പാലക്കാട്: മാലിന്യ സംസ്കരണത്തിനും വികസനത്തിനും,ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഊന്നല്‍ നല്കി പാലക്കാട് നഗരസഭാ ബജറ്റ്. കേരളത്തില്‍ ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്. അതുകൊണ്ടുതന്നെ വികസനത്തിന് മുന്‍തൂക്കം നല്കിയ ബജറ്റാണ് വൈസ് ചെയര്‍മാനും ധനകാര്യസ്റ്റാന്റിംഗ് കമ്മറ്റിചെയര്‍മാനുമായ സി.കൃഷ്ണകുമാര്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി സെക്രട്ടറി ഇല്ലെങ്കിലും നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാതെ കൊണ്ടുപോകുന്നതില്‍ വന്‍ വിജയം വരിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിച്ചുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്. 259,66,38,286 രൂപ വരവും, 248,75,98,335രൂപ ചിലവും,9,35,89,951 രൂപ നീക്കിയിരിപ്പുമായി ബിജെപി ഭരണസമിതിയുടെ ബജറ്റ് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരത്തിന്റെ അടിസ്ഥാന സൗകര്യവികസനം സാധ്യാമാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് പരിശീലിനം നേടിയ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥലം മാറ്റിയത് പദ്ധതി അട്ടിമറിക്കാനാണ്. സംസ്ഥാന സര്‍ക്കാര്‍ അമൃത് പദ്ധതിക്കായി ഇതുവരെ 5.78 ലക്ഷം രൂപ മാത്രമാണ് നഗരസഭക്ക് നല്‍കിയിട്ടുള്ളത്.
76 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ഒലവക്കോട് രമാദേവി നഗറിലേയും ഈശ്വര്‍ ഗാര്‍ഡന്‍സിലെയും പാര്‍ക്കുകളുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. ഒരു കോടി രൂപ ചിലവഴിച്ചുള്ള കോട്ടമൈതാനം സൗന്ദര്യവത്ക്കരണത്തിന്റെ ആദ്യഘട്ട പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി.
പ്രധാനമന്ത്രിയുടെ എല്ലാവര്ക്കും വീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 625 പേരുടെ ആദ്യഘട്ട ലിസ്റ്റ് തയ്യാറാക്കിയതില്‍ നിന്ന് കൃത്യമായ രേഖകള്‍ സമര്‍പ്പിച്ച 103 പേര്‍ക്ക് ആനുകൂല്യം നല്കി.എന്‍യുഎല്‍എം പദ്ധതിയുടെ ഭാഗമായി 628 തെരുവോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്കി.മാസറ്റര്‍ പ്ലാനിന്റെ കരട് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത് വലിയൊരു നേട്ടമാണ്.സ്വച്ഛ്ഭാരത് പദ്ധതിയില്‍ കക്കൂസ് ഇല്ലാത്ത 500 പേര്‍ക്ക് നിര്‍മ്മിക്കാനുള്ള ധനസഹായംനല്കി.
ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ബൈപ്പാസ് റോഡുകളുടെ നിര്‍മ്മാണം ത്വരിതപ്പെടുത്തും. കല്‍വാക്കുളം ബൈപ്പാസ് നിര്‍മ്മാണത്തിന് സ്ഥല ഉടമകളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സൗജന്യമായാണ് സ്ഥലം വിട്ടുനല്‍കിയത്. ജനന മരണ സെക്ഷനില്‍ ടോക്കണ്‍ സംവിധാനം, ട്രച്ച് സ്ക്രീന്‍, ഇ പേ മെന്റ് സംവിധാനവും, സൈപ്വിംഗ് മെഷിനും സ്ഥാപിച്ചു.
പെന്ഷന് ഫണ്ടിനത്തില്‍ 12 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നഗരസഭക്ക് നല്‍കാനുള്ളത്. റഗുലര്‍ ജീവനക്കാരുടെയും കണ്ടിജന്റ് ജീവനക്കാരുടെയും 2006 മുതല്‍ ഉള്ള ക്ഷാമബത്ത പിഎഫില്‍ ലയിപ്പിക്കേണ്ടത് നഗരസഭക്ക് ബാധ്യതയാണ്. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് സുല്‍ത്താന്‍പേട്ടയിലെ കനറാ ബാങ്ക് കെട്ടിടം, സ്റ്റേഡിയം സ്റ്റാന്റിന്റെ രണ്ടാംഘട്ടം,പിഡിഎ കോംപ്ലക്സിന്റെ പൂര്‍ത്തീകരണം, മണലിയിലെ ഷോപ്പിംഗ് കോംപ്ലക്സ്, ഒലവക്കോട് കംഫര്‍ട്ട് സ്റ്റേഷന് ആന്റ് ഡോര്‍മിറ്ററി എന്നീ പദ്ധതികളുടെ രൂപരേഖകള്‍ തയ്യാറാക്കല്‍ പൂര്‍ത്തിയാവുന്നു.
നഗരത്തിലെ ശുദ്ധജല വിതരണത്തിനായി 67.33 കോടി രൂപ ,അഴുക്കുചാലുകള്‍ നിര്‍മ്മാണത്തിന് 17.62 കോടി, യാക്കര പുഴക്ക് സമീപം ബോട്ട് സര്‍വ്വീസ്, ആറ് പുതിയ പാര്‍ക്ക് നിര്‍മ്മാണം, ഗവ.മെഡിക്കല്‍ കോളേജിന് സമീപവും കറുകോടി എന്നിവിടങ്ങളില്‍ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ക്ക് 10 കോടിയും വകയിരുത്തും.
ഇന്ദിരാഗാന്ധി സ്റ്റേഡിയം നിര്‍മ്മാണത്തിന് 10 കോടിയും, അറവുശാല നവീകരണത്തിന് മൂന്നുകോടിയും,ഖരമാലിന്യ സംസ്കരണ പ്ലാന്റ് നവീകരണത്തിന് ആറുകോടി രൂപയും വകയിരുത്തും. ജില്ലാ ആശുപത്രി,ശങ്കുവാര്തോട്,നഗരസഭാ ഓഫീസ് എന്നീസ്ഥലങ്ങളില്‍ അഞ്ച് കോടി രൂപ ചിലവില്‍ മലിനജല സംസ്ക്കരണ പ്ലാന്റ് നിര്‍മ്മിക്കും.
യാക്കരയില്‍ രണ്ട് കോടി രൂപയുടെ വര്‍ക്കിംഗ് വിമണ്‍സ് ഹോസ്റ്റല്‍ നിര്‍മ്മിക്കും. നഗരസഭാ ഓഫീസും, നഗരസഭക്കു കീഴിലുള്ള സ്ഥാപനങ്ങളും പ്രകൃതി സൗഹാര്ദ്ദമാക്കും.നഗരസഭാ ഓഫീസ് അനക്സ് നിര്‍മ്മാണം അഞ്ച് ലക്ഷം ലിറ്റര്‍ മഴവെള്ള സംഭരണി ഉള്‍പ്പെടെ പ്രകൃതി സൗഹൃദകെട്ടിടത്തിന് ഒരു കോടി രൂപ വകയിരുത്തും.
ചികിത്സാ ചെലവ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ആശ്വാസമായി ചുരുങ്ങിയ ചെലവില്‍ രക്തപരിശോധന ഉള്‍പ്പെടെയുള്ളവ നടത്തുന്നതിന് പരിശീലനം സിദ്ധിച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി ജനനിലാബ് ആരംഭിക്കും
നഗരസഭാ പ്രദേശത്ത് അളുക്കുചാലിന്റെ പൊട്ടിയ കവറിംഗ് സ്ലാബ് മാറ്റല്‍, റോഡുകളിലെ ഓട്ടയടക്കല്‍ എന്നിവക്ക് ക്വിക്ക് റിപ്പയര്‍ സംവിധാനം ഏര്‍പ്പെടുത്തും. മെയ് മാസത്തില്‍ വിവിധ അപേക്ഷകളിലും പരാതികളിലും തീര്‍പ്പു കല്പ്പിക്കാന് അദാലത്തുകള്‍ സംഘടിപ്പിക്കും.
പാലക്കാട്: ബി ജെ പി നേതൃത്വത്തിലുള്ള ഭരണം ആരംഭിച്ചതുമുതല്‍ മുതല്‍ നഗരസഭയെ നക്കിക്കൊല്ലുന്ന നയമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ബജറ്റവതരിപ്പിച്ചു കൊണ്ട് വൈസ് ചെയര്മാന് സികൃഷ്ണകുമാര്‍ പറഞ്ഞു. സെക്രട്ടറിയെ നിയമിക്കാതെ ഭരണം പ്രതിസന്ധിയിലാക്കാനാണ് ഇടതു സര്‍ക്കാര്‍ തുനിയുന്നത്. ബജറ്റ് അവതരണത്തിനിടെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ച് ഇറങ്ങിപോയി. അതേസമയം സിപിഎം കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോക്കില്‍ പങ്കെടുത്തില്ല.
ബജറ്റിന്മേല് നടന്ന ചര്‍ച്ചയില്‍ കൂടുതല്‍ മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങളില്‍ സിസിടിവി സ്ഥാപിക്കണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. പിഎംഎവൈ പദ്ധതിയില്‍ ഏകജാലകം കൊണ്ടുവരണം, മന്തുരോഗം തടയുന്നതിന് കൊതുകു നശീകരണത്തിന് പദ്ധതി ആവിഷ്ക്കരിക്കണം എന്നീ ആവശ്യങ്ങളും ഉയര്‍ന്നു. റബ്ബറൈസ് റോഡ് നിര്‍മ്മാണത്തിന് അതുമായി ബന്ധപ്പെട്ട പ്ലാനുകളും മറ്റും നല്കിയാല് ഫണ്ട് അനുവദിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞതായി കൗണ്‍സിലര്‍ എന്‍.ശിവരാജന് വ്യക്തമാക്കി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്റ്റേഡിയം ബസ് സ്റ്റാന്റ് നിര്‍മ്മാണത്തിനായി രണ്ട് ഏക്കര്‍ സ്ഥലം മാറ്റി വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മേലാമുറി -ടിബി റോഡ് ബൈപ്പാസ് നിര്‍മ്മാണത്തിന് കുറച്ച് സ്ഥലം കൂടെ ഏറ്റെടുക്കണമെന്നും നഗരസഭക്ക് നല്‍കാനുള്ള 12 കോടി രൂപ നേടിയെടുക്കുന്നതിന് ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്റെ നേതൃത്വത്തില്‍ എല്ലാ കൗണ്‍സിലര്‍മാരും സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യഗ്രഹമിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നഗരസഭാ പരിധിയിലെ കേബിള്‍ കണക്ഷനുമായി ബന്ധപ്പെട്ട് ഫീസ് ഈടാക്കിയാല്‍ നഗരസഭയുടെ വരുമാനം ഉയര്ത്താനവുമെന്നും ഇത് ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്നും ശിവരാജന് ആവശ്യപ്പെട്ടു. നഗരസഭയുടെ സ്ഥലമായ ഐഎംഎ ഹാള്‍ തിരിച്ചുപിടിക്കണമെന്ന് കൗണ്‍സിലര്‍ വി.നടേശന് പറഞ്ഞു. ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് അധ്യക്ഷതവഹിച്ചു.
കൗണ്‍സിലര്‍മാരായ കുമാരി,രാമദാസ്, പി.സാബു,ഷുക്കൂര്‍, പി.സ്മിതേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: