ഉദുമ: ടൂറിസം മേഖലയില്‍ അനന്ത സാധ്യതകളുള്ള ഉദുമയിലെ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോഴും വാടക കെട്ടിടത്തില്‍. സ്വന്തമായ കെട്ടിടത്തിന്റെ പണികള്‍ ആരംഭിച്ചിട്ട് വര്‍ഷം പലത് കഴിഞ്ഞെങ്കിലും പൂര്‍ത്തികരിക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഉദുമയില്‍ നിന്നും എകദേശം 1.300 കി.മീ കിഴക്ക് മുക്കുന്നോത്ത് എന്ന സ്ഥലത്ത് സ്വകാര്യ വ്യക്തി നല്കിയ 30 സെന്റ് സ്ഥലത്താണ് കെട്ടിടത്തിന്റെ പണികള്‍ നടക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് അന്നത്തെ അഭ്യന്തര വകുപ്പ് മന്ത്രി കൊടിയേരി ബാലകൃഷ്ണനാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. മൂന്ന് വര്‍ഷം കൊണ്ട് കെട്ടിടത്തിന്റെ പണികള്‍ പൂര്‍ത്തികരിച്ച് ഉദ്ഘാടനം നടത്തുമെന്ന് അന്ന് മന്ത്രി വാഗ്ദാനം നടത്തിയിരുന്നു. തുടര്‍ന്ന് യുഡിഎഫ് അധികാരത്തില്‍ വന്നിട്ടും പ്രവര്‍ത്തികള്‍ പൂര്‍ത്തിയായില്ല. ഇതിനു വേണ്ടി 200 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഇതിന്റെ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്തുന്നത് ബിആര്‍ഡിസിയാണ്(ബേക്കല്‍ റിസോര്‍ട് ഡവലപ്പ്മെന്റ് കോര്പറേഷന്).
2002 ല്‍ കുമ്പളയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് 2008 ലാണ് ഉദുമയിലെ സ്വകാര്യ വാടക കെട്ടിടത്തിലേക്ക് മാറുന്നത്. ഇപ്പോള്‍ 40000 രൂപയാണ് മാസത്തില്‍ വാടക നല്‍കുന്നത്. ഫുഡ് ആന്റ് ബിവറേജസ്, ഫ്രണ്ട് ഓഫീസ് ഓപറേഷന്, ഫുഡ് പ്രാഡക്ഷന്‍, ഹോട്ടല്‍ അക്കമഡേഷന്‍ ഓപറേഷന് തുടങ്ങിയ നാല് കോഴ്സുകളാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്കി വരുന്നത്. ആകെ 140 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സ്ഥല പരിമിതി മൂലം രണ്ടു കോഴ്സുകളില്‍ പ്രവേശനം നടത്തുന്നില്ല. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ നിരവധി പുതിയ കോഴ്സുകള്‍ ആരംഭിക്കാന്‍ സാധിക്കും.
തറക്കല്ലിട്ട് പോയതെല്ലാതെ സമയ ബന്ധിതമായി പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കാന്‍ ഇടതു സര്‍ക്കാര്‍ ശ്രമിച്ചില്ല. യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ യാതൊരു ശ്രദ്ധയും കാണിച്ചില്ല. മണലിന്റെയും അസംസ്കൃത വസ്തുക്കളുടേയും ലഭ്യത കുറവാണ് കെട്ടിടത്തിന്റെ പ്രവര്‍ത്തികള്‍ വൈകാന്‍ കാരണമെന്ന് ബിആര്‍ഡിസി നിരത്തുന്ന വാദം. അതേസമയം ബേക്കല്‍ അന്താരാഷ്ട്ര ടൂറിസം കേന്ദ്രത്തിന്റെ ഭാഗമായി നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകളാണ് ഈ പ്രദേശത്ത് ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നത്.
ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടില്‍ ജോലി ലഭിക്കുന്നതിനുള്ള അവസരങ്ങള്‍ നിരവധിയാണ്. കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകിപ്പിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട കോഴ്സുകള്‍ മാത്രമല്ല സ്വന്തം നാട്ടില്‍ ജോലി ലഭിക്കാനുള്ള അനവധി സാധ്യതകള്‍ കൂടിയാണ് അധികൃതര്‍ ഇല്ലാതാക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: