തൊടുപുഴ: ഭാഗീകമായി കാഴ്ച വൈകല്യമുള്ളയാളുടെ പക്കല്‍ നിന്നും ബാഗ് തട്ടിപ്പറിച്ച കേസില്‍ മദ്ധ്യവയസ്‌ക പിടിയില്‍. കോടിക്കുളം സ്വദേശിനി കുമാരി(50) ആണ് പിടിയിലായത്. വെങ്ങല്ലൂര്‍ മുത്താരംകുന്ന് തോട്ടത്തില്‍ നീലകണ്ഠന്‍ ഇളയതിന്റെ ബാഗാണ് കുമാരി തട്ടിപ്പറിച്ചത്. ഇന്നലെ വൈകുന്നേരം തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്താണ് സംഭവം.
നീലകണഠന്‍ ഇളയത് ക്ഷേത്രത്തിന് സമീപം ജ്യോതിഷാലയം നടത്തിവരികയാണ്. ഇയാളുടെ പക്കല്‍ നിന്നും ബാഗ് തട്ടിപ്പറിക്കുന്നത് ഒപ്പം ഉള്ളവര്‍ കണ്ടിരുന്നു.
ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഓടി രക്ഷപെട്ട പ്രതി ബാഗ് മറ്റൊരാളെ പിടിക്കാനായി ഏല്‍പ്പിച്ച് തടിതപ്പിയിരുന്നു. ആദ്യം ബാഗ് കണ്ടെത്തിയ പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. മുമ്പ് നീലകണഠന്‍ ഇളയതിന്റെ വീട്ടില്‍ കുമാരി ജോലിയ്‌ക്ക് നിന്നിരുന്നവെന്നും, ഇതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പോലീസ് നല്‍കുന്ന വിവരം.
പോലീസ് സ്‌റ്റേഷനിലും മുമ്പ് ഇവര്‍ പരാതിയുമായി ചെന്നിട്ടുണ്ട്. ബാഗില്‍ 8000 രൂപയോളം ഉണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതി നഗരത്തില്‍ ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു.
















