പാലക്കാട്: പച്ചക്കറി വില കുതിച്ചുയരുമ്പോഴും പരിഹാരമാര്‍ഗ്ഗം കാണുന്നതില്‍ സര്‍ക്കാര്‍ പരാജയം. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് വിലവര്‍ദ്ധനവിന് കാരണം.
ഇതോടെ കുടുംബ ബജറ്റ് താളം തെറ്റിയതായി വീട്ടമ്മമാര്‍ പറയുന്നു. ഒരാഴ്ച്ചക്കുള്ളില്‍ പ്രധാനപച്ചക്കറി ഇനങ്ങളുടെ വിലയില്‍ ഇരട്ടിയിലധികം വര്‍ധനവാണുണ്ടായത്. പച്ചക്കറി വിലകേട്ടാല്‍ പൊള്ളുന്ന അവസ്ഥയാണ്. തമിഴ്നാട്ടിലെ ഒട്ടന്‍ചത്രം, പഴണി, മധുര, ദിണ്ടിക്കല്‍, സേലം, കര്‍ണ്ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് അധികവും പച്ചക്കറികളെത്തുന്നത്.
കാലവര്‍ഷം ചതിച്ചതോടെ ഡാമുകളിലെയും, ആറുകളിലെയും ജലനിരപ്പ് കുറഞ്ഞത് പച്ചക്കറി കൃഷിക്കാര്‍ക്ക് തിരിച്ചടിയായി. ഉല്‍പ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവിലും കുറവ് വന്നതായി വ്യാപാരികള്‍ പറയുന്നു.
തമിഴ്നാട്ടില്‍ തന്നെ ഇവയ്ക്ക് അഞ്ച് മുതല്‍ ഏഴ് രൂപവരെയാണ് വിലവര്‍ദ്ധിച്ചത്. ഇത് കേരളത്തിലെത്തുമ്പോഴേക്കും ഇരട്ടി വിലയാവുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 10 മുതല്‍ 12 വരെയാണ് പച്ചക്കറികള്‍ക്ക് വിലവര്‍ദ്ധിച്ചത്. കാരറ്റ്, ബീന്‍സ്, വെണ്ടയ്ക്ക എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ വിലവര്‍ധനവ്.
കാരറ്റിന് കിലോയക്ക് 45 രൂപയാണ് വിപണി വില. ബീന്‍സിന് 90 രൂപയും പയര്‍- 45, വെണ്ടയ്ക്കക്ക് 60 രൂപയുമാണ്. പാവക്ക-42, തക്കാളി-32, ബീറ്റ് റൂട്ട് -35, ചെറിയ ഉള്ളി-45, വഴുതന-40 എന്നിങ്ങനെ പോവുന്നു പട്ടിക.അതേസമയം നാടന്‍ പച്ചക്കറികള്‍ക്കും വില വര്‍ദ്ധിച്ചു.
ചിറ്റിലഞ്ചേരി, കൊല്ലങ്കോട്,എലവഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള പച്ചക്കറിക്ക് ആവശ്യക്കാരേറെയുണ്ടെങ്കിലും വരവ് ഗണ്യമായി കുറഞ്ഞു.
വെള്ളക്ഷാമത്തെ തുടര്‍ന്ന് പച്ചക്കറി പള്ളങ്ങള്‍ ഉണങ്ങിപോയതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ലോണെടുത്ത് പാട്ടത്തിനെടുത്ത ഭൂമിയിലാണ് പലരും കൃഷി ആരംഭിച്ചത്. എന്നാല്‍ കാലവര്‍ഷം ചതിച്ചതോടെ ഇവര്‍ കടക്കെണിയിലായി. വിളനാശത്തിനുള്ള സര്‍ക്കാര്‍ ധനസാഹയം ലഭിക്കുമെന്ന ഏകപ്രതീക്ഷമാത്രമാണ് തങ്ങള്‍ക്കുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: