അലങ്കാര മത്സ്യയിനങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനുമായി വിഭാവനം ചെയ്ത കാരാപ്പുഴ പബ്ലിക് അക്വേറിയം ഉദ്ഘാടനത്തിന് സജ്ജമാകുന്നു. പ്രവൃത്തി അന്തിമ ദശയിലാണെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ബി.കെ. സുധീര്‍കിഷന്‍ പറഞ്ഞു.
വയനാട്ടിലെ വിനോദസഞ്ചാര വികസനത്തിനു ഉതകുമെന്ന പ്രതീക്ഷയിലുമാണ് കാരാപ്പുഴയില്‍ പബ്ലിക് അക്വേറിയം നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഫിഷറീസ് വകുപ്പിനു കീഴിലുള്ള കേരള അക്വ വെന്‍ച്വര്‍ ഇന്റര്‍നാഷണല്‍ കമ്പനിയാണ് അക്വേറിയത്തിന്റെ പ്രവൃത്തി നടത്തുന്നത്. 32 സംഭരണികള്‍ സ്ഥാപിക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്. മാസങ്ങള്‍ മുമ്പ് വൈദ്യുതി ബന്ധം ലഭിച്ച അക്വേറിയത്തില്‍ വയറിംഗ് ജോലികളും നടത്തേണ്ടതുണ്ട്.
കാരാപ്പുഴ അണക്കെട്ടിലേക്കുള്ള പ്രധാന കവാടത്തിനു ഒന്നര കിലോമീറ്റര്‍ അകലെ 3200 അടി ചതുരശ്ര വിസ്തൃതിലാണ് അക്വേറിയം. ഹാര്‍ബര്‍ എന്‍ജീനീയറിംഗ് വകുപ്പിനായിരുന്നു അക്വേറിയത്തിനായി കെട്ടിടം നിര്‍മിക്കുന്നതിനു ചുമതല. വൈദ്യുതീകരണം, ജനറേറ്റര്‍ സ്ഥാപിക്കല്‍, കിണര്‍, ചുറ്റുവേലി, ഗെയ്റ്റ് നിര്‍മാണം, തുടങ്ങിയ പ്രവൃത്തികള്‍ ജില്ലാ നിര്‍മിതി കേന്ദ്രത്തെയാണ് ഏല്‍പ്പിച്ചത്. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് കെട്ടിടനിര്‍മാണം ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കി. മന്ദഗതിയിലായിലായിരുന്നു നിര്‍മിതി കേന്ദ്ര എറ്റെടുത്ത ജോലികളുടെ നീക്കം.
കാരാപ്പുഴ അണയുടെ പ്രധാന കവാടത്തില്‍നിന്ന് സഞ്ചാരികള്‍ക്ക് എളുപ്പം അക്വേറിയത്തില്‍ എത്താന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. സുരക്ഷാകാരണങ്ങളാല്‍ അണയുടെ സ്പില്‍വേയിലൂടെ സഞ്ചാരികളെ കടത്തിവിടുന്നില്ല. കാരാപ്പുഴ-അമ്പലവയല്‍ റോഡിലൂടെ യാത്രചെയ്തുവേണം സഞ്ചാരികള്‍ക്ക് അക്വേറിയത്തിനു പരിസരത്ത് എത്താന്‍. അതിനാല്‍ത്തന്നെ ഭാവിയില്‍ ജില്ലയില പ്രധാന വിനോദസഞ്ചാരകേന്ദ്രമായി മാറുമെന്ന് കരുതുന്ന കാരാപ്പുഴയിലെത്തുന്ന സഞ്ചാരികളില്‍ ഭൂരിപക്ഷവും അക്വേറിയ സന്ദര്‍ശനം ഒഴിവാക്കുന്നതിനുള്ള സാധ്യതയും കൂടുതലാണ്. അഞ്ച് വര്‍ഷം മുമ്പ് ആരംഭിച്ചതാണ് അക്വേറിയം നിര്‍മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: