മണിവസന്തം ശ്രീകുമാര്‍
ശ്രീകാര്യം: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ കീഴിലെ ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവര്‍ഗ്ഗ ഗവേഷണസ്ഥാപനം വികസിപ്പിച്ചെടുത്ത ഇലക്‌ട്രോണിക് ക്രോപ് യന്ത്രം ഇനി ലോക ശ്രദ്ധയിലേക്ക്. ഇ-ക്രോപ് എന്ന പേരിലുള്ള സാങ്കേതിക വിദ്യ ഇത്തരത്തില്‍ ലോകത്താദ്യത്തേതാണ്. ഒരു സസ്യത്തിന്റെ സ്വന്തം ആവശ്യങ്ങള്‍ കര്‍ഷകനെ സസ്യം തന്നെ സ്വയം അറിയിക്കുന്നു എന്ന കാര്‍ഷിക മേഖലയിലെ അതിവിപ്ലവകരമായ ആശയം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.
സൂര്യപ്രകാശം ഉപയോഗിച്ച് കാലാവസ്ഥയ്‌ക്കനുസരിച്ച് ജലത്തിന്റെയും പോഷകമൂലകങ്ങളുടെയും സഹായത്തോടെ ചെടികള്‍ സ്വയം കരുതി വയ്‌ക്കുന്ന ഈ പ്രക്രിയകള്‍ മുഴുവന്‍ ഇ-ക്രോപ് യന്ത്രം കൃത്യമായി നിര്‍വ്വചിച്ചു ശേഖരിക്കുന്നു. ചെടി ഉല്പാദിപ്പിക്കുന്ന വിളവ് കൃത്യമായി കണക്കാക്കാന്‍ ഈ ഉപകരണത്തിന് സാധിക്കും.
ഇ-ക്രോപ്പിന്റെ ദീര്‍ഘദര്‍ശനം മൂലം ചെടിയുടെ ശേഷിക്കുന്ന കാലഘട്ടത്തില്‍ എത്ര വിളവുകൂടി ഉത്പാദിപ്പിക്കുമെന്നും എത്ര ഉല്പാദിപ്പിക്കാനുള്ള ശേഷി അതിനുണ്ടെന്നുമുള്ള കണ്ടെത്തലും യന്ത്രം നിര്‍വ്വഹിക്കും.ഈ വിവരങ്ങള്‍ കൃഷിക്കാരന്റെ മൊബൈലിലേയ്‌ക്ക് എസ്എംഎസ് സന്ദേശമായി അയച്ചുകൊടുക്കും.
കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഇന്‍ അഗ്രികള്‍ച്ചര്‍ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ കിഴങ്ങുവര്‍ഗ്ഗ ഗവേഷണ സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ ഡോ. വി.എസ്. സന്തോഷ് മിത്രയുടെ സ്വപ്‌ന പദ്ധതിയാണ് ഈ ഇലക്ട്രാണിക് ഉപകരണം. 2014 ല്‍ ആണ് യന്ത്രം സ്ഥാപിച്ചത്. മധുരകിഴങ്ങ്, ചേന, ചേമ്പ്, മരച്ചീനി തുടങ്ങിയ വിളകളിലാണ് നിരന്തര പരീക്ഷണം തുടരുന്നത്.
















