ആലത്തൂര്‍:യുവാക്കളുടേയും ക്ലബ്ബിന്റെയും കൂട്ടായ്മയില്‍ ചുണ്ടക്കാട് കൊക്കര്‍ണി പുനരുദ്ധരിക്കുന്നു.കാവശ്ശേരി ചുണ്ടക്കാട് തീപ്പെട്ടി കമ്പനിക്കു മുമ്പിലെ കൊക്കര്‍ണിയാണ് വൃത്തിയാക്കുന്നത്.കഴിഞ്ഞ മൂന്ന് ദിവസമായി യുവാക്കളുടെ നേതൃത്വത്തില്‍ കൊക്കര്‍ണിയിലെ ചളി പുറത്തിടുകയാണ് ചെയ്യുന്നത്.
ചുണ്ടക്കാട് പ്രിയദര്‍ശിനി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബും പ്രദേശത്തെ നാട്ടുകാരും സംയുക്തമായാണ് കൊക്കര്‍ണി നന്നാക്കാന്‍ തീരുമാനിച്ചത്. കാവശ്ശേരി പഞ്ചായത്തും തൊഴിലുറപ്പ് തൊഴിലാളികളും സഹകരിക്കാമെന്ന് ഏറ്റതോടെയാണ് പെട്ടെന്ന് തന്നെ യുവാക്കള്‍ പണി ആരംഭിച്ചത്.ചുണ്ടക്കാട് തന്നെയുള്ള പരേതനായ മന്നം എഴുത്തച്ഛന്റെ ഉടമസ്ഥതയിലുള്ളതാണ് കൊക്കര്‍ണി.ക്ലബ്ബിന്റെ പ്രതിനിധികളും നാട്ടുകാരും ഇദ്ദേഹത്തിന്റെ മകന് മോഹനനെ സമീപച്ചപ്പോള്‍ തന്നെ നാട്ടുകാര്‍ക്ക് വേണ്ടി കൊക്കര്‍ണി അദ്ദേഹം വിട്ടു നല്കി മാതൃക കാണിച്ചു.
കാവശ്ശേരി പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലൊന്നാണ് ചുണ്ടക്കാട് .ഈ പ്രദേശത്തെ പല സ്വകാര്യ കുളങ്ങളും ഉപയോഗ ശൂന്യമായ നിലയിലാണ്. എന്നാല്‍ അവയൊന്നും വിട്ടു നല്കാന് ഉടമസ്ഥര്‍ തയ്യാറാവുന്നില്ല.
ചുണ്ടക്കാട് ഉച്ചാര്കുളം, പാറക്കുണ്ട്,കോക്രാട് കുളം എന്നിവയൊന്നും വിട്ടുതരാന്‍ ഉടമസ്ഥര്‍ തയ്യാറല്ല. ഈ കുളങ്ങള്‍ പഞ്ചായത്ത് ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചുണ്ടക്കാട് കൊക്കര്‍ വൃത്തിയാക്കുന്നതോടെ തീപ്പെട്ടി കമ്പനി, പുഴയ്ക്കല്‍, പ്രിയദര്‍ശിനി ക്ലബ്ബ് പരിസരം എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് വലിയ ഉപകാരപ്രദമാവുമെന്നാണ് കരുതുന്നത്.
നാട്ടുകാരുടേയും ക്ലബ്ബിന്റെയും നീക്കം ഭാവിയിലേക്കുള്ള കരുതലാണെന്നാണ് കരുതുന്നത്.കൊക്കര്‍ണിയില്‍ നിന്ന് കഴിഞ്ഞ മൂന്ന് ദിവസമായി ചളി മാത്രമാണ് വാരിയത്.ചളി കഴിഞ്ഞ ശേഷം തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ചാക്കുകളില്‍ മണ്ണിട്ട് അരികു സംരക്ഷിക്കുന്ന പ്രവര്‍ത്തനം നടത്തും. മഴ പെയ്യുന്നതോടെ കൊക്കര്‍ണി നിറഞ്ഞ് കുടിവെള്ളത്തിനും ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് പുനരുദ്ധാരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: