അഗളി: അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം നവജാത ശിശുമരണം സംഭവിച്ച നരസിമുക്ക് സ്വദേശിനി ശാന്തിയേയും കുടുംബത്തേയും ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ സന്ദര്‍ശിച്ചു. ശാന്തിയില്‍ നിന്നും കുടുംബത്തില്‍ നിന്നും കുഞ്ഞ് മരിക്കാനിടയായ സാഹചര്യങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ കൃഷ്ണകുമാര്‍ കടുത്ത വിളര്‍ച്ച ബാധിതയായ ശാന്തിക്ക് ഗര്‍ഭ കാലയളവില്‍ മതിയായ പരിചരണങ്ങളോ പോഷകാഹാരങ്ങളോ ലഭിച്ചിട്ടില്ല എന്ന് പറഞ്ഞു. ആദിവാസി ഭൂരിപക്ഷ മേഖലയായ അട്ടപ്പാടിയിലേക്ക് വരുന്ന കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ അവരിലേക്ക് എത്തിച്ചേരുന്നില്ല എന്നും ശിശുമരണത്തിന്റെ പേരില്‍ നിരാഹാരം കിടന്ന പാലക്കാട് എം.പി. എം.ബി രാജേഷ്, സ്വന്തം പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തില്‍ വന്നതിന് ശേഷം ശിശുമരണങ്ങള്‍ ഉണ്ടായപ്പോള്‍ മൗനം പാലിക്കുകയാണെന്നും കുറ്റപ്പെടുത്തി.
ആദിവാസി ക്ഷേമത്തിന് വേണ്ടി എത്തുന്ന ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ച് കേന്ദ്ര വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. അട്ടപ്പാടിയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ആദിവാസി വികസനത്തിനുള്ള ഫണ്ടുകള്‍ ബിനാമി കരാറുകാര്‍ക്ക് കൊള്ളയടിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയാണ് എന്നും കൃഷ്ണകുമാര്‍ ആരോപിച്ചു. ബിജെപി.ജില്ല പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ്, സെക്രട്ടറി ബി.മനോജ്, അഗളി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാകേഷ് ബാബു, അഗളി പഞ്ചായത്ത് അംഗം കവിത എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: