മാനന്തവാടി:ഇല്ലാത്ത മഹിളാസമാജത്തിന്റെ പേരില്‍ ചട്ടങ്ങള്‍ മറികടന്നു കൊണ്ട് സാംസ്കാരിക നിലയം പണിയുന്നതായി ആക്ഷേപം.ഒന്നേമുക്കാല്‍ സെന്റ് ഭൂമിയില്‍ വീട് വെച്ച് കഴിയുന്ന നിര്‍ദ്ധനരായ കുടുംബത്തിന്റെ വീടിന്റെ അടിത്തറ പൊളിച്ചു കൊണ്ടുള്ള നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു.വെള്ളമുണ്ട പഞ്ചായത്തിലെ കോക്കടവില്‍ റോഡിനോട് ചേര്‍ന്നാണ് പത്ത് ലകഷം രുപാ ചിലവില്‍ സാംസ്കാരിക നിലയം നിര്‍മിക്കാന്‍ ശ്രമം നടക്കുന്നത്.പൊരുന്നന്നൂര്‍ വില്ലേജില്‍ പെട്ട റീസര്‍വ്വെ62/8 ല്‍ പെട്ട ഒന്നേമുക്കാല്‍ സെന്റ് ഭൂമിയില്‍ കഴിഞ്ഞ നാല്പത് വര്‍ഷത്തോളമായി നിലവിലുള്ള വീടിന്റെ അടിത്തറ പൊളിച്ചു കൊണ്ടാണ് സാംസ്കാരിക നിലയത്തിന്റെ നിര്‍മാണം ആരംഭിച്ചത്.പൂളക്കല്‍ റഫീക്കും രോഗിയായ ഭാര്യയും പ്രായമായ ഉമ്മയും മൂന്ന് മക്കളുമാണ് ഈ വീട്ടില്‍ കഴിഞ്ഞ നാല് വര്‍ഷമായി താമസിച്ചു വരുന്നത്.ഇവര്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു വീടിനോട് ചട്ടപ്രകാരമുള്ള അകലം പോലും പോലിക്കാതെ കെട്ടിട നിര്‍മാണത്തിനായുള്ള കുഴിയെടുത്തത്.അന്വേഷണത്തില്‍ കോക്കടവിലെ താരാ മഹിളാ സമാജത്തിന് വേണ്ടി സാംസ്കാരികനിലയമാണ് പണിയുന്നതെന്ന് വ്യക്തമായി.കല്‍പ്പറ്റയിലെ ജീല്ലാ രജിസ്ട്രാര്‍ ഓഫീസില്‍ വിവരാവകാശപ്രകാരം അന്വേഷിച്ചതില്‍ അത്തരത്തില്‍ ഒരുസമാജം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന വിവരമാണ് നാട്ടുകാര്‍ക്ക് ലഭിച്ചത്.40 വര്‍ഷം മുമ്പുണ്ടായിരുന്ന മഹിളാസംഘത്തിന്റെ പേരിലാണ് സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് ചട്ടങ്ങള്‍ മറികടന്നുകൊണ്ട് കെട്ടിടനിര്മാമത്തിന് റവന്യു വകുപ്പും പഞ്ചായത്ത് വകുപ്പും കൂട്ടുനില്‍ക്കുന്നതെന്നാണ് ആരോപണം.നേരത്തെയുണ്ടായിരുന്ന ഭൂമിയുടെ കൈവശരേഖയും സ്കെച്ചും പരിശോധിക്കാതെയാണ് ലോകബേങ്കിന്റെ സഹായത്തോടെ നിര്‍മിക്കുന്ന കെട്ടിടത്തിനായി പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയത്.ഭൂമിയോട് ചേര്‍ന്നു നില്ക്കുന്ന ഭൂവുടമയുടെ അനുമതിയില്ലാതെയാണ് നിര്‍മാണം നടത്താന്‍ പഞ്ചായത്ത് തയ്യാറായത്.ഈ സാഹചര്യത്തില്‍ കെട്ടിടനിര്മാണത്തിനായെത്തിയ കരാറുകരനെ നാട്ടുകാര്‍ ചേര്‍ന്ന് തിരിച്ചയക്കുകയായിരുന്നു.തന്റെ വീടിന് ഭീഷണിയാവുന്ന വിധത്തില്‍ കെട്ടിടം നിര്‍മാണം നടത്തുകയാണെങ്കില്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ കുടുംബത്തോടൊപ്പം കുടില്‍ കെട്ടി സമരം നടത്തുമെന്ന് റഫീക്കും നാട്ടുകാരം പത്രസമ്മേളനത്തില്‍ പറഞ്ഞു.ടി ഇബ്രാഹിം,വേണുഗോപാല്‍,വി ഇബ്രാഹിം,സി എം ഗോവിന്ദന് നമ്പ്യാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: