അന്നത്തെ ചെറുപ്പം കൂടുതല്‍ ചെറുപ്പമായിരുന്നു. ഇന്നത്തെ ചെറുപ്പം കൂടുതല്‍ കൗമാരം ആകുംപോലെ. അന്നത്തെ യൗവനം സ്ഥിരതയുടേതായിരുന്നു. ഇന്നത്തെ ചെറുപ്പം കൗമാരത്തിന്റെ ആകാംക്ഷകള്‍ പോലെയാണ്. അതുകൊണ്ടു തന്നെ അന്നത്തെ സൂപ്പര്‍താരം വിനോദ് ഖന്ന ആവേശത്തിന്റെ സ്ഥിരതയായിരുന്നു. ഇന്നത്തെ സൂപ്പര്‍ സ്റ്റാറുകള്‍ ആകാംക്ഷകളുടെ കൗതുകം പോലെ വന്നുപോകുന്നവരും. വാര്‍ധക്യത്തിന്റെ പടിവാതിലിലാണ് അന്നത്തെ ചെറുപ്പം ഇന്ന്. അവരുടെ സിനിമാ യാമങ്ങളെ സുഗന്ധമാക്കിയ രാജകുമാരനാണ് വിനോദ് ഖന്ന. അദ്ദേഹം മരിച്ചെന്ന് ഞെട്ടലോടെ അറിയുമ്പോഴും ഖന്നയിലെ നായകനാണ് അവരില്‍ അപ്പഴും ഇരമ്പുന്നത്.
പലരേയുംപോലെ വില്ലനായി വന്ന് നായകനാകുകയായിരുന്നു വിനോദ് ഖന്ന. കുമരിപ്പെണ്‍ എന്ന എംജിആര്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പായ മാന്‍ കാ മീതില്‍ സുനില്‍ദത്തായിരുന്നു നായകന്‍. ഒരുപടി നായകനെക്കാളും തിളങ്ങി വില്ലനായ ഖന്ന. തുടര്‍ന്നങ്ങോട്ട് ഒരുപിടി വില്ലന്‍ വേഷങ്ങളില്‍ നായകനെപ്പോലെ തന്നെ കുതിച്ചു ഖന്ന. അതൊരു ജൈത്ര യാത്രയായിരുന്നു. പ്രക്ഷുബ്ധ യൗവനത്തിന്റെ പ്രതിനിധികളായ ബച്ചനേയും ധര്‍മേന്ദ്രയേയും പോലെ ഖന്നയും തിളങ്ങി. 1970കളും 80കളും വിനോദ് ഖന്നയുടേയും കൂടി വര്‍ഷമായിരുന്നു. എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളായ അമര്‍ അക്ബര്‍ ആന്റണി, കുര്‍ബാനി, ഇന്‍സാഫ് ഖന്നയുടെ താരമൂല്യം ഉയര്‍ത്തിയ ചിത്രങ്ങളാണ്. പ്രണയവും വിഷാദവും ആക്ഷനുമൊക്കെ ഈ നടന്റെ കൈയില്‍ ഭദ്രമായിരുന്നു. ആ കാലത്തെ ആക്ഷന്‍ ഹീറോ സങ്കല്‍പം ഖന്നയില്‍ കാണുകയായിരുന്നു പ്രേക്ഷകന്‍. ഈ പഞ്ചാബിയുടെ ഒത്ത ശരീര ഘടന ഇതിനു പോരുന്നതായിരുന്നു. 1968മുതല്‍ 140 ചിത്രങ്ങളില്‍ അഭിനയിച്ചു.
രാഷ്‌ട്രീയ മാന്യതയുടെ മാതൃകയായിരുന്നു വിനോദ് ഖന്ന. ബിജെപി എംപിയായിരുന്നു. നാലു തവണ എംപിയായിരുന്നു. കേന്ദ്രമന്ത്രിയുമായിരുന്നു. വ്യക്തിയെ സംബന്ധിച്ചും നടനെ സംബന്ധിച്ചും 70വയസ് അത്രവലിയ പ്രായമല്ല. നടന്റെ കാര്യത്തില്‍ ഇപ്രായം യൗവനമാണ്. കാന്‍സര്‍ ആക്രമിച്ചില്ലായിരുന്നെങ്കില്‍ വിനോദ് ഖന്ന 70ന്റെ ചെറുപ്പത്തിലായിരുന്നേനെ. നമുക്കു പ്രായമായാലും ചിലരുടെ സാന്നിധ്യവും ഓര്‍മകളും നമ്മെ ചെറുപ്പമാക്കും. അത്തരം ഇരമ്പുന്ന കാലത്തിന്റെ ഹീറോ ആണ് അന്നത്തെ പ്രേക്ഷകന് വിനോദ് ഖന്ന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: