എടോ ഗോപാലകൃഷ്ണ എന്ന് ഒരിക്കല്‍. പോയി വേറെ പണി നോക്ക് എന്ന് മറ്റൊരിക്കല്‍. നികൃഷ്ടജീവികള്‍ എന്ന് പിന്നീടൊരിക്കല്‍. പിന്നാലെ പരനാറിയും! ഇതൊക്കെ നാട്ടുഭാഷകളാണ്. നാട്ടുഭാഷകള്‍ക്ക് വല്ലാത്തൊരു ചൂടും ചൂരുമുണ്ട്. ആത്മാര്‍ത്ഥതയുണ്ട്. അതറിയണമെങ്കില്‍ ഇടയ്ക്കൊക്കെ നാട്ടുമ്പുറത്തുകൂടിയൊന്നുപോവണം. നാട്ടുഭാഷാ നിഘണ്ടു ആരെങ്കിലും പുറത്തിറക്കിയിട്ടുണ്ടോ എന്നറിയില്ല. അഥവാ ഇറക്കാന്‍ താല്പ്പര്യപ്പെടുന്നവര് ആരെങ്കിലുമുണ്ടെങ്കില്‍, ച്ചാല്‍ റുപ്പിയ ഇറക്കാന്‍ ആളുണ്ടെങ്കില്‍ പരമാധികാര സംശോധകന്‍, സംശോധകന്‍ എന്നീ തസ്തികകളിലേക്ക് ആളുകള്‍ തയാര്‍.
വേതനവും മറ്റും നിശ്ചയിച്ച് കരാര്‍ ഉറപ്പിച്ചാല്‍ മാത്രം മതി. ഇവിടെ ഒരു സംശയവും ഉയര്ന്നുവന്നേക്കാന് സാധ്യതയുണ്ട്. പരമാധികാര സംശോധകന്‍ (നാട്ടുഭാഷ മാറ്റി മറുനാട്ട് ഭാഷയാക്കിയാല്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍) ആരാവും? പ്രിയരെ, ആരുടെയെങ്കിലും പേര് നിങ്ങളുടെ മനോമുകുരത്തില്‍ തെളിഞ്ഞുവരുന്നുണ്ടെങ്കില് പ്ലീസ് ഒന്നറിയിക്കണം. ഇ-മെയ്ല്, കൈഫോണ്‍, നിശ്ചലഫോണ്, മുഖപുസ്തകം, വാട്സ് ആപ്, ഇനി വരാനുള്ള ഏതെങ്കിലും ആപ് എന്നിവകളിലൂടെയൊക്കെ അറിയിക്കാവുന്നതാണ്.
ഇനി നാട്ടുഭാഷയുടെ ജീവന് എന്താണെന്ന് അറിയാന്‍ താല്‍പ്പര്യമുണ്ടോ? ഇതാ ഒരു നാട്ടുഭാഷ: അയ്യംവിളി. സംഗതി പുരിഞ്ചിതാ ? കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ മുമ്പുണ്ടായിരുന്ന ഒരു പ്രയോഗമാണിത്. ഊയിശെന്റമ്മോ ഓന്റെ അയ്യംവിളി കേട്ടൂടേ ഡോ. എന്നുവെച്ചാല്‍ ആ കുട്ടിയുടെ നിലവിളി കേട്ടിട്ട് സഹിക്കാന്‍ പറ്റുന്നില്ലാന്ന്. ഈ അയ്യംവിളി എങ്ങനെ വന്നതാവും എന്നു ചിന്തിച്ചിരിക്കെ നമ്മുടെ കണാരേട്ടന് അതിനു നല്കിയ നാട്ടുവ്യാഖ്യാനം ഇങ്ങനെ: അയ്യോ അയ്യോ എന്നുപറഞ്ഞല്ലേ കരച്ചില്. അതിനാല്‍ അയ്യം വിളി എന്നായി. എങ്ങനെയുണ്ട്. പാവം ഇതുപോലെയാണ് നമ്മുടെ മണിയണ്ണന്, അല്ല ആശാന്.
