കുന്നത്തൂര്‍: രൂക്ഷമായ കുടിവെള്ളപ്രശ്‌നം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചിന് പിന്തുണ നല്‍കിയ യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെ രാഷ്‌ട്രീയപ്രേരിതമായി കേസെടുത്തതായി ആരോപണം. പോരുവഴി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം നിലച്ചിട്ട് ആഴ്ചകളായി. ടാങ്കറുകളിലെത്തിക്കുന്നകുടിവെള്ളം സിപിഎം പഞ്ചായത്തംഗങ്ങള്‍ അവര്‍ ഭരിക്കുന്ന വാര്‍ഡുകളിലേക്ക് ബലം പ്രയോഗിച്ച് വിതരണം ചെയ്യുന്നതോടെ മറ്റുവാര്‍ഡുകള്‍ കടുത്ത കുടിവെള്ള പ്രതിസന്ധിയിലായി. ഇതിനെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുകയായിരുന്നു. ഇതിന് പിന്തുണയറിയിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. ഇതിന്റെ രാഷ്‌ട്രീയവൈരാഗ്യം മൂലം സിപിഎം പോലീസിനെ ഉപയോഗിച്ച് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുപ്പിക്കുകയായിരുന്നുവെന്ന് യുവമോര്‍ച്ച ആരോപിച്ചു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അടക്കം 15 പേര്‍ക്കെതിരകെയാണ് കേസെടുത്തിരിക്കുന്നത്. അത് കൂടാടെ സിപിഎം വനിത പഞ്ചായത്തംഗത്തെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്ന പ്രചരണവും സിപിഎം നടത്തുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റിനെയടക്കം വനിത അംഗങ്ങളെ പഞ്ചായത്ത് ഹാളില്‍ പൂട്ടിയിട്ട സിപിഎം നേതാവിനെതിരെ കേസെടുക്കാതെ സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്തത് പോലീസിന്റെ ഇരട്ടത്താപ്പാണെന്ന് ആരോപണമുയര്‍ന്നു. പഞ്ചായത്ത്തല പദ്ധതികള്‍ സിപിഎം അംഗങ്ങളുടെ വാര്‍ഡുകളിലേക്ക് മാത്രമായി ചുരുങ്ങുകയാണ്. ജനകീയസമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കരുതെന്ന് യുവമോര്‍ച്ച ജില്ലാജനറല്‍ സെക്രട്ടറി വി.എസ്.ജിതിന്‍ദേവ് പറഞ്ഞു.
















