പള്ളിച്ചല്‍ : ദേശീയ പാതയോരത്തുനിന്ന് മദ്യശാലകള്‍ ജനവാസ മേഖലകളിലേക്ക് മാറ്റി സ്ഥാപിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്. ബാലരാമപുരത്തുനിന്ന് ബിവറേജസിന്റെ ഔട്ട്‌ലെറ്റ് പള്ളിച്ചല്‍ പനയത്തേരിയിലേക്ക് മാറ്റുന്നതില്‍ പ്രതിേഷധിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഇവിടം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിയെ കബളിപ്പിച്ച് മദ്യശാലകള്‍ പാതയോരത്ത് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. നാട്ടിന്‍പുറങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ മദ്യശാല വരുന്നത് ഭാവിയില്‍ വലിയ വിപത്തായി മാറും. പള്ളിച്ചലില്‍ ഗാര്‍ഹിക പെര്‍മിറ്റ് മാത്രമുള്ള കെട്ടിടം കച്ചവട കേന്ദ്രമാക്കുന്നത് നിയമത്തോടുള്ള വെല്ലുവിളിയാണെന്നും അേദ്ദഹം ആരോപിച്ചു. വില്‍പ്പന കേന്ദ്രത്തിലേക്ക് ബിവറേജസ് അധികൃതര്‍ സാധനങ്ങളുമായി എത്തിയെങ്കിലും ബിജെപിയുടെ നേതൃത്വത്തില്‍ ചെറുത്തു. ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് മുക്കംപാലമൂട് ബിജു, മണ്ഡലം ജനറല്‍ സെക്രട്ടറി വിശാഖ്, പള്ളിച്ചല്‍ ബിജു, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഗിരീഷ് എന്നിവരും പി.കെ.കൃഷ്ണദാസിനൊപ്പം സ്ഥലം സന്ദര്‍ശിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.സുരേഷും സ്ഥലം സന്ദര്‍ശിച്ചു. പ്രശ്‌നം വിവാദമായതോടെ പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കി.
