നാട്ടുഭാഷയെക്കുറിച്ചുള്ള ടിയാന് കമന്റ് ഇങ്ങനെ: മനസ്സിന്റെ ഭാഷയിലാണ് ഞാന്‍ സംസാരിക്കുന്നത്. പ്രൊഫസര്‍മാരുടെ ഭാഷയില്‍ എനിക്ക് സംസാരിക്കാനാകില്ല. തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ജനിച്ചു വളര്‍ന്ന ഞാന്‍ സാധാരണക്കാരനാണ്. പണ്ഡിതോചിതമായ ഭാഷയൊന്നുമല്ല എന്റേത്. ആനാടിന്റെ ഭാഷയില്‍ നന്മയുണ്ട്. ശുദ്ധിയുണ്ട്. മനുഷ്യ സ്നേഹമുണ്ട്. മനസ്സിലുള്ളത് മറച്ചുവെച്ച് മിനുക്കിത്തേച്ച വാക്കുകള്‍ കൊണ്ട് കൃത്രിമമായി സംസാരിക്കാന്‍ എനിക്കറിയില്ല. ഇത്രേം ശരിയാണ്. വളരെ ശര്യാണ്. അതുകൊണ്ടല്ലേ മുമ്പ് വണ്‍, ടു, ത്രീ എന്നിങ്ങനെ മനുഷ്യരെ കൊന്നതിനെക്കുറിച്ച് ആത്മാഭിമാനത്തോടെ സംസാരിച്ചത്.
”നാട്യപ്രധാനം നഗരം ദരിദ്രം, നാട്ടിന്‍പുറം നന്മകളാല് സമൃദ്ധം” എന്നല്ലേ കവിവാക്യം.
നേരത്തെ സൂചിപ്പിച്ചതുപോലെ നാട്ടിന്‍പുറം വാസ്തവത്തില്‍ നന്മകള് കൊണ്ട് സമൃദ്ധമാണ്. ഏറിയും കുറഞ്ഞും ചില പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും വല്ലാതെ മാറിയിട്ടൊന്നുമില്ല. മണിയാശാനും മാറ്റം വന്നിട്ടില്ല. എംഎല്‍എ ആയാലെന്ത്, മന്ത്രിയായാലെന്ത് തന്റെ സ്വത്വം എന്തെന്നും അത് എങ്ങനെ പ്രകടിപ്പിക്കണമെന്നും അദ്ദേഹത്തെ പോലെ നന്നായറിയുന്നത് ഒരാള്‍ മാത്രം. അദ്യമാണെങ്കിലോ ഇന്ദ്രനും ചന്ദ്രനും കൂടി പേടിക്കുന്നയാള്. ഒരു തടവുശൊന്നാല് നൂറ് തടവുശൊന്നപോലെ. അങ്ങനെയുള്ളയാള്‍ ഭരണയന്ത്രം തിരിക്കുമ്പോള്‍ മണിയാശാനെപ്പോലുള്ളവര്‍ തന്നെ വേണ്ടേ പിണിയാളുകളായി.
അതിലെന്താ തെറ്റ്. നഗര കാന്താരങ്ങളുടെ കന്മഷം മനസ്സില്‍ പേറിവരുന്നവരെ നിലയ്ക്ക് നിര്‍ത്താന്‍ ഈ നാട്ടുമ്പുറത്തുകാര്‍ തന്നെ വേണം. എടോ ഗോപാലകൃഷ്ണാ എന്ന് വിളി തുടങ്ങിയാല്‍ ഇങ്ങേക്കരയില്‍ നിന്ന് മണിയാശാന് ഊളമ്പാറയ്ക്കു കൊണ്ടുപോകാനുള്ളവരുടെ ലിസ്റ്റ് ഒന്നൊന്നായി വായിച്ചു കൊടുക്കണം. ഇത്രകാലവും അത്തരം കേന്ദ്രങ്ങളില്‍ ചികിത്സ നടത്തിയിട്ടും മാറാത്ത രോഗങ്ങളൊക്കെ മണിയാശാനും ടിയാന്റെ മൂത്താശാനും മാറ്റിക്കൊടുക്കുമെന്നാണ് പിന്നാമ്പുറ സംസാരം.
അമ്മപെങ്ങന്മാരും മറ്റും തനിക്കുണ്ടെന്നൂം അവരെ അക്കാരണത്താല്‍ തന്നെ തനിക്ക് അപമാനിക്കാന്‍ കഴിയുമോയെന്നാണ് മണിയാശാന് ചോദിക്കുന്നത്. ഇതും ശരിയാണ്. ചാര്‍ളി എന്ന ഗോവിന്ദച്ചാമി, അമീറുള്‍ ഇസ്ലാം എന്നീ ഗജകേസരിമാര്ക്കും ഉണ്ടായിരുന്നു അമ്മ പെങ്ങന്മാര്. എന്നാല്‍ സന്ദര്‍ഭത്തിനനുസരിച്ച് വിവേകം മനുഷ്യനില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഒരാള്‍ ശരിക്കും മനുഷ്യനാവുന്നത്. അല്ലെങ്കില്‍ ഏതു നാട്ടുമ്പുറത്തുകാരനായിട്ടും പണ്ഡിതനായിട്ടും കാര്യമില്ല.
ഒരേ പ്രവൃത്തി ചെയ്യുന്നവര്‍, ഒരേ തരത്തില്‍ ചിന്തിക്കുന്നവര്‍, ഒരേ കാഴ്ചയില്‍ അഭിരമിക്കുന്നവര്‍ ഒക്കെ ഒന്നിച്ചു നില്‍ക്കുന്നതാണ് അഭികാമ്യം. ആയതിനാല്‍ നമുക്ക് ഇരട്ടച്ചങ്കന്റെ ഉറ്റ സുഹൃത്തായ മണിയാശാനെ നാട്ടുഭാഷാ നിഘണ്ടു സംശോധകനാക്കാം. ഇടുക്കി മലനിരകള്‍ കടന്നും തെളിഞ്ഞും നമ്മുടെ മലയാണ്മ നവോഢയായി വധൂഗൃഹത്തിലേക്ക് ഗമിക്കട്ടെ.
***********
ഓരോ സര്‍ക്കാരിനും ഓരോ താല്‍പ്പര്യങ്ങളുണ്ടാവും. അതുകൊണ്ടാണല്ലോ മാറിമാറി സര്‍ക്കാരുകള്‍ ഉണ്ടാവുമ്പോള്‍ ഉദ്യോഗസ്ഥരെ സുഖചികിത്സയ്ക്കും മറ്റും അയക്കുന്നത്. കലിപ്പ് മൂത്താല്‍ മുരിക്കില്‍ കയറിയിട്ടും കാര്യമില്ലെന്ന് നാട്ടുപ്രമാണം. ഇരട്ടച്ചങ്കന്റെ പാര്‍ട്ടി അധികാരത്തില്‍ കയറും മുമ്പ് തുടങ്ങിയതാണ് സെന്‍കുമാര്‍ എന്ന ഉദ്യോഗസ്ഥനോട് കലിപ്പ്. കാരണമെന്താ? ഓരോ കുറ്റകൃത്യത്തെയും അതാതിന്റെ രാഷ്ട്രീയം മാറ്റി നടപടിയെടുത്തു. സഹിക്കുമോ അസഹിഷ്ണുതാ വാദികള്‍ക്ക് ? തലശ്ശേരിയിലെ ഫസല്‍, കതിരൂരിലെ മനോജ്, ഇരിട്ടിയിലെ ഷുക്കൂര്‍ തുടങ്ങിയ വിപ്ലവക്കൂട്ടങ്ങള്‍ക്ക് നെഞ്ചിടിപ്പ് കൂട്ടിയ കൊലപാതക കേസുകളെ നേരെചൊവ്വെ നടത്തിച്ചു ആര്‍ജവമുള്ള ആ ഓഫീസര്‍.
അതിന് അധികാരമേറിയ ഉടനെ കൊടുത്തു പണി. നേരത്തെ കിട്ടിയ ശിക്ഷകള്‍ക്കെതിരെ ക, മ എന്നു പറയാത്ത സെന്‍കുമാര്‍ ഒടുവില്‍ വന്ന ശിക്ഷക്കെതിരെ പരമോന്നത നീതിപീഠം വരെ പോയി. ഫലമോ? ട്രൈബ്യൂണലിലും ഹൈക്കോടതിയിലും ഇരട്ടച്ചങ്കന് ജയിച്ചെങ്കിലും ആത്യന്തിക വിജയം സെന്‍കുമാറിനായി. ഇരു കേന്ദ്രങ്ങളിലും ജയിച്ച് വീറ് കാട്ടിയ സര്‍ക്കാര്‍ സെന്‍കുമാറിനെതിരെ വ്യാജാരോപണങ്ങള്‍ തിരുകിക്കേറ്റിയ ഫയലാണ് സുപ്രീം കോടതിയിലെത്തിച്ചത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത മ്ലേച്ഛത.
അതിന് കൂട്ടു നിന്നതോ നളിനി നെറ്റോ എന്ന ഓഫീസര്‍. അവസാനഫലം നാം കണ്ടു. കോടതിയുടെ കസ്റ്റഡിയിലുള്ള ഫയലില്‍ പോലും തിരിമറി നടത്തി പരിചയമുള്ള പാര്‍ട്ടിക്ക് ഇത് ഇടിത്തീയായി. തന്റെയും തന്നെപ്പോലുള്ളവരുടെയും എക്കാലത്തെയും പിടിവള്ളിയാവുന്ന ഒരുത്തരവിനുവേണ്ടി ജീവിതം സമര്‍പ്പിച്ച സത്യസന്ധനായ സര്, സെന്‍കുമാര്‍ അങ്ങയ്ക്ക് കാലികവട്ടത്തിന്റെ ഒരു ഉശിരന്‍ സല്യൂട്ട്. കാലം അങ്ങയെ കരുതലോടെ കാത്തുവെക്കട്ടെ.
***********
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മുഴുവനും മോശക്കാരാക്കാന്‍ തദ്ദേശ വകുപ്പു മന്ത്രിക്കും സംഘത്തിനും എന്തോ ഉദ്ദേശ്യമുണ്ടോ ആവോ? കഴിഞ്ഞയാഴ്ച കോഴിക്കോട് കോര്‍പറേഷനില്‍ മെഗാ അദാലത്ത് നടത്തി നാട്ടുകാരുടെ കൈയടി നേടാന്‍ അവര്‍ ചില നാടകങ്ങളൊക്കെ നടത്തി. നിയമം വ്യാഖ്യാനിച്ച് പ്രശ്നമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു വനിതാ ഓഫീസറെ ചിട്ടവട്ടങ്ങള്‍ പാലിക്കാതെ സസ്പെന്റ് ചെയ്തു. മറ്റൊരു ഓഫീസറെ ജനമധ്യത്തില്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി ബന്ധപ്പെട്ട നിയമം ഉച്ചത്തില്‍ വായിപ്പിച്ചു. ആളെ കെട്ടിയിട്ട് അടിക്കുക എന്ന് കേട്ടിട്ടുണ്ട്.
ഏതാണ്ട് അതുപോലെയായി മന്ത്രിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും സര്‍ക്കസ്. നാഴികക്ക് നാല്പതുവട്ടം നിയമം മാറ്റി മറിക്കുന്നവര്‍ ഉദ്യോഗസ്ഥരുടെ പ്രശ്നം മനസ്സിലാക്കാതെ പോവുകയാണ്. തറവേല നടത്തി കൈയടി നേടുന്ന ഈ തന്ത്രത്തിന് തൊഴിലാളികളുടെ പാര്‍ട്ടി തന്നെ അരുനില്‍ക്കുമ്പോള്‍ ആര് ആര്‍ക്കാണ് രക്ഷകര്‍ ! പൊതുജനത്തെ കഴുതകളാക്കുന്ന ഇമ്മാതിരി കളികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കട്ടെ. സ്റ്റണ്ടും പാട്ടും പ്രണയവുമില്ലാതെയെന്ത് ചലച്ചിത്രം, അല്ലേ?
**********
സര്‍ക്കാരിലെ രണ്ടു കക്ഷികളുടെ മുഖമാധ്യമങ്ങളാണ് ജനയുഗവും ദേശാഭിമാനിയും. ഒരു സംഭവത്തെ ഇരു കക്ഷികളും എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ മാതൃകയാണ് ഏപ്രില്‍ 25ന് അവര്‍ നല്കിയ ചിത്രം. കശ്മീരില്‍ പട്ടാളത്തിനു നേരെ കല്ലെറിയുന്ന വിദ്യാര്‍ത്ഥിനികള്‍ എന്ന അടിക്കുറിപ്പില്‍ ജനയുഗം ചിത്രം ഒന്നാം പേജില്‍ നല്കിയപ്പോള് അവരുടെ പിന്നില്‍ നിന്നെടുത്ത ചിത്രത്തിന് ദേശാഭിമാനി നല്കിയ അടിക്കുറിപ്പ് ഇങ്ങനെ: ശ്രീനഗറിലെ ലാല്‍ചൗക്കില്‍ വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചപ്പോള്‍. മൂന്നാറില്‍ സംഭവിക്കുന്നതും ഇതും ചേര്‍ത്ത് വായിച്ചിട്ട് എന്തെങ്കിലും തോന്നുന്നുവോ ?
*********
കാര്‍ട്ടൂണിയം
ശരീരത്തിലെ ഒരു പ്രധാന അവയവം വേണ്ടാത്ത പണിയെടുത്താല്‍ എന്തുചെയ്യണമെന്ന് മാതൃഭൂമിയിലെ ഗോപീകൃഷ്ണന് നമുക്കു കാണിച്ചുതരുന്നു, കാണുക :
പ്രതികരിക്കാൻ ഇവിടെ എഴുതുക: