ്ക്കാനും ആശയവിനിമയം നടത്താനും സ്നേഹിക്കാനും മനസിലാക്കാനും മാതാപിതാക്കള്‍ക്കു കഴിയുന്നു. കുഞ്ഞിന്റെ പുറത്ത് പതിയെ ഒന്നു തലോടി ഉറക്കുമ്പോള്‍, അമ്മയും കുഞ്ഞും തമ്മിലുള്ള ദൃഢവും ആഴമുള്ളതുമായ ആശയവിനിമയം സാധ്യമാകുന്നു.
കുഞ്ഞിന്റെ മനസില്‍ ചെറുതായെങ്കിലും തോന്നാനിടയുള്ള സംഘര്‍ഷം ഇല്ലാതാക്കാന്‍, അവന്റെ വയറിലോ കുഞ്ഞിക്കാലുകളിലോ നല്കുന്ന ചെറിയ മസാജിനു സാധിക്കും. ഇത്തരം സ്പര്ശനങ്ങള് സ്വീകരിക്കുന്ന കുഞ്ഞിന് മാനസികമായി കൂടുതല്‍ ശക്തിയുണ്ടായിരിക്കും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ എല്ലാ സമയത്തും കുഞ്ഞിനെ സമാധാനിപ്പിക്കാന്‍ സ്പര്സനത്തിന് കഴിയില്ല. കുഞ്ഞ് ഉറക്കം തൂങ്ങുമ്പോഴോ, ഭക്ഷണത്തിനായോ അസ്വസ്ഥത കൊണ്ടോ കരയുമ്പോഴോ, യാത്ര ചെയ്തു ക്ഷീണിച്ചിരിക്കുമ്പോഴോ മസാജ് ചെയ്യാന്‍ ശ്രമിക്കരുത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും കുഞ്ഞുങ്ങളുടെ പ്രതികരണം പല തരത്തിലായിരിക്കും.
അമ്മയില്‍ നിന്നു മുഖം തിരിക്കുകയോ പിന്‍വശം വളയ്ക്കുകയോ ശരീരം സ്റ്റിഫായി വയ്ക്കുകയോ ശരീത്തിന്റെ നിറം മാറുകയോ ഞെട്ടുകയോ അതല്ലെങ്കില്‍ ഏറ്റവും മികച്ച മാര്‍ഗമായ കരച്ചില് തന്നെ സ്വീകരിക്കുകയോ ചെയ്യും. കുഞ്ഞിന് മസാജ് ചെയ്യേണ്ട ഏറ്റവും നല്ല സമയത്ത് അവന് അമ്മയെ നോക്കി ചിരിക്കുകയും അവന്റെ കൈകള്‍ ഉയര്‍ത്തി അമ്മയ്ക്കു നേരെ കാട്ടുകയോ ചെയ്യും. ആഹാരം കൊടുത്ത് നാല്പ്പത്തഞ്ചു മിനിറ്റിനു ശേഷം വയറില്‍ മസാജ് ചെയ്യുന്നതാണ് ഉത്തമം.
സ്പെഷ്യല്‍ കെയര്‍ ആവശ്യമായ കുഞ്ഞിന്റെ അമ്മയാണെങ്കില്‍ ആ കുഞ്ഞിന് ആവശ്യങ്ങള്‍ അറിയിക്കാനുള്ള മാര്‍ഗങ്ങള്‍ മറ്റുള്ളവ രില്‍ നിന്നു വ്യത്യസ്തമായിരിക്കും. കൃത്യമായ മസാജിങ് നടത്തുന്നതോടെ ആ കുഞ്ഞിനു മാത്രമായുള്ള സിഗ്നലുകളും മറ്റും അമ്മയ്ക്കു മനസിലാക്കാന്‍ സാധിക്കും. ജീവിതത്തില്‍ തുടരേണ്ടി വരുന്ന ശാരീരികമായ അസ്വസ്ഥകളും കുറവുകളുമായി പൊരുത്തപ്പെടാനും കുഞ്ഞിനു ലഭിക്കുന്ന മസാജിങ് സഹായിക്കുന്നു.
ഒരു കുടുംബത്തിലേക്കു പുതുതായി വരുന്ന അതിഥിയാണ് കുഞ്ഞ്. അവന്റെ സംരക്ഷണത്തിന് അച്ഛനും അമ്മയും ഒരുപോലെ തയാറാവണം. കുഞ്ഞ് ഉറങ്ങുന്നതും ഉണരുന്നതും കൃത്യമാകുന്നു, ദഹനവും മറ്റുകാര്യങ്ങളും പ്രശ്നങ്ങളില്ലാതെ പോകുന്നു, രോഗപ്രതിരോധ ശേഷി വര്‍ധിക്കുന്നു, മാനസികമായ ബുദ്ധിമുട്ടുകള്‍, വേദന എന്നിവയില്‍ നിന്നൊക്കെ പെട്ടെന്നു മോചിതനാവുന്നു തുടങ്ങി പോസിറ്റീവായ മാറ്റങ്ങള്‍ മസാജിങ്ങിലൂടെ കുഞ്ഞിനു ലഭിക്കുന്നതാണ്. ബേബി മസാജിങ് ഗ്രൂപ്പില്‍ പങ്കെടുക്കുന്നത് മാതാപിതാക്കള്‍ക്ക് ഏറെ പ്രയോജനപ്രദമാകുന്നു.
അവിടെ എത്തുന്ന അച്ഛനമ്മമാരുമായി സംസാരിക്കാനും അവരുടെ പ്രശ്നങ്ങളും പ്രതിവിധികളും പങ്കുവയ്ക്കാനും കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ചെയ്യാവുന്ന നല്ല മാര്ഗങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനും അതിലൂടെ കഴിയുന്നു. സ്പര്‍ശനത്തിലൂടെ കുഞ്ഞിനുണ്ടാകുന്ന പ്രതികരണം തിരിച്ചറിയാന്‍ ഓരോ മാതാപിതാക്കളും അത്രയേറെ കൊതിക്കുന്നുണ്ടാവും. അതിന് കുഞ്ഞിനെ സ്പര്‍ശിക്കുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: