ഇത് ഭാരതത്തിന്റെ വടക്കേഅറ്റത്തെ കാശ്മീര്‍ സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തോടടുത്ത് വളരെ പ്രസിദ്ധമായ ദേവീക്ഷേത്രമാണ്. തുലാ (ആശ്വിന) മാസത്തിലെ നവരാത്രിയും മേട (ചൈത്ര) മാസത്തെ നവരാത്രിയും ഇവിടത്തെ തീര്‍ത്ഥയാത്ര വിശേഷമാണ്.
ഇവിടെ വന്നു ചേരുന്നതിന് വടക്കെ അറ്റത്തെ തീവണ്ടി സ്റ്റേഷനായ ജമ്മുവരെ തീവണ്ടിയുണ്ട്. ജമ്മുവില്‍ നിന്ന് കട്രാ (കര്‍ത്രി എന്നും പറയും) വരെ ബസില്‍ പോകാം. ജമ്മുവില്‍ നിന്നും കട്രായിലേക്കു മുപ്പത്തിയൊന്നു കിലോമീറ്റര്‍ ദൂരമുണ്ട്.
കട്രയില്‍ കൂലി ഏജന്‍സിയില്‍ നിന്നും കൂലി വാങ്ങണം. അവിടന്നങ്ങോട്ടു നടന്നു വേണം പോവാന്‍. മൂന്നു കിലോമീറ്റര്‍ നടന്നു ചെല്ലുമ്പോള്‍ ദേവിയുടെ പാദചിഹ്നം കാണാം. ഭാരതത്തിന്റെ നാനാഭാഗത്തുനിന്നും അനേകായിരം തീര്‍ത്ഥാടകര്‍ ഇവിടെ വന്നു ദേവീദര്‍ശനം നടത്തുന്നു.
ആദ്യത്തെ വിശ്രമം ആദികുമാരി എന്ന സ്ഥാനത്താണ്. ഇവിടെ ഒരു ധര്‍മ്മശാലയുണ്ട്. ഇവിടെയാണ് വൈഷ്ണവദേവി പ്രാദുര്‍ഭവിച്ചത്. ഇവിടെ ഗര്ഭവാസമെന്ന പേരില്‍ ഒരു സങ്കീര്‍ണ്ണ ഗുഹയുണ്ട്. മുന്നോട്ടുള്ള മാര്‍ഗം വൈഷമ്യമേറിയതും കഠിനമായ കയറ്റമുള്ളതുമാണ്. കയറ്റം തീര്‍ന്നാല്‍ മൂന്നു കിലോമീറ്റര്‍ ഇറങ്ങുകയും വേണം.
വൈഷ്ണവദേവിയില് ക്ഷേത്രമൊന്നുമില്ല. ഒരു ഗുഹയാണുള്ളത്. ഇതില്‍ ഏകദേശം അമ്പതുവാര ഉള്ളിലായി മഹാലക്ഷ്മി, മഹാകാളി, മഹാസരസ്വതി എന്നീ ദേവിമാരുടെ വിഗ്രഹങ്ങളുണ്ട്. ഇവരുടെ പാദങ്ങളില്‍ നിന്നും ഇടതടവില്ലാതെ ജലം നിര്ഗമിച്ചുകൊണ്ടിരിക്കുന്നു. ഈ ജല നിര്‍ഗമനത്തിന് ബാണഗംഗ എന്നു പറയുന്നു. ഗുഹാകവാടം സങ്കീര്‍ണ്ണമാണ്. അതില്‍ ആദ്യം അഞ്ചുവാരയോളം ഇഴഞ്ഞു പോവേണ്ടിവരും. വസ്ത്രങ്ങളെല്ലാം നനയും (ഇക്കാലത്ത് ഈ വഴിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വരുത്തിയിട്ടുണ്ട്. ക്ലേശത്തിനു വളരെ കുറവുണ്ട്).
ഇതൊക്കെയാണെങ്കിലും ഭാരതത്തിന്റെ നാനാഭാഗത്തു നിന്ന് അനേകായിരം ഭക്തന്മാര് ഇവിടെ വന്നു ദര്‍ശനം നടത്തി ചരിതാര്‍ത്ഥരായി പോവുന്നുണ്ട്. മടങ്ങിപ്പോരുമ്പോള്‍ എല്ലാവരും ചുവന്നപട്ടുനാട തലയില്‍ കെട്ടിക്കൊണ്ടാണു പോരുന്നത്.. ഇവിടെ ഒരു ഉത്സവപ്രതീതിയാണ്്. ധാരാളം കീര്‍ത്തനങ്ങള്‍ പാടിക്കൊണ്ടാണ് ആളുകള്‍ വരികയും പോവുകയും ചെയ്യുന്നത്.
ശ്രീനഗര്‍
ഇക്കാലത്ത് ഏതു കാലാവസ്ഥയിലും ശ്രീനഗറില്‍ പോവാന്‍ സാധിക്കും. ശ്രീനഗറില്‍ നിന്ന് ആരംഭിക്കുന്ന ഒരു പര്വ്വതത്തിന് ശങ്കരാചാര്യപര്വ്വതം എന്നു പേരുണ്ട്. അതിനു മുകളില്‍ ആദിശങ്കരാചാര്യര്‍ പ്രതിഷ്ഠിച്ച ശിവലിംഗമുണ്ട്. പര്‍വ്വതത്തിലേക്കുള്ള രണ്ടു കിലോമീറ്റര്‍ കയറ്റം വളരെ കഠിനമാണ്. പര്‍വ്വതത്തിന്റെ താഴ്വരയില് ശ്രീശങ്കരമഠമുണ്ട്. ഇതിനു ദുര്ഗ്ഗാനാഥക്ഷേത്രമെന്നു പറയുന്നു.
ശ്രീനഗറില്‍ നാലാമത്തെ പാലത്തിനു സമീപം മഹാശ്രീയുടെ ക്ഷേത്രമുണ്ട്. ഹരിപര്വ്വതത്തിലും ക്ഷേത്രമുണ്ട്. കാശ്മീരില്‍ ക്ഷീരഭവാനി, അനന്തനാഗ്, മാര്‍ത്താണ്ഡമന്ദിര്‍ ഇവ ദര്‍ശനീയങ്ങളാണ്. ഈ സ്ഥലങ്ങളിലെല്ലാം ബസുമാര്‍ഗം ചെന്നെത്താവുന്നതാണ്. ശ്രീനഗറില്‍ നിന്ന് ബസില്‍ ഹല്ഗാവിലേക്കു പോവുമ്പോള്‍ വഴിമദ്ധ്യേ അനന്തനാഗ് കാണാം. മാര്‍ത്താണ്ഡമന്ദിര്‍ പര്‍വ്വതത്തിനു മുകളിലാണ്. താഴെ പണ്ഡകളുടെ ഗ്രാമമായ മടന് ഉണ്ട്. അവിടെ മാര്ത്താണ്ഡസരോവരമെന്ന തീര്‍ത്ഥവുമുണ്ട്.
– സ്വാമി ധര്‍മ്മാനന്ദ തീര്‍ത്ഥ
പ്രതികരിക്കാൻ ഇവിടെ എഴുതുക: