മലമ്പുഴ: പാലക്കാട് നഗരസഭയിലേക്കും ഏഴുപഞ്ചായത്തുകളിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്ന മലമ്പുഴ ഡാം പോത്തുകളുടെ വിഹാരകേന്ദ്രം.
ആയിരത്തോളം പോത്തുകളാണ് വരള്‍ച്ചയെ തുടര്‍ന്ന് വെള്ളം വറ്റിയ ഡാമിനകത്ത് നീരാടുന്നത്. മാത്രമല്ല ഭക്ഷണം കിട്ടാതെ പന്ത്രണ്ടോളം പോത്തുകള്‍ ഇതിനിടെ ചത്തു. ഡാമിനകത്തും പരിസരപ്രദേശങ്ങളിലും ഇവയുടെ അഴുകിയ ജഡങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടാണ് മറവുചെയ്തത്.ദുര്‍ഗന്ധം വമിക്കുവാന്‍ തുടങ്ങിയപ്പോഴാണ് നാട്ടുകാര്‍ ഇടപെട്ടത്.
20 ലക്ഷത്തോളം ആളുകള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത് മലമ്പുഴയില്‍ നിന്നാണ്. തമിഴ്നാട്, മണ്ണാര്‍ക്കാട്, മുണ്ടൂര്‍, കഞ്ചിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ലോറികളിലാണ് ഇവയെ ഡാമിനകത്തേക്ക് എത്തിക്കുന്നത്. മഴക്കാലം വരെ പോത്തുകളുടെ തീറ്റയും കുടിയും ഡാമിനകത്താണ്.
കൂട്ടത്തോടെ പോത്തുകള്‍ ഡാമിലിറങ്ങി മണിക്കൂറുകളോളം വെള്ളത്തില്‍ കിടന്ന് കളിക്കും. ഈ കലക്ക വെള്ളമാണ് ശുദ്ധീകരണ പ്ലാന്റിലേക്ക് എത്തുന്നത്. വൈകിട്ടോടെയാണ് ഇവ ഡാമിനകത്തെ തുരുത്തുകളിലേക്ക് മടങ്ങുക. മാസങ്ങള്‍ കഴിഞ്ഞ് ഇവയുടെ ഉടമസ്ഥര്‍ പിടിച്ചുകെട്ടി വില്‍പ്പന നടത്തുകയാണ് പതിവ്.
ഡാമിനകത്ത് പോത്തുകളെ വളര്‍ത്തുന്നത് ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ചത്ത പോത്തുകളെ രാത്രികടത്തി കൊണ്ടുപോയി ഇറച്ചിയാക്കി വില്‍പ്പന നടത്താറുണ്ടെന്നും പറയുന്നു.
നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് ജലസേചനവകുപ്പ് എഞ്ചിനിയറോട് നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡാമിനകത്ത് മേയാന്‍ വിടുന്ന പോത്തുകളെ പിടിച്ചുകെട്ടി ലേലം ചെയ്യുമെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയില്ല. ഒരു മാസം പിന്നിട്ടിട്ടും പോത്തുകള്‍ ഡാമിനകത്ത് വിഹരിക്കുന്നത് അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നു.
അധികൃതരുടെ ഒത്താശയോടെയാണ് ഡാമിനകത്ത് പോത്തുവളര്ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: