കാട്ടാക്കട: നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ ചാടിപ്പോയ അന്തേവാസി നാലാംനാള്‍ അവശനായി തിരിച്ചെത്തി. ബംഗാള്‍ ജല്‍പൈഭുരി തൗല്‍ഹാള്‍ടി സ്വദേശി മിന്റു എന്ന അബ്ദുള്‍ റാസാക്ക്(36)ആണ് ഇന്നലെ അവശനിലയില്‍ ജയിലില്‍ തിരിച്ചെത്തിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ച ജയില്‍ അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മിന്റു ഉള്‍പ്പടെ മൂന്നു അന്തേവാസികളില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. മൊബൈല്‍ ഫോണ്‍ പിടികൂടുന്നതിനിടെ മിന്റു അധികൃതരുടെ കണ്ണുവെട്ടിച്ച് ജയിലില്‍ നിന്ന് പുറത്ത് കടക്കുകയായിരുന്നു. തുടര്‍ന്ന് തുറന്ന ജയില്‍ അധികൃതര്‍ നെയ്യാര്‍ ഡാം പോലീസില്‍ പരാതി നല്‍കുകയും സുമേഷ്, പ്രശാന്ത് എന്നീ രണ്ട് അന്തേവാസികളുടെ പേരില്‍ നടപടി എടുക്കുകയും ചെയ്തിരുന്നു. മിന്റുവിന്റെ നാട്ടില്‍ ഉള്‍പ്പെടെ അന്വേഷണം നടക്കുന്നതിനിടയാണ് ചൊവ്വാഴ്ച രാത്രി 12.30 ന് അവശനായ നിലയില്‍ ഇയാള്‍ തുറന്ന ജയിലില്‍ തിരിച്ചെത്തിയത്. മൊബൈല്‍ പിടികൂടിയതില്‍ ഭയന്നാണ് താന്‍ ജയിലില്‍ നിന്നും മാറി തൊട്ടടുത്ത വനമേഖലയില്‍ ഒളിച്ചതെന്നും രണ്ട് ദിവസമായി ഭക്ഷണംകിട്ടാതെ വലഞ്ഞപ്പോള്‍ തിരിച്ചെത്തുകയായിരുന്നുമെന്നാണ് മിന്റു പറഞ്ഞത്. എന്നാല്‍ ഇയാള്‍ ഭയന്ന് ജയിലിലെ തന്നെ വാട്ടര്‍ടാങ്കിന് മുകളില്‍ ഒളിച്ച് കഴിയുകയായിരുന്നെന്നും പറയുന്നുണ്ട്. ഇയാളെ ജയില്‍ അധികൃതര്‍ നെയ്യാര്‍ ഡാം പൊലീസിന് കൈമാറി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ മിന്റുവിനെ റിമാന്റ് ചെയ്തു.
















