കല്‍പ്പറ്റ : പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കണമെന്ന് ഫെറ്റോ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെറ്റോ നടത്തിയ ധര്‍ണ്ണ എന്‍ജിഒ സംഘ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.ടി.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. അധികാരത്തില്‍ എത്തിയാല്‍ പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുമെന്ന് പറഞ്ഞ ഇടതുസര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇടത് സര്‍വ്വീസ് സംഘടനകളും മറ്റ് യുവജനസംഘടനകളും പെന്ഷന് പ്രായം വര്‍ദ്ധിപ്പിക്കാത്തതിന് ന്യായീകരണമായി പറഞ്ഞത് തൊഴിലില്ലായ്മ വര്‍ദ്ധിക്കും എന്നതായിരുന്നു. എന്നാല്‍ വിവിധ വകുപ്പുകളില്‍ ആയിരകണക്കിന് തസ്തികകളാണ് ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എടുത്തുകളഞ്ഞത്. കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് രൂപീകരിക്കുമ്പോള്‍ നിലവിലുള്ള ജീവനക്കാരുടെ പ്രമോഷന് സാധ്യതകളെ ബാധിക്കാതെ പുതിയ തസ്തികകള്സൃഷ്ടിക്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ.ടി.സുകുമാരന്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ ഫെറ്റോ ജില്ലാ പ്രസിഡന്റ് പി.എം.മധു അദ്ധ്യക്ഷത വഹിച്ചു. കെ.വി.അച്ചുതന്, കെ.എം.കുഞ്ഞിക്കണ്ണന്, കെ.ഗോപാലകൃഷ്ണന്, സി.പി.വിജയന്, പി.എം.മുരളീധരന്, കെ.മോഹനന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: