പുല്‍പ്പള്ളി:ചേലക്കൊല്ലി പാമ്പ്ര കോഫി പ്ലാന്റേഷൻസിലെ ജീവനക്കാരുടെ കുടുംബസംഗമം
ഏപ്രിൽ രണ്ടിനു ചേലക്കൊല്ലി ലേബേഴ്സ് ഗ്രൗണ്ടിൽ നടക്കും. ബ്രിട്ടീഷ്
ഉടമസ്ഥതയിലുണ്ടായിരുന്ന ബിബിടിസി കമ്പനിയുടെ കാലംമുതൽ ഇന്നോളമുള്ള
നൂറുകണക്കിനു ജീവനക്കാരുടെ തലമുറകളുടെ സംഗമമാണു നടക്കുക. മൂന്നു
പതിറ്റാണ്ടിലേറെയായി തമ്മിൽ കാണാതിരിക്കുന്നവരുടെ സമാഗമംകൂടിയാകും ഇത്.
കഴിഞ്ഞ ഓഗസ്റ്റിൽ രൂപീകരിക്കപ്പെട്ട പാമ്പ്രാ എസ്റ്റേറ്റ് പാടി ഗ്രൂപ്പ് എന്ന വാട്സാപ്പ് കൂട്ടായ്മയാണു മൂവായിരത്തിലേറെ പേർ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന മേളയിലെത്തിനിൽക്കുന്നതെന്നു ഗ്രൂപ്പ് ചെയർമാൻ കെ.ബി. മനോഹരൻ, ജനറൽ കൺവീനർ അബ്ദുൽ കലാം തൃക്കടാംകുന്ന്, ട്രഷറർ അബ്ദുൽ കബീർ അങ്കത്തിൽ എന്നിവർ അറിയിച്ചു. ബിബിടിസി കമ്പനിയിൽനിന്ന് എഴുപതുകളിൽ എസ്റ്റേറ്റ് ഏറ്റെടുത്ത ഐസക്സ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണു സംഗമം നടക്കുന്നത്. സ്വദേശത്തുള്ളവർക്കുപുറമെ ഇന്ന് ഇവിടെനിന്നുള്ള എഴുപതിലേറെ
പ്രവാസികളുടെകൂടി സഹകരണം സംഗമത്തിനുണ്ട്. ഗ്രൂപ്പിന്റെ നേതൃത്വത്തിൽ
രോഗികളെ സഹായിക്കുന്ന കാരുണ്യനിധിയും സജീവമാണ്.
രണ്ടിനു രാവിലെ എട്ടിനു തുടങ്ങുന്ന സംഗമത്തിന്റെ ഉദ്ഘാടനം 10 മണിക്ക്
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിക്കും. സി.കെ. ശശീന്ദ്രൻ എംഎൽഎ, പൂതാടി
പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യൻ, ഡോ. ജിതേന്ദ്രനാഥ്,
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.ആർ.രവി, ബിന്ദു ദിവാകരൻ, മെംബർമാരായ ഷിജി ഷിബു, സ്മിത സജി തുടങ്ങിയവർ പ്രസംഗിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: