പാലക്കാട്: കഴിഞ്ഞദിവസം ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിനു കീഴില്‍ അട്ടപ്പാടിയില്‍ കുടുംബശ്രീ ആരംഭിക്കുന്ന ജെന്റര്‍ റിസോഴ്സ് സെന്ററിന്റേയും വനിതാദിനാഘോഷത്തിന്റെയും ഉദ്ഘാടനം സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട് നിര്‍വ്വഹിച്ചത് നിയമലംഘനമാണെന്ന് ആരോപണം. അട്ടപ്പാടിയില്‍ കുടുംബശ്രീയുടെ പരിപാടിയാണ് പാര്‍ട്ടി പരിപാടിയാക്കിയത്.കുടുംബശ്രിയുടെ പരിപാടികള്‍ മന്ത്രിമാരോ, ജനപ്രതിനിധികളോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ആവണം ഉദ്ഘാടനം ചെയ്യേണ്ടത് എന്ന നിയമം ലംഘിച്ചായിരുന്നു കഴിഞ്ഞദിവസം പരിപാടി.
ഉദ്ഘാടന വേദിയെ പാര്‍ട്ടി പരിപാടിയുടെ വേദിയാക്കിയായിരുന്നു പ്രസംഗം. സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിക്കൊണ്ടുമാത്രമായിരുന്നു സംസാരം. അതേസമയം അട്ടപ്പാടിയിലെശിശുമരണങ്ങളോ, വാളയാര്‍ അട്ടപ്പള്ളത്ത് രണ്ടു ദളിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവങ്ങളോ ഒന്നും അവര്‍ അവതരിപ്പിച്ചില്ലെന്നും പറയുന്നു.
പരിപാടിയുടെ നോട്ടീസില്‍ മന്ത്രി എ.കെ.ബാലനായിരുന്നു ഉദ്ഘാടകന്‍. വൃന്ദാകാരാട്ട് മുഖ്യാതിഥിയും, എന്‍.ഷംസുദീന്‍ എംഎല്‍എ അധ്യക്ഷനുമായിരുന്നു. എന്നാല്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ മന്ത്രി ബാലന് പങ്കെടുത്തെങ്കിലും ആദിവാസികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണ വകുപ്പ് മന്ത്രിയിലൂടെ തന്നെ പുറത്തായി. മന്ത്രിയുടെ അഭാവത്തില്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് എംഎല്‍എ ആയിരുന്നു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.
എന്നാല്‍ ഇത് ലംഘിച്ചായിരുന്നു സംഘാടകര്‍ വൃന്ദാകാരാട്ടിനെകൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചത്. മാത്രമല്ല വേദിയില്‍ വച്ചുതന്നെ എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ചതായും പറയുന്നു. ജനകീയ പ്രശ്നങ്ങള്‍ക്ക് നേരെ കണ്ണടച്ച് സംസ്ഥാന സര്‍ക്കാരിനെ ന്യായീകരിക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
ഇതിനെതിരെ ശക്തമായ നടപടി വേണെമെന്ന് ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: