Categories: Kerala

അപ്പുമോന്‍ സ്ഥാനാര്‍ത്ഥിയാണ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കരുനാഗപ്പള്ളി: നാട്ടുകാരുടെ അപ്പുമോന്‍ സ്ഥാനാര്‍ത്ഥിയാണ്. പ്രായംകൊണ്ടും കുട്ടിത്തം തുളുമ്പുന്ന ചെറുപ്പംകൊണ്ടും തഴവയുടെ മനംകവരുകയാണ് അപ്പു എന്ന സനില്‍കുമാര്‍. തഴവ ഗ്രാമപഞ്ചായത്തില്‍ 3-ാം വാര്‍ഡിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി സനില്‍കുമാര്‍ മത്സരിക്കുന്നത്. തന്നേക്കാള്‍ ഇരട്ടിയിലധികം പ്രായവും വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തന പരിചയവും ഉള്ള എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ ഏറെ പിന്നിലാക്കി മുന്നേറുകയാണ് സനില്‍കുമാര്‍.

കാലങ്ങളായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചുവരുന്ന ഇവിടെ ഒരുമാറ്റം ആഗ്രഹിച്ച വോട്ടര്‍മാര്‍ക്ക് അപ്പുവിന്റെ ചുറുചുറുക്കും ചടുലമായ സംസാരരീതിയും ഏറെ പ്രിയങ്കരമായി മാറിയിരിക്കുന്നു. രാവിലെ 7 മണിയോടുകൂടി തുടങ്ങുന്ന പ്രവര്‍ത്തനം രാത്രി ഏറെ വൈകിയും തുടരുന്ന ഇവിടെ ഇപ്പോള്‍ തന്നെ നാല് പ്രാവശ്യം വീടുകള്‍ തോറും കയറിയിറങ്ങി വോട്ട് അഭ്യര്‍ത്ഥിച്ചുകഴിഞ്ഞു.

രാഷ്‌ട്രീയ സ്വയംസേവകസംഘത്തിന്റെ മുഖ്യശിക്ഷക് ആയിരുന്ന സനില്‍കുമാര്‍ ഇപ്പോള്‍ ബിജെപിയുടെ വാര്‍ഡ്കണ്‍വീനര്‍ കൂടി ആണ്. കാലങ്ങളായി എല്‍ഡിഎഫ് ഭരിച്ചുവരുന്ന ഇവിടുത്തെ അഴിമതിയും റോഡുകളുടെ ദുരവസ്ഥയും, പദ്ധതിവിതരണത്തിലെ ക്രമക്കേടുകളും വിവേചനങ്ങളും ഒക്കെ ജനങ്ങളെ ബോധ്യപ്പെടുത്തി വോട്ടുകള്‍ ഉറപ്പിക്കുന്ന തിരക്കിലാണ് സനില്‍കുമാര്‍. പ്രവര്‍ത്തനത്തിലും, പ്രചാരണത്തിലും ഏറെ മുന്നേറുന്ന സനല്‍കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമായി നാട്ടുകാരും കൂടെയുണ്ട്.

ഡിഗ്രി പഠനവും പിഎസ്‌സിയുടെ കോച്ചിംഗ് ക്ലാസിനും പോകുന്ന സനില്‍കുമാര്‍ തഴവ ടി.എസ്.ഭവനത്തില്‍ തുളസീധരന്‍-ശോഭന ദമ്പതികളുടെ മകനാണ്.

Recent Posts