പത്തനംതിട്ട: മദ്ധ്യതിരുവിതാംകൂറിലെ പടേനിക്കാലത്തിന്സമാപനം കുറിച്ച് കടമ്മനിട്ട വല്യപടേനി ഇന്ന്. വലിയ പടേനിയുടെ ഒരുക്കത്തിലാണ് കടമ്മനിട്ട ഗ്രാമവാസികള്‍. കഴിഞ്ഞ എട്ടുദിവസമായി കളത്തില്‍ തുള്ളിയുറഞ്ഞ കോലങ്ങള്‍ ഒന്നൊന്നായി എത്തുന്നതോടെ പടേനിക്കു സമാപനമാകും.
ഗണപതി, മറുത, കാലന്, യക്ഷി, മാടന്, പക്ഷി, കുതിര, നായ്, പുലി, പന്നി, ഭൈരവി തുടങ്ങിയവയാണ് കളത്തിലെത്തുന്ന പ്രധാന കോലങ്ങള്‍. എല്ലാ കോലങ്ങളും തുള്ളിമാറുമ്പോഴേക്കും നേരം പുലരും. തുടര്‍ന്ന് പൂപ്പട തുള്ളി കരവഞ്ചിയിറക്കി തട്ടിന്മേല് കളിയോടെയാണ് പടേനി പൂര്‍ത്തിയാകുന്നത്. പടേനി അവതരിപ്പിക്കുന്നത് കടമ്മനിട്ട ഗോത്രകലാകളരിയാണ്. പടേനി ആശാന് ഗോപാലകൃഷ്ണന് വൈദ്യന് തന്നെയാണ് ഇക്കുറിയും കോലമെഴുത്തിനു നേതൃത്വം നല്‍കുന്നത്.
ചെത്തിലപ്പാളയാണ് കോലം എഴുതാന്‍ ഉപയോഗിക്കുന്നത്. ഒരു പാള 3.5 ഇഞ്ച് വീതിയില്‍ കീറി കുരുത്തോലയുടെ ഈര്‍ക്കില്‍ ഉപയോഗിച്ച് ബലം വയ്ക്കും. കോലം എഴുതുന്നതാകട്ടെ പൂര്‍ണമായും പ്രകൃതിദത്തമായ അഞ്ച് നിറങ്ങള്‍ ഉപയോഗിച്ചാണ്. കറുപ്പ്, വെള്ള, മഞ്ഞ, പച്ച, ചുവപ്പ് തുടങ്ങിയവയാണ് അഞ്ചു നിറങ്ങള്‍. പച്ചമാവില വെയ്ലില്‍ വാട്ടി കരിച്ച് അരച്ചുണ്ടാക്കുന്നതാണ് കറുപ്പു നിറം. പച്ച മഞ്ഞളോ ചുവന്ന ചണ്ണയോ ഇടിച്ചെടുക്കുന്ന നീരാണ് മഞ്ഞനിറം. ചെങ്കല്ല് അരച്ച് ഉണ്ടാക്കുന്നതാണ് ചുവപ്പുനിറം. ഓരോ നിറവും പഞ്ചഭൂതവുമായി ബന്ധപ്പെട്ടിരിക്കുന്നു. കറുപ്പ് ആകാശത്തെയും വെള്ള വായുവിനെയും മഞ്ഞ അഗ്നിയെയും പച്ച ജലത്തെയും ചുവപ്പ് ഭൂമിയെയും സൂചിപ്പിക്കുന്നു. കോലത്തിന്റെ കണ്ണെഴുത്ത് അണ്ഡാകൃതിയിലാണ്. കോലം എഴുതാനുള്ള ബ്രഷ് കുരുത്തോലയുടെ മടല് ചതച്ചാണ് നിര്‍മിക്കുന്നത്.
ഭൈരവിയും കാഞ്ഞിരമാലയും വലിയ കോലങ്ങളാണ്. മുന്്പൊക്കെ 101 പാളയില്‍ തീര്‍ത്ത ആനയും കേസരിയുംവച്ച വലിയ ഭൈരവി ഉള്‍പ്പെടെ അനേകം വിശേഷരൂപങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു വലിയ പടേനി. നിലിവില്‍ മനുഷ്യരുടെ ആരോഗ്യത്തിനനുസരിച്ച് പാളകളുടെ എണ്ണത്തില്‍ കുറവു വരുത്തിയിട്ടുണ്ട്. പതിവുകോലങ്ങള്ക്കു പുറമേ നായാട്ടുവിളി, മാടന്‍കോലം, കുതിര, കുറത്തി, അന്തരയക്ഷി, അരക്കിയക്ഷി തുടങ്ങിയവയും ഇന്നുണ്ടാകും. നേരം പുലരുന്നതോടെ വല്യപടേനിക്ക് സമാപനമാകും. നാളെ ഭഗവതിയുടെ പള്ളിയുറക്കമാകയാല് ക്ഷേത്രത്തില്‍ പൂജകളോ മറ്റാരാധനകളോ ഉണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: