കല്പറ്റ: ബസ് ജീവനക്കാര്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കുമിടയില്‍ അവര്‍ അറിയാതെ രൂപപ്പെടുന്ന ആത്മബന്ധം പ്രകടമാക്കി ഒരു യാത്രയയ്പ്പ് സമ്മേളനം. പെരിക്കല്ലുര്‍-കേണിച്ചിറ- കൊളവയല്‍-കല്പറ്റ-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്.ടി.സി ബസില്‍ പത്തര വര്‍ഷമായി ജോലി ചെയ്യുന്ന ഡ്രൈവര്‍ കെ. ബാബുവിന് പെരിക്കല്ലൂരിനും കല്പറ്റയ്ക്കുമിടയിലെ സ്ഥിരം യാത്രക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് യാത്രയയപ്പ് നല്‍കിയത്. കല്‍പ്പറ്റ പങ്കജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഡ്രൈവര്‍ ബാബുവിനു അവിസ്മരണീയ അനുഭവവുമായി.
കോഴിക്കോട് ചെറുവാറ്റ താഴെ മണ്ണറയ്ക്കല് കുടുംബാഗമാണ് ബാബു. കെ.എസ.്ആര്‍.ടി.സിയുടെ കോഴിക്കോട് ഡിപ്പോയില്‍ 2000 ജൂലൈ 21നാണ് ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് കല്പറ്റ ഡിപ്പോയിലേക്ക് മാറി. കേരള-കര്‍ണാടക അതിര്‍ത്തിയിലെ പെരിക്കല്ലൂരില്നിന്നു പുല്പള്ളി-കേണിച്ചിറ വഴി കോഴിക്കോടിനുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസില്‍ 10 വര്‍ഷവും ആറ് മാസവും മുമ്പാണ് സേവനം തുടങ്ങിയത്. പിന്നീട് മറ്റൊരു റൂട്ടിലേക്കും ബാബുവിനെ കോര്പറേഷന് മാറ്റയില്ല. കോര്‍പറേഷന്റെ പൂള് ബിയിലാണ് ഈ സര്‍വീസ്.
ദിവസവും രാവിലെ 10 മണിയോടെ കല്പറ്റയിലെത്തുന്ന വിധത്തിലാണ് പെരിക്കല്ലൂര്‍-കോഴിക്കോട് ബസിന്റെ സമയക്രമീകരണം. അതിനാല്‍ത്തന്നെ നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ ഈ ബസിലെ സ്ഥിരം യാത്രക്കാരായി. ഉദ്യോഗസ്ഥരടക്കം യാത്രക്കാരുടെ സൗകര്യത്തിനും സമയത്തിനും സുരക്ഷയ്ക്കും മുഖ്യപരിഗണന നല്‍കിയാണ് ബാബുവിന്റെ ഡ്രൈവിംഗ്. ഇതാണ് ബാബുവിനും സ്ഥിരം യാത്രികര്‍ക്കുമിടയില്‍ സൗഹൃദം പൊട്ടിമുളയ്ക്കാന്‍ ഇടയാക്കിയതും.
ബാബു സര്‍വീസില്‍നിന്നു വിരമിക്കുന്നതറിഞ്ഞ് കല്പറ്റ സിവില്‍ സ്റ്റേഷനിലെ ജിവനക്കാരില്‍ ചിലര്‍ മുന്‍കൈയെടുത്താണ് യായത്രയയ്പ്പ് സംഘടിപ്പിച്ചത്. സി.കെ. രാജന് അധ്യക്ഷത വഹിച്ചു. പ്രസീത പ്രകാശ് ഉപഹാര സമര്‍പ്പണം നടത്തി. പി.എന്‍. സുനില്‍, ടി.എം. കുര്യാക്കോസ്, എ.കെ. രതീഷ്ബാബു, കെ.കെ. പ്രസാദ്, എ.സി. രാജീവ്, എ. ഷീന, കെ.വി. ജീന, കെ. മുരളീധരന്, മോഹനന് പാറയ്ക്കല്‍, ബാബുവിന്റെ സഹപ്രവര്‍ത്തകരായ പി.ജെ. ജോണ്സണ്, വിപിന്‍ ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: