കൊല്ലങ്കോട് : പാലക്കാട് – പൊള്ളാച്ചി ബ്രോഡ്ഗേജ് പാതയുടെ പണിപൂര്‍ത്തിയായ ശേഷം 2008-നു മുമ്പുള്ള ട്രെയിനുകള്‍ പോലും അനുവദിക്കാത്തത് ഈ മേഖലയോടുള്ള അവഗണനയാണെന്ന് ബിഡിജെഎസ് നെന്മാറ മണ്ഡലം കമ്മിറ്റിയോഗം കുറ്റപ്പെടുത്തി.
പുതുതായി അനുവദിക്കും എന്നുപറയുന്ന പുനെ-രാമേശ്വരം ട്രെയിനിന് കൊല്ലങ്കോട് സ്റ്റോപ് അനുവദിക്കാത്തതും പ്രതിഷേധാര്‍ഹമാണ്. ഒലവക്കോടിനും പൊള്ളാച്ചിക്കുമിടയില്‍ നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷനാണ് കൊല്ലങ്കോട്(ഊട്ടറ).
മധുര, രാമേശ്വരം, മൂകാംബിക എന്നീ സ്ഥലങ്ങളിലെക്കുള്ള തീര്‍ത്ഥാടകര്‍ക്ക് സ്റ്റോപ്പില്ലാത്തതുമൂലം ഈ ട്രെയിനിന്റെ പ്രയോജനം ലഭിക്കാതെ പോവുന്നു. പ്രസ്തുത റൂട്ടില്‍ യാത്രക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുക, എല്ലാ ട്രെയിനുകള്‍ക്കും കൊല്ലങ്കോട് സ്റ്റോപ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ട്രെയിന്‍ തടയല്‍ ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്കുവാനും യോഗം തീരുമാനിച്ചു.
സംസ്ഥാനവൈസ് പ്രസിഡന്റ് എ.എന്‍.അനുരാഗ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആര്.അരവിന്ദാക്ഷന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിവാകരന്, പവിത്രന് പാലക്കോട്, പി.ഗിരിദാസ്, എ.മോഹനന് പല്ലശ്ശന, സി.രാജേഷ്, എ.അപ്പുണ്ണി, വി.കൃഷ്ണന്, കെ.ഉദയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: