തിരുവനന്തപുരം: സ്വാമി ചിന്മയാനന്ദന്റെ നൂറ്റി ഒന്നാം ജയന്തിയോടനുബന്ധിച്ച് ചിന്മയാമിഷന്‍ നടത്തുന്ന 101 മണിക്കൂര്‍ വേദാന്ത ജ്ഞാനയജ്ഞം മേയര്‍ വി.കെ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വേദാന്തം വരും തലമുറകളെ പഠിപ്പിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സംവിധായകന്‍ രാജസേനന്‍ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദുക്കള്‍ക്ക് ആദ്ധ്യാത്മിക കാര്യങ്ങളില്‍ താത്പര്യം കൂടി വരുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. യുവതലമുറയും ആദ്ധ്യാത്മികതയിലേക്ക് അടുക്കുന്നു. നാസപോലെയുള്ള ശാസ്ത്രസ്ഥാപനങ്ങള്‍ വരെ വേദാന്തം പഠിക്കുന്നു. ഇത്തരം സംരംഭങ്ങള്‍ വേദാന്തത്തിലുള്ള ജനങ്ങളുടെ താത്പര്യം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആറ്റുകാല്‍ ചിന്മയവിദ്യാലയത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ തൃശൂര്‍ ചിന്മയ ആചാര്യന്‍ സ്വാമി ഗഭീരാനന്ദ, ചിന്മയ തിരുവനന്തപുരം യൂണിറ്റ് ചെയര്‍മാന്‍ ശേഖരന്‍ കുട്ടി, ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ രാമചന്ദ്രന്‍നായര്‍, കൗണ്‍സിലര്‍ എം.ആര്‍.ബീന, ബ്രഹ്മചാരി ധ്രുവ ചൈതന്യ, കെ.എസ്.സുനില്‍ എന്നിവര്‍ സംസാരിച്ചു. ബ്രഹ്മചാരിണി ദര്‍ശിക ചൈതന്യ വേദാന്ത പ്രവേശ പ്രഭാഷണം നടത്തി.
















