അഗളി: മണ്ണാര്‍ക്കാട് ആനക്കട്ടി റോഡില്‍ പത്താം മൈലിനു താഴെ മൂന്നാം വളവില്‍ ലോറി തകരാറിലായതിനെ തുടര്‍ന്ന് മൂന്നു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
അഗളിയിലേക്കു സിമന്റുമായി പോയ ലോറിയാണ് ചുരത്തില്‍ കേടായത്. 450 ചാക്കോളം സിമന്റ്ലോറിയിലുണ്ടായിരുന്നു. ഭാരക്കൂടുതല്‍ മൂലം ചുരം കയറിയപ്പോള്‍ ലോറിയുടെ അടിഭാഗം തട്ടിയതാണ് നിന്നു പോകാന്‍ കാരണം.
സംഭവം നടന്നതു രാവിലെയായതിനാല്‍ ഈ ഭാഗത്തേക്കുമുള്ള യാത്രക്കാരുടെ തിരക്ക് ഏറെയായിരുന്നു. എസ്എസ്എല്‍സി പരീക്ഷ നടക്കുന്നതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളും, അധ്യാപകരും ബസുകളില്‍ കുടുങ്ങി. കാറുകള്‍ക്കുപോലും ഇരുവശത്തേക്കും കടന്നു പോകാന്‍ സാധിച്ചില്ല.
നീണ്ട ഗതാഗതതടസ്സത്തെ തുടര്‍ന്നു സംഭവത്തിലിടപ്പെട്ട എംഎല്‍എ എന്‍. ഷംസുദ്ദീന് പരീക്ഷ കേന്ദ്രങ്ങളില്‍ കൃത്യസമയത്തു വിദ്യാര്‍ത്ഥികള്‍ക്കും,അധ്യാപകര്‍ക്കും എത്തിചേരുവാനുള്ള നടപടി സ്വീകരിക്കുവാന്‍ കെഎസ്ആര്‍ടിസി മണ്ണാര്‍ക്കാട് ഡിപ്പോ സ്റ്റേഷന് മാസ്റ്ററോടു ആവശ്യപ്പെട്ടു.
അഗളി,ആനക്കെട്ടി ഭാഗത്തേക്കുള്ള യാത്രക്കാരെ ചുരത്തിനപ്പുറത്തുള്ള ബസുകളിലും,മണ്ണാര്‍ക്കാട് ഭാഗത്തേക്കുള്ള യാത്രക്കാരെ ചുരത്തിന് മുന്‍പുള്ള ബസുകളിലും കയറ്റിയാണ് കെഎസ്ആര്‍ടിസി യാത്ര ക്ലേശം പരിഹരിച്ചത്.
11 മണിയോടുകൂടിയാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. മണ്ണാര്‍ക്കാട് ആനക്കട്ടി റോഡിന്റെ വീതി കുറവ് ഗതാഗത തടസ്സത്തിന് കാരണമാവാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: