പാലക്കാട്: പോക്സോ ആക്ട് പ്രകാരം നിര്‍ഭയ ഷെല്‍ട്ടര്‍ഹോമില്‍ നിലനില്‍ക്കുന്ന കേസുകളില്‍ ഉടന്‍ വിചാരണ ആരംഭിച്ച് തീര്‍പ്പാക്കാന്‍ നിയമപരമായ ഇടപെടല്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു. സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിന്റെ വാര്‍ഷിക അവലോകന യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.
സാമൂഹികനീതി വകുപ്പിന് കീഴിലുള്ള നിര്‍ഭയ പദ്ധതി പ്രകാരം ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായ പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്കുന്ന സ്ഥാപനമാണ് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം. പോക്സോ പ്രകാരം കുറ്റകൃത്യത്തിന് ഇരയായ ഷെല്‍ട്ടര്‍ ഹോമില്‍ നിലവിലുള്ളതും പ്രവേശിച്ചശേഷം വിട്ടുപോയതുമായ 45 പേരുടെ കാര്യത്തിലാണ് ജില്ലാ കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.
പോക്സോ ആക്ട് സംബന്ധിച്ചും ലൈംഗികാതിക്രമ പ്രതിരോധം സംബന്ധിച്ചും പൊലീസ്, അധ്യാപകര്‍, സന്നദ്ധസംഘടനകള്‍ വഴി കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള ബോധവത്കരണം ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.അട്ടപ്പാടി മേഖല കേന്ദ്രീകരിച്ചുളള പൊലീസ് വിഭാഗത്തിനും ജില്ലയിലെ അധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇതു സംബന്ധിച്ച് ബോധവത്കരണം നല്‍കും. മാധ്യമങ്ങള്‍ കുട്ടികളായ ഇരകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ അവരെ തിരിച്ചറിയാത്ത വിധം സശ്രദ്ധം നല്‍കണം.
കുറ്റകൃത്യത്തിന് ഇരയായ കുട്ടിക്ക് താത്പര്യമുള്ള ഏതെങ്കിലും വ്യക്തിയുടെ സാന്നിധ്യത്തിലാവണം മൊഴി രേഖപ്പെടുത്തേണ്ടതെന്നും കുട്ടികളെ വൈദ്യ പരിശോധനയ്ക്കും മറ്റും പുറത്ത് കൊണ്ടു പോകുമ്പോള്‍ പൊലീസ് വാഹനം ഉപയോഗിക്കരുതെന്നുമുള്ള നിര്‍ദേശം ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു.
ഇതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമുളള എല്ലാ സഹകരണവും വനിതാ സെല്‍ എസ്.ഐ ഉറപ്പ് നല്കി. കുറ്റകൃത്യത്തിന് ഇരയായവര്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാകുമ്പോള്‍ അവര്‍ക്ക് സ്വകാര്യതയുളള മുറി ലഭ്യമാക്കണമെന്ന നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം അധികൃതരുടെ ആവശ്യം ഉന്നയിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കത്തെഴുതുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കുറ്റകൃത്യങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്നും കുറ്റവാളികള്‍ ഒരിക്കലും രക്ഷപ്പെടാന്‍ ഇടവരരുതെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ പറഞ്ഞു.
കുറ്റകൃത്യം സംബന്ധിച്ച വിവരം ലഭിക്കുന്ന പക്ഷം പൊലീസ് പ്രാഥമിക നടപടികള്‍ക്ക് ശേഷം ആ വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജില്ലാ ശിശുസംരക്ഷണ യൂനിറ്റ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി മുന്‍പാകെ അറിയിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് ഫാദര്‍ ജോസ് പോള്‍ അറിയിച്ചു.
ജില്ലാ കലക്ടറുടെ ചേബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ്ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ എം. തുഷാര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.ആന്ദന്, നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം ഡയറക്ടര്‍ പി.ഇ ഉഷ, വനിതാ സെല്‍ എസ്. ഐ വി.ആര് ബേബി, ഡി.വൈ.എസ്.പി പി.വി ശശി,ചൈല്‍്ഡ് ലൈന്‍ ഡയറക്ടര്‍ പി.ജോര്‍ജ്ജ് മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: