കല്‍പ്പറ്റ: ആദിവാസി ഭവനനിര്‍മ്മാണം ട്രൈബല്‍ സൊസൈറ്റികളെ ഏല്‍പ്പിക്കണമെന്ന നിര്‍ദ്ദേശം അട്ടിമറിക്കപ്പെടുകയാണെന്ന് ട്രൈബല്‍ വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ട്രൈബല്‍ സൊസൈറ്റികളെ അവഗണിച്ച് കരാര്‍ ലോബിയെ പ്രോത്സാഹിപ്പിക്കുന്ന അധികൃതരുടെ നടപടികള്‍ക്കെതിരേ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ട്രൈബല്‍ സൊസൈറ്റികള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകള്‍ സംബന്ധിച്ച യാതൊരുവിധ പരാതികളും ഇതുവരെയുണ്ടായിട്ടില്ല. എന്നാല്‍ കരാറുകാര്‍ പാതിവഴിയില്‍ നിര്‍മ്മാണം ഉപേക്ഷിച്ച വീടുകള്‍ നിരവധിയാണ്. ഭവനനിര്‍മ്മാണം തറയിലും ചുവരിലുമൊതുങ്ങിയതിനാല് നരകതുല്യ ജീവിതം നിയിക്കുകയാണ് നിരവധി ആദിവാസി കുടുംബങ്ങള്‍. ഈ അവസ്ഥക്ക് മാറ്റം വരുത്തുന്നതിനാണ് ട്രൈബല്‍ വെല്‍ഫെയര്‍ സൊസൈറ്റികള്‍ക്ക് രൂപം നല്‍കിയത്. എന്നാല്‍ ഉദ്യോഗസ്ഥ കരാര്‍ മാഫിയ ഇത് അട്ടിമറിക്കുകയാണ്. സൊസൈറ്റികള്‍ക്ക് ഫണ്ട് അനുവദിക്കുന്നത് വൈകിപ്പിച്ചും കരാറുകാരുടെ ബില്ലുകള്‍ വേഗത്തില്‍ അനുവദിച്ചുമാണ് ഉദ്യോഗസ്ഥ ലോബി കരാറുകാര്‍ക്ക് ഒത്താശ ചെയ്യുന്നത്. ആദിവാസി ഭവനനിര്‍മ്മാണം ട്രൈബല്‍ സൊസൈറ്റികള്‍ക്ക് മാത്രമായി നല്‍കുന്നതിന് പ്രത്യേക ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ജില്ലാകലക്ടര്‍ക്കും നിവേദനം നല്‍കും. അനുകൂല നടപടിയില്ലെങ്കില്‍ പ്രക്ഷോഭമാരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ. മണി, ഇ.കെ. രാമന്, എന്‍.കെ. ചാമി, സി.കെ. വെള്ളന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: