തിരുവനന്തപുരം: കേന്ദ്ര പദ്ധതിയായ നാഷണല്‍ പ്രോഗ്രാം ഫോര്‍ പ്രിവന്‍ഷന്‍ ആന്റ് മാനേജ്‌മെന്റ് ഓഫ് ബേണ്‍ ഇഞ്ച്വറീസില്‍ നിന്ന് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ തീപ്പൊള്ളല്‍ ചികിത്സാ കേന്ദ്രങ്ങള്‍ ആധുനീകരിക്കാന്‍ പത്തരകോടിയുടെ ധനസഹായം അനുവദിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇത്.
ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ഫൗണ്ടേഷനുവേണ്ടി ഡോ.സനില്‍കുമാര്‍ സമര്‍പ്പിച്ച പരാതിയില്‍ തീപ്പൊള്ളല്‍ ചികിത്സാ കേന്ദ്രങ്ങള്‍ ആധുനീകരിക്കാന്‍ ആവശ്യമായ തുക കേന്ദ്ര പദ്ധതിയില്‍ നിന്നും നേടിയെടുക്കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയിരുന്നു.
കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകള്‍ക്കാണ് സഹായം ലഭിച്ചത്. ഹൈപ്പര്‍ബാറിക് ഓക്‌സിജന്‍ തെറാപ്പി പോലുള്ള ആധുനിക സംവിധാനങ്ങള്‍ അഞ്ച് മെഡിക്കല്‍ കോളേജുകളിലും ആരംഭിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. മെഡിക്കല്‍ കോളേജുകളിലുള്ള തീപ്പൊള്ളല്‍ ചികിത്സാ കേന്ദ്രങ്ങളിലെ അപര്യാപ്തതകളെകുറിച്ച് പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാര്‍ വിദഗ്‌ദ്ധ ഡോക്ടര്‍മാരുടെ സമിതി ഉടന്‍ രൂപീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
















