തിരുവനന്തപുരം : വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തര തീര്‍പ്പ് കല്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ വിഭാവനം ചെയ്ത കളക്ടറുടെ നേതൃത്വത്തിലുള്ള പരാതിപരിഹാര വേദിയുടെ രണ്ടാം ഘട്ടം കാട്ടാക്കട, വര്‍ക്കല താലൂക്കുകളില്‍ നടത്തും. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ 25 നും വര്‍ക്കല മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ 27 നും കളക്ടറുടെ നേതൃത്വത്തില്‍ പരാതി പരിഹാരവേദി സംഘടിപ്പിക്കുമെന്ന് ഇത് സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ എഡിഎം ജോണ്‍.വി.സാമുവല്‍ അറിയിച്ചു. പരിഹാരവേദിയിലേക്കുള്ള പരാതികള്‍ ഈ മാസം 15 വരെ ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളില്‍ സ്വീകരിക്കും. കാട്ടാക്കട താലൂക്കിലെ 13 വില്ലേജുകളും വര്‍ക്കല താലൂക്കിലെ 12 വില്ലേജുകളും കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് ഉന്നയിക്കാം. പ്രശ്‌നപരിഹാര വേദിയില്‍ അന്നേ ദിവസം നേരിട്ടും പരാതികള്‍ സമര്‍പ്പിക്കാം. ഓരോ വകുപ്പുകള്‍ക്കും പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കുമെന്നും എഡിഎം അറിയിച്ചു. തിരുവനന്തപുരം താലൂക്കിലെ 31 വില്ലേജുകള്‍ കേന്ദ്രീകരിച്ചുള്ള പരാതികള്‍ പരാതിപരിഹാര വേദി ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നു. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍മാരായ വി.ആര്‍. വിനോദ്, ബീനാസുന്ദര്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















