പാലക്കാട്: ഭൂരഹിതരില്ലാത്ത കേരളം പദ്ധതി വഴി അനുവദിച്ച ഭൂമിയില്‍ വിടുവയ്ക്കാനാവാതെ ഗുണഭോക്താക്കള്‍. രാഷ്ട്രീയ മുതലെടുപ്പിന് ജനങ്ങളെ ഇരയാക്കി സര്‍ക്കാരുകള്‍.
ഭൂരഹിത കേരളം വഴി അനുവദിച്ച മൂന്നുസെന്റെ ഭൂമിക്ക് പട്ടയം നല്‍കിയെങ്കിലും പ്രസ്തുത ഭൂമി ഇപ്പോഴും സര്‍ക്കാര്‍ വകുപ്പിന്റെ പേരില്‍. ഇതുസംബന്ധിച്ച് പലവട്ടം ഓഫീസുകള്‍ കയറിയിറങ്ങിയ ഗുണഭോക്താക്കള്‍ വീടെന്ന സ്വപ്നം ഉപേക്ഷിക്കുന്നു. 2014ല്‍ യുഡിഎഫ് സര്‍ക്കാരാണ് ഭൂമി അനുവദിച്ചത്.
എന്നാല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴും പാവങ്ങളോടുള്ള അവഗണന തുടരുന്നു. അധികൃതരുടെ ഭാഗത്തു നിന്നുള്ള വീഴ്ച്ചയാണ് ഇതിനു കാരണമെന്ന ആരോപണവും ഉയര്‍ന്നു.
പട്ടയം ലഭിച്ചിട്ട് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരുടെ മെല്ലപോക്ക് നയം മൂലം വീടുവയ്ക്കാനാവാതെ 36 കുടുംബങ്ങള്‍. അകത്തേത്തറ വില്ലേജിലാണ് 36 കുടുംബങ്ങള്‍ ഒരു തുണ്ടു ഭൂമിക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്നത്.
2014ലാണ് അകത്തേത്തറ എന്‍എസ്എസ് കോളേജിനു സമീപം പാപ്പാടി റോഡിലെ ജലസേചന വകുപ്പിന്റെ സ്ഥലം ഇവര്‍ക്ക് പതിച്ചു നല്‍കിയത്. മൂന്നു സെന്റ് വീതമാണ് 36 കുടുംബങ്ങള്‍ക്കും അനുവദിച്ചത്. തുടര്‍ന്ന് ഇവര്‍ക്ക് പട്ടയവും നല്കി.
എന്നാല്‍ വീടുവയ്ക്കുന്നതിനുള്ള ലോണിനായി അപേക്ഷിച്ചപ്പോള്‍ പ്രസ്തുത ഭൂമിക്ക് നികുതി അടിച്ചതിന്റെ രേഖകള്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് നികുതി അടക്കുന്നതിന് വില്ലേജില്‍ ചെന്നപ്പോഴാണ് അളന്നു തിരിച്ചു നല്കിയ ഭൂമി ജലസേചനവകുപ്പിന്റെ പുറമ്പോക്കുഭൂമിയായാണ് രേഖകളില്‍ ഇപ്പോഴുമുള്ളത്. ഇത് മാറ്റികിട്ടുവാന്‍ ആവശ്യപ്പെട്ട് പലവട്ടം വില്ലേജ് ഓഫീസില്‍ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഗുണഭോക്താക്കള്‍ പറയുന്നു.
താലൂക്ക് ഓഫീസില്‍ അന്വേഷിക്കുവാനായിരുന്നു വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ച മറുപടി. ഇരു ഓഫീസുകളിലും കയറി ഇറങ്ങിയതല്ലാതെ ഒരു ഫലവുമുണ്ടായില്ല. അതേസമയം, വില്ലേജ് രേഖകളില്‍ മാറ്റംവരുത്താന്‍ താലൂക്കോഫീസിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് അകത്തേത്തറ വില്ലേജോഫീസര്‍ പറയുന്നത്.
ഇതില്‍ ചിലര്‍ക്ക് ലോണ്‍ പാസായിട്ടുമുണ്ട്. നികുതി രസീത് ലഭിച്ചാലുടന്‍ ലോണ്‍ ലഭിക്കുമെന്നിരിക്കെ അതിന്റെ കാലാവധിയും അവസാനിക്കാനിരിക്കുകയാണ്. പാപ്പാടി റോഡ് വഴി കോഴിക്കോട് ബൈപ്പാസ് വരുകയാണെങ്കില്‍ ഈ പ്രദേശത്തെ തരിശുഭൂമികള്ക്ക് നല്ല വിലലഭിക്കും.
മാത്രമല്ല 36 വീടുകളുള്ള കോളനി വന്നുകഴിഞ്ഞാല്‍ തൊട്ടടുത്തുള്ള ഭൂമിക്ക് വിലലഭിക്കില്ല എന്നതിനെ തുടര്‍ന്ന് ഭൂമാഫിയകളുടെ ഇടപെടലുകളുണ്ടെന്നും പറയപ്പെടുന്നു.
എത്രയും പെട്ടെന്ന് വില്ലേജ് രേഖകളില്‍ മാറ്റം വരുത്തി ഇവര്‍ക്ക് വീടുകെട്ടുന്നതിനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ബിജെപി അകത്തേത്തറ പഞ്ചായത്ത് കമ്മറ്റി മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: