പണ്ട് പ്രഭാതങ്ങളില്‍ നമ്മെ വിളിച്ചുണര്‍ത്തിയിരുന്നത് ഒരുകൂട്ടം കിളികളാണ്. അന്ന് അലാറമൊന്നും വേണ്ടായിരുന്നു. ദേ,കാക്ക കരഞ്ഞു. കിളി കരഞ്ഞു എന്നൊക്കെ പറഞ്ഞു നമ്മള് ഉണരും. അങ്ങനെ ഓരോ പ്രഭാതവും പ്രകൃതിയോടും പക്ഷികളോടും ചേര്‍ന്നാവും തുടങ്ങുക. വിവിധതരം കിളികളുടെ കച്ചേരി എന്നോ ചെണ്ടമേളമെന്നോ പറയാവുന്ന കലപില. അതുകേള്ക്കുന്നതു തന്നെ വല്ലാത്ത ഉണര്‍വായിരുന്നു. പക്ഷികളെ കണ്ടില്ലെങ്കിലും ഓരോ ശബ്ദംകേട്ട് അവയെ തിരിച്ചറിയാം.
വീടുകള്‍ക്കു ചുറ്റും മരങ്ങളും ചെറുകാടുകളും തണലും തണുപ്പുമൊക്കയായി ഒരു പ്രത്യേക ആവാസകേന്ദ്രം തന്നെയുണ്ടായിരുന്നു. അവയില്‍ ഒത്തിരി പക്ഷികളുടെ താമസങ്ങളും. അകത്തും പുറത്തുമൊക്കെ പറന്നും കൂടുവെച്ചും സ്വതന്ത്രമായി ഇഷ്ടങ്ങള്‍ ആഘോഷിച്ചിരുന്ന പക്ഷികള്‍. അന്നു നാം പക്ഷിക്കൂടുകള്‍ അത്രയ്ക്കൊന്നും ഒരുക്കിയിരുന്നില്ല.നമ്മുടെ വീടുകള്‍ തന്നെയായിരുന്നു അവയ്ക്കു കൂടുകള്‍.
ഇന്നു മരങ്ങളും കാടുകളുമൊക്കെ നമുക്കു ചുറ്റുമില്ല. അതുകൊണ്ടു തന്നെ കിളികളേയും കാണാനില്ല. പണ്ട് എന്നും എപ്പോഴും നമുക്കു ചുറ്റും കാണുമായിരുന്ന കിളികളെപ്പോലും ഇന്നു പുതു തലമുറ കാണുന്നത് ചിത്രങ്ങള്‍ നോക്കിയാണ്. അവര്‍ക്ക്, കിളികള്‍ പണ്ടു നമുക്കു നല്‍കിയിരുന്ന പേച്ചുകളുടെ ആനന്ദമൊന്നും അറിയില്ലല്ലോ.
ഇന്നു നമ്മള് കാത്തിരിക്കുന്നതു ദേശാടനപ്പക്ഷികള്‍ക്കു വേണ്ടിയാണ്. പാടവരമ്പത്തും പുഴയോരത്തും വയല്‍ വരമ്പിലുമൊക്കെ ഓരോ സീസണില്‍ ദേശാടനപ്പക്ഷികള്‍ ആയിരക്കണക്കിനു കിലോമീറ്ററുകള്‍ താണ്ടിയെത്തുന്നത് വന്‍ വാര്‍ത്തയാണ്. പത്ര,ദൃശ്യ മാധ്യങ്ങളില്‍ അവയുടെ വാര്‍ത്തയും പടങ്ങളും സമൃദ്ധമായി വരും. അവ മടങ്ങിപ്പോകുമ്പോള്‍ പിന്നേയും കാത്തിരിപ്പായി. പക്ഷേ നമ്മുടെ സ്വന്തം കിളികള്‍ മാത്രം എന്നു വരുമെന്ന് നമുക്കു നിശ്ചയമില്ല. എങ്ങനെ നിശ്ചയമുണ്ടാകാന്‍, അവ എങ്ങുപോയെന്നു നമുക്കറിയില്ലല്ലോ. അല്ലെങ്കില്‍ തന്നെ മരങ്ങളും കാടുമില്ലാതെ തരിശായ ഇടങ്ങളിലേക്ക് അവ എങ്ങനെ പറന്നു വരാന്‍.
സേവ്യര്‍.ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: