കുന്നത്തൂര്‍: ഭക്ഷണപദാര്‍ത്ഥങ്ങളിലെ ഉത്പാദനതീയതിയില്‍ കൃത്രിമം കാട്ടി കബളിപ്പിക്കുന്നത് വ്യാപകമാകുന്നു. കൈകൊണ്ട് എഴുതി ഒട്ടിക്കുന്ന സ്റ്റിക്കറുകളിലാണ് ഇത്തരത്തില്‍ വെട്ടിപ്പ് നടത്തുന്നത്. പ്രധാനമായും ബേക്കറി സാധനങ്ങളിലും ചാപ്പത്തിയിലുമാണ് തീയതി മാറ്റി വെട്ടിപ്പ് നടത്തുന്നത്. സാധനം ഉത്പാദിപ്പിച്ച തീയതിക്ക് പകരം ഒരാഴ്ച വരെ നീട്ടിയുള്ള തീയതിയാണ് രേഖപ്പെടുത്തുക. ഇങ്ങനെ രേഖപ്പെടുത്തിയാല്‍ വില്‍പ്പനക്ക് കൂടുതല്‍ ദിവസം ലഭിക്കും. ഭക്ഷ്യവകുപ്പിന്റെ പരിശോധനയില്ലായ്‌മയാണ് ഇത്തരത്തില്‍ വെട്ടിപ്പ് നടത്താന്‍ പ്രേരണയാകുന്നത്. പഴകിയതും പൂപ്പല്‍ പിടിച്ചതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ സൃഷ്ടിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ്. അതേസമയം ഭക്ഷണം കേടുകൂടാതെ ഇരിക്കാന്‍ അമിതമായി മായം കലര്‍ത്തുന്നതും പതിവാകുകയാണ്.
















