പാലക്കാട്: ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഏറ്റവുമധികം ക്ഷയരോഗികളുള്ളത് ഇന്ത്യയില്‍. രോഗവിമുക്തിയില്‍ ഒന്നാംസ്ഥാനം കേരളത്തിന്. എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികളുടെ അമിതമായ കടന്നുകയറ്റത്തോടെ ക്ഷയരോഗികളുടെ എണ്ണം ഉയരാന്‍ തുടങ്ങിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
പരിശോധനക്ക് വിധേയമാവാന്‍ മടി കാണിക്കുന്നതും, മുടക്കം കൂടാതെ ചികിത്സ പൂര്ത്തിയാക്കാത്തകും ക്ഷയരോഗ നിയന്ത്രണത്തിന് തടസ്സമാവുന്നതായി ജില്ലാ ടി ബി ഓഫീസര്‍ ഡോ.എ.കെ.അനിത പത്രസമ്മേളനത്തില്‍ അറിയിച്ചു. വര്‍ഷം തോറും ജില്ലയില്‍ ക്ഷയ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. 2016ല്‍ 27,233 പേരുടെ കഫം പരിശോധിച്ചതില്‍ നിന്നും 1278 പേര്‍ക്ക് കഫത്തില്‍ അണുക്കള്ക്കുള്ള ക്ഷയരോഗാവസ്ഥ കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ 48പേര് എച്ച് ഐ വി യും ക്ഷയരോഗവും സംയുക്തമായുള്ള രോഗാവസ്ഥയിലുള്ളവരാണ്.
ശ്വാസകോശേതര ക്ഷയരോഗവും കഫത്തില്‍ അണുക്കളില്ലാത്ത ക്ഷയരോഗവും കൂടി കണക്കാക്കിയാല്‍ മൊത്തം 2221 പേര് കഴിഞ്ഞ വര്‍ഷം ജില്ലയില്ക്ഷയ രോഗ ചികിത്സക്ക് വിധേയരായിട്ടുണ്ട്.
ജില്ലയില്‍ 2011ല്‍ 2245 പേര്‍ക്ക് ക്ഷയരോഗം കണ്ടെത്തിയെങ്കില്‍ 2012ല്‍ 2158, 2013ല്‍ 2147, 2014ല്‍ 2289, 2015ല്‍ 2206, 2016ല്‍ 2221 പേര് ക്ഷയരോഗ ബാധിതരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2017ല്‍ മാര്‍ച്ച് മാസത്തില്‍ ഇത് വരെ 323 പേര് ക്ഷയരോഗ ചികിത്സക്കായി എത്തിയിട്ടുണ്ട്. എംഡിആര്‍ടിബി( ഒന്നാം നിര മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതരമായ ക്ഷയരോഗ എണ്ണത്തിലും ജില്ലയില്‍ വര്‍ധവാണ് അനുഭവപ്പെടുന്നത്. 2011ല്‍ 10, 2012ല്‍ 26, 2013ല്‍ 12, 2014ല്‍ 14, 2015ല്‍ 13, 2016ല്‍ 23, 2017ല്‍ മാര്‍ച്ച് ഇത് വരെ ഏഴോളം പേര് ഇത്തരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏഴ് പേരില്‍ രണ്ട് പേര് ചികിത്സ പൂര്‍ത്തിയാക്കുകയും നാലു പേര് മരണമടയുകയും ഒരാള്‍ ചികിത്സ തുടരുകയും ചെയ്യുന്നു. ഈ അവസ്ഥയുടെ ചികിത്സ കാലയളവ് 2430 മാസമാണ്. എട്ട് ലക്ഷത്തോളം ചെലവ് വരുന്ന ഈ ചികിത്സ സൗജന്യമായാണ് നല്കി വരുന്നത്. ക്ഷയരോഗം കണ്ട് പിടിക്കുന്നതിന് ജില്ലാശുപ്ത്രിയില് സിബിനാറ്റ് മെഷീന് സ്ഥാപിച്ചിട്ടുണ്ട്. രണ്ടരമണിക്കൂറിനകം പരിശോധന റിപ്പോര്‍ട്ട് ലഭിക്കും. ക്ഷയരോഗബാധിതര്‍ക്ക് പോഷകാംശമുള്ള ആഹാരം നല്‍കുന്നതിന് ജില്ലാപഞ്ചായത്ത് ഫണ്ട് നല്‍കിയിരുന്നുവെങ്കിലും സാങ്കേതിക തടസ്സത്തെ തുടര്‍ന്ന് നിലവില്‍ നല്‍കുന്നില്ലെന്നും ഇത് രോഗികള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും ടി ബി ഓഫീസര്‍ അറിയിച്ചു.
പാലക്കാട്,ആലത്തൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാമ്പി ജില്ലയില്‍ ആറ് ടിബി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ കീഴില്‍ 44 കഫ പരിശോധന കേന്ദ്രവുമുണ്ട്. പ്രമേഹം, മദ്യപാനം പുകയില ഉപയോഗം എച്ച്ഐവി എന്നീ ഘടകങ്ങള്‍ രോഗ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. പ്രമേഹ രോഗികളില്‍ ക്ഷയരോഗം സാധ്യത വളരെ കൂടുതലാണ്.
അതിനാല്‍ പ്രമേഹ രോഗമുള്ളവര്‍ രോഗ ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. രണ്ടാഴ്ച്ചയോളം നീണ്ടു നില്ക്കുന്ന വിട്ടുമാറാത്ത ചുമയാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതാലായി താമസിക്കുന്ന ജില്ലയില്‍ ഇവര്‍ക്ക് കൂടി പരിശോധന നല്കി രോഗം വ്യാപനം തടയുക എന്നത് ആരോഗ്യ വകുപ്പിന് വെല്ലുവിളിയായ കാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: